റഹ്മാനെ വിളിക്കുമ്പോള്‍ ചെന്നൈയില്‍ അണ്ണാനഗറിലുള്ള വീട്ടിലായിരുന്നു അദ്ദേഹം. വര്‍ക്കൗട്ട് ഒക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം.
‘കൂടെവിടെ’യുടെ വിശേഷങ്ങള്‍ അറിയാനാണ് വിളിച്ചത്. ഇക്കഴിഞ്ഞ 21 ന് കൂടെവിടെ പുറത്തിറങ്ങിയിട്ട് 37 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. റഹ്മാന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 37 വര്‍ഷങ്ങളാകുന്നു എന്നും അതിനര്‍ത്ഥമുണ്ട്. അരങ്ങേറ്റ സിനിമയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും റഹ്മാന് സ്വന്തമാക്കിയിരുന്നു. അന്നത്തെ പ്രീഡിഗ്രിക്കാരന്റെ അരങ്ങേറ്റനിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇന്നലെ നടന്നതുമാതിരിയാണ് അദ്ദേഹം എല്ലാം ഓര്‍ത്ത് പറഞ്ഞത്.
അന്ന് എന്റെ പന്ത്രണ്ടാംക്ലാസ് പരീക്ഷ തീരുന്ന ദിവസമായിരുന്നു. കുറച്ചകലെയുള്ള മറ്റൊരു സ്കൂളാണ് എക്സാം സെന്റര്‍. പരീക്ഷ കഴിഞ്ഞയുടനെ കൂട്ടുകാരോടൊപ്പം ഊട്ടി മുഴുവനും കറങ്ങിനടന്നു. ശരിക്കും ഒരു ഹാങ്ഔട്ട്. ബോര്‍ഡിംഗില്‍നിന്ന് പഠിക്കുന്ന കുട്ടികളല്ലേ. വല്ലപ്പോഴുംമാത്രമാണ് ഇങ്ങനെ ചില അവസരങ്ങള്‍ തുറന്നുകിട്ടുന്നത്. അത് ശരിക്കും വിനിയോഗിച്ചു. രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു ഞങ്ങള്‍ ബോര്ഡിംഗിലെത്തുമ്പോള്. പാത്തും പതുങ്ങിയുമാണ് ഉള്ളില്‍ കയറിയത്. എത്തിയ ഉടനെ കൂട്ടുകാരൊക്കെ ആവേശത്തോടെ തിരക്കിയത് ഞങ്ങള്‍ ഇത്രയുംനേരം എവിടെയായിരുന്നുവെന്നാണ്. എന്നെ തിരക്കി ഒന്നുരണ്ടു പേര് വന്നിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അങ്കിള്‍ വന്നതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.
അന്ന് ഞങ്ങള്‍ സന്തോഷത്തോടെ കിറന്നുറങ്ങി. അതിരാവിലെ ഒരു സ്വപ്നം കണ്ടു. ഞാന്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. അതില്‍ ഒരു മദാമ്മ എന്നെ ഉമ്മ വയ്ക്കുന്ന രംഗം കണ്ടിട്ടാണ് ഞെട്ടിയുണര്‍ന്നത്. അടുത്ത കട്ടിലില്‍ കിടന്ന കൂട്ടുകാരോടൊക്കെ ഞാന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. ചിലര്‍ കളിയാക്കി. മറ്റുചിലര്‍ പ്രോത്സാഹിപ്പിച്ചു.
ഡോര്‍മിറ്ററിയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒരു നിലക്കണ്ണാടിയാണ് ഉള്ളത്. അതിനുമുന്നില്‍ ഷേവ് ചെയ്യാനുള്ള ക്യൂവിലായിരുന്നു ഞാനും. ഫോമൊക്കെ താടിയില്‍ തേച്ചുള്ള നില്‍പ്പാണ്. അപ്പോഴാണ് വാര്ഡന് വന്നത്. പ്രിന്‍സിപ്പാള്‍ വിളിക്കുന്നുവെന്നു പറഞ്ഞു. ഷേവ് ചെയ്തിട്ട് വരാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഫോമെക്കെ തുടച്ചുമാറ്റി പ്രിന്‍സിപ്പാളിന്റെ റൂമില്‍ ചെന്നു.
