അമ്മ കൂടി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍ വിമ്പിള്‍ടണ്‍ തീയേറ്ററില്‍ എത്തിയതായിരുന്നു ബിന്ദുപണിക്കരുടെ മകള്‍ കല്യാണി. ഒപ്പം കല്യാണിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ലോകപ്രശസ്തമായ ലെക്കാര്‍ഡന്‍ ബ്ലൂ കോളേജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയാണ് കല്യാണി. അവിടുത്തെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും.
ഒക്ടോബര്‍ 14 നായിരുന്നു ലണ്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ റോഷാക്ക് പ്രദര്‍ശനത്തിനെത്തിയത്. റോഷാക്കിന്റെ അഭൂതപൂര്‍വ്വമായ വിജയമാഘോഷിക്കാന്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികളും എത്തിയിരുന്നു. അവിടെവച്ചാണ് അവര്‍ കല്യാണിയെ കണ്ടത്. ബിന്ദുപണിക്കരുടെ മകളാണ് കല്യാണി എന്നവര്‍ക്ക് അറിയാമായിരുന്നു. റോഷാക്കിന്റെ വിജയാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ അവര്‍ കല്യാണിയെത്തന്നെ ക്ഷണിച്ചു.
‘ഞാന്‍ അമ്മയോടൊപ്പം കാണാന്‍ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നു റോഷാക്ക്. ഇവിടെയായതിനാല്‍ അതിന് സാധിച്ചില്ല. അതിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തീര്‍ത്തും ആകസ്മികമാണ്. അമ്മയുടെ പേരില്‍ എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.’ കല്യാണി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
അമ്മയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് റോഷാക്കിലെ സീത. സിനിമ കണ്ടിറങ്ങിയശേഷം കല്യാണി പ്രതികരിച്ചു.
Recent Comments