ഒക്ബോര്‍ 21 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്ന സര്‍ദാറിന്റെ പ്രചരണാര്‍ത്ഥമാണ് കാര്‍ത്തിയും റാഷി ഖന്നയും രജീഷ വിജയനും കേരളത്തിലെത്തിയത്. ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് താന്‍ സംവിധാനം ചെയ്താല്‍ നായകന് അണ്ണന് സൂര്യയായിരിക്കുമെന്ന് കാര്‍ത്തി പറഞ്ഞത്.
‘ഒരു കഥയുടെ ഐഡിയ കിട്ടിയിട്ടുണ്ട്. അതിലെ നായകനെയും വില്ലനെയുമൊക്കെ പിന്നീട് തീരുമാനിക്കും. എന്നാല്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് അണ്ണനെവച്ചുള്ള ഒരു പടമാണ് പ്ലാന്‍ ചെയ്തത്. അല്ലെങ്കില്‍ വേറെ ആരാണ് എന്നെ വിശ്വസിച്ച് ഡേറ്റ് തരുന്നത്. അണ്ണനാകുമ്പോള് കൈപിടിച്ച് കൊണ്ടുവരാന്‍ കഴിയും. അണ്ണനെവച്ച് ഒരു പടം ചെയ്യാന്‍തന്നെയാണ് ആഗ്രഹവും. കാരണം ഏത് കഥാപാത്രമായും അദ്ദേഹത്തിന് വേഗത്തില്‍ മാറാനാകും. അണ്ണന് നായകനായാല്‍ എനിക്കും കാര്യങ്ങള്‍ കുറേകൂടി എളുപ്പമാണ്. കാരണം എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇതല്ലേ നീ ആലോചിച്ചതെന്ന് പറഞ്ഞ് അദ്ദേഹം എന്നെ സഹായിക്കും.’ കാര്‍ത്തി പറഞ്ഞു.
ഇന്ന് രാവിലെ ആറരയ്ക്കുള്ള ഫ്ളൈറ്റിലാണ് കാര്‍ത്തിയും സംഘവും ചെന്നൈയില്‍നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. നേരെ ഹോട്ടലിലേയ്ക്ക് വരികയായിരുന്നു. പത്രസമ്മേളനത്തിനുശേഷം സെന്‍ട്രല്‍ മാളില്‍ നടക്കുന്ന ഒരു പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
Recent Comments