അവിടെ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. എനിക്ക് ആളെ മനസ്സിലായില്ല. അദ്ദേഹം എന്നെ സ്വയം പരിചയപ്പെടുത്തി. നടന് ജോസ്പ്രകാശിന്റെ മകന് രാജന് ജോസഫാണെന്ന് പറഞ്ഞു. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. സിനിമയെന്ന് കേട്ടപ്പോള്‍ എന്നെക്കാള്‍ താല്‍പ്പര്യം കാട്ടിയത് ഫാദര്‍ എബ്രഹാം ജോസഫായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെ പ്രിന്‍സിപ്പാള്‍. സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്ത്ഥിയാണെന്നൊക്കെ എന്നെക്കുറിച്ച് പ്രിന്‍സിപ്പാള്‍ അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു.
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും എന്റെ ശ്രദ്ധ സ്കൂളിന് പുറത്ത് കിടന്ന വെളുത്ത അംബാസിഡര്‍ കാറിലായിരുന്നു. ഊട്ടിയിലെ സ്റ്റാറായിരുന്നു അക്കാലത്ത് ആ വെള്ള അംബാസിഡര്‍ കാര്‍. പുറത്തുനിന്ന് നോക്കിയാല്‍ അതിന്റെ വീല്‍ പോലും കാണാനാകാത്ത വിധം സുന്ദരമായ പുറംമോടി അതിനുണ്ടായിരുന്നു. ആ കാര്‍ കടന്നുപോകുമ്പോള്‍ ആരും അതിനെയൊന്ന് കണ്ണു വയ്ക്കാതെ വിടില്ല. ആ കാറിലാണ് എന്നെത്തേടിയെത്തിയിരിക്കുന്ന അതിഥി വന്നിരിക്കുന്നതെന്നും മനസ്സിലായി.
അഭിനയിക്കുന്നതില്‍ എനിക്ക് ഇഷ്ടക്കുറവൊന്നുമില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം എന്നോട് ഹോട്ടല്‍വരെ വരാമോയെന്ന് ചോദിച്ചു. സംവിധായകന് ഒന്ന് കാണണം. ഞാന്‍ തയ്യാറായി. അദ്ദേഹം എന്നെ കാറിനടുത്തേയ്ക്ക് കൊണ്ടുപോയി. ഡ്രൈവര്‍ ഡോര്‍ തുറന്നുതന്നു. ഞാന്‍ അപ്പോള്‍തന്നെ നടനാകാന്‍ തുടങ്ങുകയായിരുന്നു. കുട്ടികളെല്ലാം അന്തംവിട്ട് നില്ക്കുന്നു. ഞാന്‍ അവര്‍ക്കുനേരെ കൈ വീശിക്കാട്ടി.
നടന്നുപോകാവുന്ന ദുരമേ ഹോട്ടലിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും കാറിലാണ് പോയത്. ആ കാര്‍ യാത്ര ആസ്വദിച്ചത് ശരിക്കും ഞാനാണ്. ഫ്ളോ ഗിയറും ബക്കറ്റ് ചെയറുമൊക്കെയായി ഗംഭീരമായിരുന്നു അതിനകം. കാസറ്റ് പ്ലെയറൊക്കെ കാറിന്റെ ടോപ്പിലായിരുന്നു. ഒരു പ്ലെയിനില്‍ ഇരിക്കുന്ന പ്രതീതിയായിരുന്നു എനിക്ക് അപ്പോള്‍.
