ഷെട്ടിയും സംഘവും നവംബര്‍ ആദ്യം നേപ്പാളിലേയ്ക്ക് യാത്ര തിരിക്കും. ലൊക്കേഷന്‍ തേടിയുള്ള യാത്രയാണ്. അവിടുന്ന് ചില താരങ്ങളേയും കണ്ടെത്തണം. അങ്ങനെ ദൗത്യങ്ങള്‍ ഏറെയാണ്.
ഷെട്ടിയെന്ന് കേട്ട് ഞെട്ടുകയൊന്നും വേണ്ട. രാജീവ് ഷെട്ടി എന്നാണ് പൂര്‍ണ്ണമായ പേര്. കൊച്ചി സ്വദേശിയാണ്. ഷെട്ടി സര്‍നെയിം ആണ്.
പേര് കേട്ട് നടന് ഇന്നസെന്റിനും പറ്റി ചെറിയൊരു അമളി. രാജീവ് ഷെട്ടി എന്ന് കേട്ടപ്പോള്‍ ആളൊരു ഹിന്ദിക്കാരനായിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. അതുകൊണ്ട് അറിയാവുന്ന ഹിന്ദി ഒന്നു തേച്ചുമിനുക്കുന്നതിനിടയിലാണ് സാക്ഷാല്‍ രാജീവ് ഷെട്ടിയുടെ രംഗപ്രവേശനം. മലയാളിയാണെന്നറിഞ്ഞപ്പോള്‍ തനിക്ക് പറ്റിയ അമളി ഇന്നസെന്റും മറച്ചുവച്ചില്ല.
രാജീവ് ഷെട്ടി സംവിധായകനാകുന്ന ആദ്യ ചിത്രത്തിന്റെ പൂജയാണ് വിജയദശമി ദിവസമായ നാളെ. ടൈറ്റിലും മോഷന്‍ പോസ്റ്ററിന്റെ റിലീസും ഒപ്പം നടക്കും.
റാഫി-മെക്കാര്‍ട്ടിനും ഷാഫിയുമാണ് രാജീവിന്റെ ഗുരുക്കന്മാര്. അവരുടെ കീഴില്‍ സംവിധാനസഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാഫിയുടെ ‘ഒരു പഴയ ബോംബ് കഥ’യില്‍ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അതിലെ നായകനായ ബിപിന്ജോര്ജിനെ പരിചയപ്പെടുന്നത്. അന്ന് പറഞ്ഞ ത്രെഡില്‍ നിന്നാണ് നവംബര്‍ അവസാനം ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ തുടക്കം. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഇന്നസെന്റും ധര്മ്മജന് ബോള്‍ഗാട്ടിയും ജോണി ആന്റണിയും സലിംകുമാറും ഹരീഷ് കണാരനുമാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ലിച്ചിയാണ് നായിക.
നേപ്പാളിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ലൊക്കേഷന്ഹണ്ടിന് വേണ്ടിയുള്ള ആ യാത്ര തുടങ്ങാനിരിക്കെ, അവര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നു. ഒപ്പം എല്ലാ വിജയാശംസകളും.
Recent Comments