ഏറ്റവും ഒടുവിലായി നടന് വിജയന് കാരന്തൂരിനെ കണ്ടത് തൊടുപുഴയില്വച്ചായിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഓളവും തിരവും എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു അദ്ദേഹം. നെഗറ്റീവ് ടച്ചുള്ള ഒരു ചെറിയ കഥാപാത്രം. തലേദിവസം ഹോട്ടലിന്റെ ലോബിയില്വച്ചും വിജയനെ കണ്ടിരുന്നു. രണ്ട് കാലുകളും നീര് വന്ന് വീര്‍ത്തിരിക്കുന്നത് കണ്ടപ്പോള്‍ കാര്യമന്വേഷിച്ചു. ‘നോണ്‍ ആള്‍ക്കഹോളിക് സീറോസിസ് ആണ്. അഞ്ച് വര്‍ഷമായി അസുഖം വന്നിട്ട്. ചികിത്സ തുടരുന്നുണ്ട്.’ വിജയന് പറഞ്ഞു.
അതില്‍പ്പിന്നെ വിജയനെക്കുറിച്ച് കേള്‍ക്കുന്നത് ഇന്നലെയാണ്. നടന് അജു വര്‍ഗീസ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്തുതന്നിരുന്നു. വിജയന് കാരന്തൂര്‍ ചികിത്സാകമ്മിറ്റി പുറത്തിറക്കിയ ഒരു നോട്ടീസായിരുന്നു അത്. വിജയന് കാരന്തൂരിന് ഉടന്‍ കരള്‍മാറ്റ ശസ്ത്രക്രിയ വേണമെന്നും അറുപത് ലക്ഷത്തോളം രൂപ ചെലവുണ്ടെന്നും അതിലേയ്ക്ക് സുമനസ്സുകള്‍ കനിയണമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
ഉടന്‍തന്നെ വിജയന് കാരന്തൂരിനെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കുമ്പോള്‍ ആ ശബ്ദം തീരെ ദുര്‍ബലമായിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ചു.
‘പോണ്ടിച്ചേരി ജിപ്മര്‍ ഹോസ്പിറ്റലിലേയ്ക്കുള്ള യാത്രയിലാണ് ഞങ്ങള്‍. ചില ടെസ്റ്റുകള്‍ ചെയ്യാനുണ്ട്. കേന്ദ്രഗവണ്മെന്റിന് കീഴിലുള്ള ആശുപത്രിയായതിനാല്‍ ചികിത്സാ ഇളവ് ലഭിക്കും. 15 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. കരള്‍രോഗത്തിന് ചികിത്സയിലായിരുന്നു ഞാന്‍. പെട്ടെന്ന് ന്യുമോണിയ ബാധിച്ചു. അതിനുപിന്നാലെ കോവിഡും. അതാണ് രോഗം ഇത്രയും വഷളാക്കിയത്. കരള്‍ ദാതാവിന് വേണ്ടി ഏറെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. എല്ലാവരും അറുപതും എഴുപതും ലക്ഷം രൂപയാണ് ചോദിക്കുന്നത്. ഒടുവില്‍ ഭാര്യ കരള്‍ തരാമെന്ന് സമ്മതിച്ചു. അതിന്റെ ടെസ്റ്റുകള്ക്കായിട്ടാണ് പോകുന്നത്. സിനിമയില്‍നിന്ന് അജുവര്‍ഗീസ് അടക്കമുള്ളവര്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. എനിക്കുവേണ്ടി കുന്ദമംഗലം എം.എല്‍.എ അഡ്വ. പി.ടി. സലീമിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായകമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും സഹായമുണ്ടെങ്കില്‍ എനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാകും.’ കണ്ഠമിടറിക്കൊണ്ട് വിജയന് പറഞ്ഞു.
ഫോണ്‍ വയ്ക്കുമ്പോള്‍ വിജയനുവേണ്ടി പ്രാര്‍ത്ഥിച്ചു. അദ്ദേഹം എത്രയുംവേഗം സുഖം പ്രാപിച്ച് വരട്ടെ. അതിന് നമ്മുടെകൂടി താങ്ങും തണലും വേണം. സിനിമാലോകവും ഒന്നിക്കണം. അദ്ദേഹത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തുകൊടുക്കണം. വിജയന് കാരന്തൂരിനെ നാം ഒറ്റയ്ക്കാക്കരുത്.
Recent Comments