കാറ് ചെന്നുനിന്നത് ഊട്ടിയിലെ പ്രശസ്തമായ ബൃന്ദാവന്‍ ഹോട്ടലിലാണ്. എന്നെ മുറിയിലേക്ക് കൊണ്ടുപോയി. ചായയും ബിസ്കറ്റുമൊക്കെ തന്നു. ഹോസ്റ്റലിലെ ദാരിദ്ര്യമായ മെനു ആസ്വദിച്ച എനിക്ക് അവയൊക്കെ രുചികരങ്ങളായിരുന്നു. ഞാന്‍ ശരിക്കും ആസ്വദിച്ചു. പെട്ടെന്ന് എനിക്ക് ചുറ്റും കുറേ ആളുകള്‍ തടിച്ചുകൂടി. എല്ലാവര്ക്കും താടിയും മീശയും ഉണ്ടായിരുന്നു. അതിലൊരാള്‍ എന്നോട് ഇംഗ്ലീഷില്‍ സംസാരിച്ചു. റാഷിന് റഹ്മാന് എന്നല്ലേ പേരെന്ന് ചോദിച്ചു. രണ്ടോമൂന്നോ ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്നും അതിനുവേണ്ടി സമയം കണ്ടെത്താന്‍ കഴിയുമോയെന്ന് അന്വേഷിച്ചു. എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാറ്റിനും തലയാട്ടി സമ്മതം മൂളി. ഇതിനിടെ ജൂസ് വന്നു. അതും ഞാന്‍ ആസ്വദിച്ച് കുടിച്ചു. അവിടെവച്ചാണ് ഞാന്‍ മനുവിനെ കാണുന്നത്. തിരുവനന്തപുരത്തുനിന്ന് വന്ന പയ്യനാണ്. അവിടെ അടുത്ത് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഹോട്ടലിന് പുറത്തിറങ്ങുമ്പോള്‍ രണ്ട് ചെറിയ കുട്ടികള്‍ കളിക്കുന്നു. അവരാണ് പില്ക്കാലത്ത് പ്രശസ്തരായിത്തീര്‍ന്ന തിരക്കഥാകൃത്തുക്കള്‍, സഞ്ജയും ബോബിയും.
അവിടുന്നിറങ്ങുമ്പോള്‍ ഒരു കാര്യംകൂടി ആരോ എനിക്ക് പറഞ്ഞുതന്നു. എന്നോട് സംസാരിച്ച ആ താടിവച്ച മനുഷ്യനായിരുന്നു സംവിധായകന് പത്മരാജന്.
ആ വെള്ള അംബാസിഡര്‍ കാറില്‍തന്നെ അവരെന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കി. വീണ്ടുമൊരിക്കല്‍കൂടി അവര്‍ എന്നെ തേടിവന്നു. ഇത്തവണ വിളിച്ചുവരുത്തിയത് കുറച്ച് കൂടുതല്‍ ദിവസം അവിടെ തുടരണമെന്ന് പറയാനാണ്. ഹോം സിക്ക്നസ് കാരണം മനു മടങ്ങിയതിനാല്‍ അയാള്‍ ചെയ്യേണ്ട വേഷം എനിക്ക് തരികയാണെന്നും വളരെ ടഫായ ഒരു വിദ്യാര്‍ത്ഥിയുടെ ക്യാരക്ടറാണെന്നുമൊക്കെ പറഞ്ഞു. അവിടെവച്ചാണ് റാഷിന് റഹ്മാന് എന്ന എന്റെ പേര് റഹ്മാനായി പത്മരാജന്‍സാര്‍ ചുരുക്കിയത്.
15 ദിവസം കഴിഞ്ഞ് അബുദാബിയിലേയ്ക്ക് മടങ്ങേണ്ട ആളാണ് ഞാന്‍. അതുകൊണ്ട് പേരന്റ്സിനെ വിളിച്ച് അനുവാദം തേടണമെന്നും അദ്ദേഹം പറഞ്ഞു. അന്നൊരു ട്രങ്ക് കാള്‍ ബുക്ക് ചെയ്ത് ഞാന്‍ പപ്പയെ വിളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നും കുറച്ചുദിവസം ഇവിടെ നില്‍ക്കേണ്ടിവരുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോയാല്‍ പപ്പ സമ്മതിച്ചില്ലെങ്കിലോ എന്ന പേടിയായിരുന്നു എനിക്ക്. ഞാന്‍ പറഞ്ഞത് വ്യക്തമാകാത്തത് കൊണ്ടുതന്നെയാകും രണ്ടാംദിവസം അങ്കിള്‍ എന്റെ സ്കൂളിലെത്തി. അദ്ദേഹം എന്റെ ലോക്കല്‍ ഗാര്‍ഡിയനാണ്. അങ്കിളിനോട് കാര്യങ്ങള്‍ പറഞ്ഞു. അത്യാവശ്യം സിനിമാഭ്രാന്തുള്ള ആളാണ് അദ്ദേഹം. അങ്കിള്‍ അന്വേഷിച്ചപ്പോള്‍ ഗംഭീരടീമാണ് സിനിമയ്ക്ക് പിന്നിലെന്ന് മനസ്സിലായി. അതോടെ അങ്കിള്‍ പപ്പയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് സമ്മതിപ്പിച്ചു.
