മച്ചാന്‍സ്… വിളിയില്ല, കുമ്പാരിമാരില്ല. കള്ളും കഞ്ചാവുമൊന്നുമില്ല. കോടികള്‍ പൊടിക്കുന്ന തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒന്നുംതന്നെ ഇല്ലേയില്ല. പിന്നെന്ത് കാമ്പസ് സിനിമ? എന്നാല്‍ ഇതൊന്നുമില്ലാതെ പ്രണയവും വിരഹവും കാമവും ഒക്കെ ക്ലാസിക്കായി വരച്ചിട്ട ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഉള്‍ക്കടല്‍. പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂറിന്റെ തിരക്കഥയില്‍ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത് 1979 ഒക്ടോബര്‍ 26 ന് പുറത്തിറങ്ങിയ ചിത്രമാണ് ഉള്‍ക്കടല്‍. ഒരുപക്ഷേ, മലയാളത്തിലെ ആദ്യ കാമ്പസ് ചിത്രം എന്ന വിശേഷണമാകും ഉള്‍ക്കടലിന് ചേരുക. അതിന് മുമ്പും ശേഷവുമൊക്കെ നിരവധി കാമ്പസ് ചിത്രങ്ങള്‍ മലയാളത്തില്‍ പിറവിയെടുത്തിട്ടുണ്ടെങ്കിലും ഉള്ക്കടലിനോളം ലക്ഷണമൊത്തവ കുറവാണ്. ഈ ഒക്ടോബര്‍ 26 ന് ഉള്‍ക്കടല്‍ തീയേറ്ററുകളിലെത്തിയിട്ട് 41 വര്‍ഷം പിന്നിടുകയാണ്.
വേണുനാഗവള്ളി നായകവേഷത്തിലെത്തിയ ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉണ്ടായിരുന്നത്. ശോഭയാണ് മുഖ്യവേഷം കൈകാര്യം ചെയ്തത്. ജലജയും അക്കാലത്തെ ഗ്ലാമര്‍ റാണി അനുരാധയുമായിരുന്നു നായികനിരയിലുണ്ടായിരുന്ന മറ്റു രണ്ടു പേര്.
ഉള്ക്കടലിനായി ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് എം.ബി. ശ്രീനിവാസന് ഈണമിട്ട ഗാനങ്ങളെല്ലാം അക്കാലത്തെ ഹിറ്റുകളായിരുന്നു. ‘ശരബിന്ദു മലര്ദീപം…’, ‘നഷ്ടവസന്തത്തിന് തപ്തനിശ്വാസമേ…’, ‘കൃഷ്ണതുളസി കതിരുകള്‍ ചൂടി’, ‘എന്റെ കടഞ്ഞൂല്‍ പ്രണയകഥയിലെ…’, ‘പുഴയില്‍ മുങ്ങിത്താഴും സന്ധ്യ…’ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ഇന്നും തലമുറ ഏറ്റുപാടുന്ന ഗാനങ്ങളാണ്. 1979 ലെ മികച്ച സംഗീത സംവിധായകനും ഗാനരചയിതാവിനുമുള്ള സംസ്ഥാന പുരസ്കാരം എം.ബി. ശ്രീനിവാസനെയും ഒ.എന്‍.വിയെയും തേടിയെത്തിയത് ഉള്‍ക്കടലിലെ ഈ മനോഹര ഗാനങ്ങള്‍ സൃഷ്ടിച്ചതിനായിരുന്നു.
ശക്തമായ പ്രമേയവും കെട്ടുറപ്പുള്ള തിരക്കഥയുമാണ് ഉള്‍ക്കടലിനെ ശ്രദ്ധേയമാക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയില്‍ കാതലായ മാറ്റങ്ങള്‍ പലതും വന്നു. പക്ഷേ, കാമ്പുള്ള കഥകള്‍ ഇന്നും നമുക്ക് അന്യമായി തന്നെ നില്ക്കുന്നു. ഇന്നത്തെ കാമ്പസ് സിനിമയെന്നാല്‍ പൈങ്കിളി പ്രണയമോ ത്രികോണ ബന്ധങ്ങളോ ലൈംഗികതയുടെ അതിപ്രസരങ്ങളോ ലഹരിയുടെ ആഘോഷങ്ങളോ ആവും. ഈ സാഹചര്യത്തിലാണ് ഉള്‍ക്കടല്‍ പോലുള്ള ചിത്രങ്ങള്‍ ക്ലാസിക്കുകളായി ഇന്നും നിലകൊള്ളുന്നത്.
ഉള്‍ക്കടലാണ് എനിക്ക് യവനികയിലേക്ക് വഴിതുറന്നത് – ജലജ
കെ.ജി. ജോര്‍ജ് സാറിന്റെ ഒന്ന് രണ്ട് സിനിമകള്‍ കണ്ടിട്ടുള്ളതെന്നല്ലാതെ എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഉള്‍ക്കടലില്‍ ഒരു വേഷം ചെയ്യാന്‍ എന്നെ വിളിക്കുമ്പോള്‍ എനിക്കാദ്യം അത് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല.
ചെറിയ വേഷമായിരുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍ മൂന്നോ നാലോ ദിവസത്തെ വര്‍ക്കേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരു കന്യാസ്ത്രീയുടെ വേഷം. രതീഷിന്റെ ജോഡിയായിരുന്നു.
എസ്.ഡി. കോളേജില്‍ എന്റെ സീനിയറായി രതീഷ് പഠിച്ചിരുന്നുവെന്ന് എനിക്കറിയാം. വേണുച്ചേട്ടനെയും ശോഭയെയുമൊക്കെ ഉള്‍ക്കടലിന്റെ സെറ്റില്‍വച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്.
ശരിക്കും ഉള്‍ക്കടലാണ് ജോര്‍ജ് സാറിന്റെ യവനികയില്‍ ശക്തമായ ഒരു കഥാപാത്രത്തെ എനിക്ക് നല്കാന് കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉള്‍ക്കടല്‍ കഴിഞ്ഞിട്ട് നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നുവെന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
Recent Comments