നയന്‍താര വിഘ്നേശ് ശിവന് ദമ്പതികള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നിരിക്കുന്നു. അതും ആണ്‍കുട്ടികള്‍. ഈ സന്തോഷവാര്‍ത്ത ആദ്യം പുറംലോകത്ത് എത്തിച്ചതും വിഘ്നേശ് തന്നെയായിരുന്നു.
‘നയനും ഞാനും അമ്മയും അച്ഛനും ആയി’ എന്നു തുടങ്ങുന്ന വിഘ്നേശിന്റെ ഇന്‍സ്റ്റഗ്രാമിലെ വരികള്‍ അവസാനിക്കുന്നത് ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണമെന്നാണ്.’
ആയിരക്കണക്കിന് ആളുകളാണ് അവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്. കൂട്ടത്തില്‍ രക്തം കുടിക്കുന്ന കൊതുകുകളുമുണ്ട്. അവര്‍ക്കറിയേണ്ടത് നയന്‍താരയ്ക്ക് എങ്ങനെ ദിവ്യഗര്ഭമുണ്ടായെന്നാണ്. ആഗസ്റ്റ് മാസത്തില്‍ നയന്‍താര പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോ റീ പോസ്റ്റ് ചെയ്തിട്ട് ഇതില്‍ എവിടെയാണ് നയന്‍താര ഗര്‍ഭിണിയായതിന്റെ സൂചനകളുള്ളതെന്നാണ് അവരുടെ ചോദ്യം. അവര്‍ വാടക ഗര്‍ഭം തേടിപ്പോയതിനെയും ചിലര്‍ കണക്കറ്റ് ആക്ഷേപിക്കുന്നുണ്ട്.
അത്ഭുതം തോന്നുന്നത്, ഒരാളുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞുനോക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ആര് തന്നുവെന്നതാണ്. ഏത് സ്വാതന്ത്ര്യവും വാതില്‍പ്പടിക്ക് പുറത്ത് നില്‍ക്കണം.
നയന്‍താരയെയും വിഘ്നേശിനെയും സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളാണിത്. അവര്‍ക്ക് രണ്ട് പൊന്നോമനകള്‍ ജനിച്ചിരിക്കുന്നു. അത് ഏത് രീതിയിലെന്നുള്ളത് അവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. കാരണം അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ നമുക്കറിയില്ല. അറിഞ്ഞാല്‍ തന്നെ അതിലിടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കാനും നമുക്കാവില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും നയന്‍താരയ്ക്കും വിഘ്നേശിനും തന്നെയാണ്. അത് അവര്‍തന്നെ തീര്‍ത്തുകൊള്ളും. അതിനപ്പുറം സമൂഹമാധ്യമങ്ങളിലൂടെ എന്തും വിളിച്ചുപറയാനുള്ള ധാര്‍ഷ്ട്യമുണ്ടല്ലോ, അത് മനോരോഗത്തിന്റെ ലക്ഷണമാണ്. ഭീരുക്കളുടെ പൊതുസ്വഭാവമാണ്.
അല്ലെങ്കിലും കരിയറില്‍ ഉടനീളം ഇത്രയേറെ വേട്ടയാടപ്പെട്ട ഒരു അഭിനേത്രി നയന്‍താരയോളം വേറെ ഉണ്ടാകില്ല. അവര്‍ മാധ്യമങ്ങളില്‍നിന്ന് അകന്ന് നില്‍ക്കാനുള്ള കാരണവും മറ്റൊന്നല്ല. എന്തും ഏതും വാര്‍ത്തയാക്കുന്ന ഇക്കാലത്ത് ഒരാള്‍ക്ക് സന്തോഷം നല്കാനായില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരുന്നുകൂടെ. ചുരുങ്ങിയപക്ഷം ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും നയന്‍താരയെ വെറുതെ വിട്ടേക്കൂ.
Recent Comments