ഷൂട്ടിംഗ് തുടങ്ങിയ ദിവസം എന്നെ അഭിനയിപ്പിച്ചില്ല. പകരം എന്നെ ഒപ്പം കൂട്ടുകയായിരുന്നു. ഷൂട്ടിംഗൊക്കെ കണ്ടു പഠിക്കാന്‍ വേണ്ടിയായിരുന്നു അത്. മൂന്നാംദിവസമാണ് ആദ്യഷോട്ട് എടുത്തത്. സുഹാസിനിയുടെ വീട്ടിലേയ്ക്ക് മമ്മൂട്ടി കയറിവരുന്നതും അദ്ദേഹം എന്നെ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിക്കുന്നതും യു ആര് സ്പീക്കിംഗ് നോണ്‍സന്‍സ് എന്ന് ദേഷ്യപ്പെട്ട് ഞാന്‍ പറഞ്ഞിറങ്ങുന്ന രംഗം. ഫസ്റ്റ് ഷോട്ട് തന്നെ ഓക്കെയായി. ആ സമയം ചുറ്റിനും കരഘോഷം ഉയര്‍ന്നു. പത്മരാജന്‍സാര്‍ എന്റെ തോളത്ത് കൈവച്ച് അഭിനന്ദിച്ചു.
The first scene of Rahman in film Koodevide
Posted by Canchannelmedia on Friday, October 23, 2020
സത്യത്തില്‍ അതൊക്കെ സിനിമയുടെ ഭാഗമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്റെ പ്രകടനത്തിനുള്ള ആശംസകളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.
എന്റെ ഉള്ളില്‍ അന്നേ ഒരു നടന് ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഞാന്‍ അറിയുന്നു. കാരണം ആദ്യ സിനിമയെ ഞാന്‍ നേരിട്ടത് ഒരു ഭയവുമില്ലാതെയാണ്. ഒന്നിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. ഡയറക്ടര്‍ പറയുന്നത് അതേപടി ചെയ്യും. ഞാനിപ്പോഴുമോര്‍ക്കുന്നു, സിനിമയുടെ ക്ലൈമാക്സ് രംഗം. അബദ്ധത്തിലാണെങ്കിലും എന്നെ ജീപ്പിടിച്ച് കൊല്ലുന്ന രംഗമാണ്. അതൊരു ഡൂപ്പിനെവച്ചാണ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അത് വേണ്ടെന്ന് പറഞ്ഞത് ഞാനാണ്. അപ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാനതിനെക്കുറിച്ച് ബോധവാനുമായിരുന്നില്ല. ആ രംഗത്തിനുമുമ്പ് മമ്മുക്ക എന്നെ പിടിച്ചു തള്ളുമ്പോള്‍ ഞാന്‍ മറിഞ്ഞുവീഴുന്ന രംഗമുണ്ടായിരുന്നു. അതൊക്കെ ഞാന്‍പോലുമറിയാതെ ചെയ്ത കാര്യങ്ങളാണ്. അപ്പോഴൊക്കെ എന്നെ പത്മരാജന്‍സാര്‍ വന്ന് അഭിനന്ദിക്കുമായിരുന്നു.
