മാനസിക വൈകല്യമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഇതിനുമുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്രേണിയില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള കഥാപാത്രം ലോഹിതദാസ് എഴുതി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന് നായരാണ്. സൂക്ഷ്മാഭിനയത്തിന്റെ മകുടോദാഹരണങ്ങളില്‍ ഒന്നുകൂടിയാണത്. റോഷാക്ക് കണ്ടിറങ്ങുമ്പോള്‍ ലൂക്ക് ആന്റണി, വിദ്യാധരന്നായരെക്കാള് ഒരു പടി മുന്നിലാണെന്ന് പറയേണ്ടിവരും. ഒരു അഭിനേതാവെന്ന നിലയില്‍ തന്നെത്തന്നെ നവീകരിക്കുന്ന അഭിനയാനുഭവമാണത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അഭിനയത്തിന്റെ പുനര്‍ നിര്‍മ്മിതി (Reconstruction of Acting). ക്ലോസപ്പ് ഷോട്ടുകളിലും ആ കലര്‍പ്പില്ലായ്മ കാണാം. അടിസ്ഥാനപരമായി മമ്മൂട്ടി ഒരു സ്റ്റേജ് പെര്ഫോര്മറല്ല. എന്നിട്ടും സ്റ്റേജിന്റെ പരിപക്വമായ ശരീരചലനങ്ങളിലൂടെയാണ് ലൂക്ക് ആന്റണി ജീവിക്കുന്നത്. ആക്ടിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാന്തരം റഫറന്‍സ് കൂടിയാണത്. ഹാറ്റ്സ് ഓഫ് മമ്മൂട്ടി.
സീത, ബിന്ദുപണിക്കരാണെന്ന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ലൂക്കും സീതയും മുഖാമുഖം വരുന്ന ഒരു രംഗമുണ്ട്. കണ്ണും കവിളും പുരികവും കൊണ്ടുമാത്രം അവര്‍ ദൃശ്യഭാഷ ചമയ്ക്കുകയാണ്. അസ്വാഭാവികമായ നേരിയ ചലനംപോലും അവര്‍ക്കിടയില്‍ അരിഞ്ഞ് കൃത്യതപ്പെടുത്തിയിരിക്കുന്നു. ലൂക്ക് ആന്റണിയില്‍ തുടങ്ങുന്ന ആ ഊര്‍ജ്ജ പ്രസരണം സീതയിലൂടെ മാത്രമല്ല, അഷ്റഫിലൂടെയും (ജഗദീഷ്) സുജാതയിലൂടെയും (ഗ്രേസ് ആന്റണി) ശശാങ്കനിലൂടെയും (കോട്ടയം നസീര്‍) സതീശനിലൂടെയും (ഷറഫുദ്ദീന്) കടന്ന് ശൂന്യതയില്‍ ലയിക്കുന്നു…
പരിമിതമായ സ്വരൂപങ്ങളാണ് കഥകള്‍ക്കുള്ളത്. കഥ പറയുന്ന രീതിയില്‍ അവയെ വ്യത്യാസപ്പെടുത്താമെന്നുമാത്രം. കെട്ട്യോളാണ് എന്റെ മാലാഖയിലെ കഥപറച്ചില്‍ രീതിയല്ല റോഷാക്കിലേത്. അങ്ങനെയും പറയാമായിരുന്നു. അതൊരു സാധാരണ ദൃശ്യാനുഭമാകും. പകരം റോഷാക്ക് വളഞ്ഞുപുളഞ്ഞ് ഒഴുകുകയാണ്. പാശ്ചാത്യ സിനിമകളുടെ സ്വാധീനം അതില്‍ തെളിഞ്ഞ് കാണാമെങ്കിലും പ്രേക്ഷകരെ സ്പര്‍ശിക്കുന്ന, പരസ്പരം ഘടിപ്പിക്കുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങളും ആ ചിത്രത്തിലുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ നിസാം ബഷീറിനെ വ്യത്യസ്തപ്പെടുത്തുന്നതും അതാണ്. നട്ടെല്ലിന്റെ ഉറപ്പുള്ള ഒരു തിരക്കഥയും (തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്‍) നിസാം ബഷീറിനെ പിന്തുണയ്ക്കാനുണ്ടായിരുന്നു.
വൈഡ് ഫ്രെയിമിനെക്കാളും ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് റോഷാക്ക് കൂടുതലും സഞ്ചരിക്കുന്നത്. ദൃശ്യഭംഗിയെ കെടുത്തേണ്ട ഇടങ്ങളാണത്. എന്നിട്ടും രണ്ടിനേയും കൃത്യമായി സമന്വയിപ്പിക്കുന്നുമുണ്ട് നിമീഷ് രവി എന്ന സിനിമാട്ടോഗ്രാഫര്‍. കഥയ്ക്കൊപ്പം സഞ്ചരിക്കുന്ന മനോഹരമായ പശ്ചാത്തല സംഗീതമാണ് (നിഥിന് മുകുന്ദന്) റോഷാക്കിനെ മുഷിച്ചിലില്ലാതെ മുന്നോട്ട് നയിക്കുന്നത്.
ചുരുക്കത്തില്‍ റോഷാക്കിനെ ഇങ്ങനെ സംഗ്രഹിക്കാം. ഇതിനുമുമ്പും നിരവധി പരീക്ഷണ ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അതിന്റെ ഉന്നത ശ്രേണിയില്തന്നെയാണ് റോഷാക്കിന്റെ സ്ഥാനം.
കെ. സുരേഷ്
Recent Comments