‘പ്രകാശന് പറക്കട്ടെ എന്ന സിനിമയ്ക്കുമുമ്പ് ഞാന്‍ ചെയ്യാനിരുന്ന ചിത്രമാണ് അനുരാഗം. അതിന്റെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് കൊറോണയുടെ വരവ്. എറണാകുളം പോലെ തിരക്ക് പിടിച്ചൊരു നഗരത്തില്‍ ഷൂട്ട് ചെയ്യേണ്ട സിനിമയായതുകൊണ്ട് ആ നാളുകളില്‍ അതൊട്ടും സാധ്യമല്ലായിരുന്നു. അപ്പോഴാണ് ധ്യാന്‍ ശ്രീനിവാസന് ‘പ്രകാശന് പറക്കട്ടെ’ എന്ന ചിത്രത്തിന്റെ കഥ പറയുന്നത്. മലയോര ഗ്രാമത്തില്‍ നടക്കുന്ന കഥയായതുകൊണ്ടും ഒരു ചെറിയ സിനിമയായതുകൊണ്ടും ആ ചിത്രം ആദ്യം നടന്നു. കൗതുകമുള്ള ഒരു കാര്യം എന്താണെന്നുവച്ചാല്‍ പ്രകാശന് പറക്കട്ടെ എന്ന സിനിമ റിലീസിനെത്തുംമുമ്പേ അനുരാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു.’ അനുരാഗത്തിന്റെ സംവിധായകന് ഷഹദ് നിലമ്പൂര്‍ കാന്‍ ചാനലിനോട് സംസാരിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസോസിയേറ്റ് കൂടിയായിരുന്നു ഷഹദ്.
‘അനുരാഗം ആദ്യം നിര്‍മ്മിക്കാനിരുന്ന നിര്‍മ്മാതാവിന് പകരക്കാരായി സുധീഷ് ചേട്ടനും പ്രേമചന്ദ്രന് ചേട്ടനുമൊക്കെ വന്നുവെങ്കിലും ആ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍ക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഷീലാമ്മയും ഗൗതം വാസുദേവ് മേനോന് സാറും ജോണി ആന്റണി ചേട്ടനും ദേവയാനി ചേച്ചിയും അശ്വിന് ജോസുമൊക്കെ ആദ്യത്തെ കാസ്റ്റിംഗില്‍ ഉള്ളവരാണ്. കഥാപാത്രങ്ങള്‍ക്ക് ഏറ്റവും യോജിച്ചവരെന്ന നിലയിലാണ് അവരെ കാസ്റ്റ് ചെയ്തത്. തമിഴിലും മലയാളത്തിലും പോപ്പുലറായ ഒരു മ്യൂസിക് ഡയറക്ടറുടെ വേഷമാണ് ഗൗതം വാസുദേവ് മേനോന്. അനുരാഗത്തെക്കുറിച്ച് പറയുന്ന ഒരു സിനിമയില്‍ ഷീലാമ്മയെ മാറ്റി ചിന്തിക്കാനാവില്ല. അതുപോലെ ദേവയാനിയും. ‘നരന്’ ശേഷം അവര്‍ അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.’ ഷഹാദ് തുടര്‍ന്നു.
‘അനുരാഗത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. സിറ്റിയില്‍ മൂന്ന് തട്ടുകളിലായി ജീവിക്കുന്നവരുടെ അനുരാഗത്തിന്റെ കഥയാണിത്. അനുരാഗത്തിന് മതവും ജാതിയും പ്രായവുമൊന്നും ഒരു പ്രശ്നവുമല്ലെന്ന് ഈ ചിത്രവും തുറന്നുപറയുന്നു. ഒരു മ്യൂസിക്കല്‍ ജേര്‍ണിയാണ് ഈ സിനിമ. കുടുംബം ഒത്തൊരുമിച്ചുവന്ന് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. അനുരാഗത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന അശ്വിന്ജോസ് ആണ്. അനുരാഗം മിക്സിംഗ് ഘട്ടത്തിലാണ്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.’ ഷഹാദ് നിലമ്പൂര്‍ പറഞ്ഞു.
ലക്ഷ്മിനാഥ് ക്രിയേഷന്‍സും സത്യന് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ്ഗോപി ഛായാഗ്രഹണവും ലിജോപോള്‍ എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ഹാരിസ് ദേശമാണ്. ലെന, മൂസി, ഗൗരി കിഷന്, സുധീഷ് കോഴിക്കോട്, മണികണ്ഠന് പട്ടാമ്പി തുടങ്ങിയവരും താരനിരയിലുണ്ട്.
Recent Comments