Climax scene- Koodevide
Posted by Canchannelmedia on Friday, October 23, 2020
പടത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് അബുദാബിയിലേയ്ക്ക് പോയി ഞാന്‍ തിരിച്ചുവന്നത് ക്ലീന്‍ ഷേവൊക്കെ ചെയ്താണ്. താരമായതല്ലേ, ആര്‍ഭാടം ഒട്ടും കുറയ്ക്കണ്ടെന്ന് കരുതി. പക്ഷേ എന്നെ കണ്ടയുടന്‍ പത്മരാജന്‍സാര്‍ ദേഷ്യപ്പെട്ടു. നീ എന്തിനാ താടിയും മീശയും വടിച്ചതെന്ന് ചോദിച്ചു. സത്യം പറഞ്ഞാല്‍ കണ്ടിന്യുറ്റിയുടെ കാര്യമൊന്നും എനിക്കപ്പോള്‍ അറിയുമായിരുന്നില്ല. പിന്നെ രണ്ടുമൂന്ന് ദിവസം അഭിനയിപ്പിച്ചില്ല. താടിയും മീശയും കിളിര്‍ക്കട്ടെ എന്നുകരുതി ചെയ്തതാണ്. എവിടെ കിളിക്കാന്‍. ഒടുവില്‍ മേക്കപ്പമാന് പി.എന്‍. മണി ഏറെ ക്ലേശിച്ചാണ് ഒരുവിധം പഴയ ഗെറ്റപ്പിലേയ്ക്ക് എന്നെ കൊണ്ടുവന്നത്.
അന്നൊരിക്കലേ പത്മരാജന്‍സാര്‍ എന്നോട് ദേഷ്യപ്പെട്ടിട്ടുള്ളൂ. എന്നോട് വല്യ വാത്സല്യമായിരുന്നു. സ്വന്തം മകനെപ്പോലെ അദ്ദേഹം കരുതി. എനിക്കദ്ദേഹം വാപ്പിച്ചിയെപ്പോലെയായിരുന്നു. അതുകൊണ്ട് ഞാന്‍ കൊഞ്ചിയായിരുന്നു അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. ലൊക്കേഷനിലേയ്ക്ക് അദ്ദേഹം എന്നെയുംകൂട്ടിയാണ് വരുന്നത്. അദ്ദേഹം ഒരിക്കലും അഭിനയിച്ച് കാട്ടാറില്ല. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുതരും. ശരിക്കും എന്നെ അദ്ദേഹം മോള്‍ഡ് ചെയ്തെടുക്കുകയായിരുന്നു.
ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍. ആ സിനിമയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനാണ്. അതിനുവേണ്ടി എന്നെ കൂടെ നിര്‍ത്തി. ഡയലോഗുകളും അവയുടെ ഡിക്ഷനുകളും പല ആവര്‍ത്തി പറഞ്ഞുതന്നു.
രാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ്. അതെന്റെ ജീവിതത്തില്‍ സംഭവിച്ചു. ഞാന്‍ പറഞ്ഞല്ലോ ആ സ്വപ്നത്തില്‍ ഒരു മദാമ്മ എന്നെ ചുംബിക്കുന്ന രംഗമുണ്ടായിരുന്നുവെന്ന്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു തുപ്പരിവാള് രണ്ടിന്റെ ചിത്രീകരണം. അതിലെനിക്ക് പ്രൈംമിനിസ്റ്ററുടെ വേഷമാണ്. എനിക്കൊരു പൂര്‍വ്വ കാമുകിയുണ്ട്. അവളില്‍ ഒരു കുട്ടിയും. അവളൊരു വെള്ളക്കാരിയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഞാനവരെ കണ്ടുമുട്ടുന്ന രംഗമുണ്ട്. അപ്പോള്‍ അവരെന്നെ ഓടിവന്ന് ചുംബിക്കുകയാണ്. ചിത്രം പുറത്തിറങ്ങുമ്പോള്‍ ആ ഷോട്ട് ഉണ്ടാകുമോ എന്നറിയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സ്വപ്നത്തില്‍ കണ്ടതുപോലെ സംഭവിച്ചുവെന്നുള്ളതാണ് അത്ഭുതകരമായ സത്യം.
Recent Comments