മലയാളസിനിമയോടും താരങ്ങളോടുമുള്ള തന്റെ ആരാധന കമല്ഹാസന് തന്നെ പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്. സത്യന് മുതലിങ്ങോട്ട് ഫഹദിലേയ്ക്കുവരെ അത് എത്തിനില്‍ക്കുന്നു. അഭിനേതാക്കളോട് മാത്രമല്ല സംവിധായകരോടും മറ്റ് ടെക്നീഷ്യന്മാരോടും കമല്‍ കാണിക്കുന്ന ആദരവും പ്രശംസനീയമാണ്. സേതുമാധവന്, എന്‍. ശങ്കരന്‍നായര്‍, ഐ.വി. ശശി, ഭരതന്, പത്മരാജന് തുടങ്ങിയവരെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ അദ്ദേഹം വാചാലനാകാറുണ്ട്. ഇവരില്‍ പത്മരാജന്റെ ഒഴികെ മറ്റുള്ളവരുടെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
തൊണ്ണൂറുകളില്‍ കുടുംബസദസ്സുകള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനായിരുന്നു ബാലചന്ദ്രമേനോന്. തിരക്കഥാകൃത്തായും സംവിധായകനായും മാത്രമല്ല നായകനായും അദ്ദേഹം അരങ്ങ് വാണിരുന്ന കാലം. മലയാളത്തില്‍ പില്ക്കാലത്ത് പ്രശസ്തരായ പല നടിമാരുടെയും അരങ്ങേറ്റം മേനോന് ചിത്രങ്ങളിലൂടെയായിരുന്നു. ശോഭനയും പാര്‍വ്വതിയും കാര്‍ത്തികയും, ലിസ്സിയും ആനിയുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നവരാണ്.
1993 ല്‍ മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അമ്മയാണെ സത്യം. പതിവുപോലെ പുതുമുഖമായിരുന്നു നായിക. ആനിയുടെ ആദ്യചിത്രം. മുകേഷ്, ജഗതി, തിലകന്, ഗണേഷ്, നരേന്ദ്രപ്രസാദ് എന്നിവരോടൊപ്പം മേനോനും അതിലെ മുഖ്യ കഥാപാത്രമായി. ജീവിതസാഹചര്യങ്ങള്‍കൊണ്ട് ആണ്‍വേഷം കെട്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അമ്മയാണെ സത്യം. പതിവ് മേനോന് ചിത്രങ്ങളെപ്പോലെ അമ്മയാണെ സത്യവും പ്രേക്ഷകര്‍ ഏറ്റെടുത്തു.
1992 ല്‍ തേവര് മകനിലൂടെ ഭരതനൊപ്പം തമിഴ് ചിത്രം ചെയ്ത് വെന്നിക്കൊടി പാറിച്ച കമലിന്റെ ശ്രദ്ധ പിന്നീട് പതിഞ്ഞത് മേനോനിലായിരുന്നു. അമ്മയാണെ സത്യം കാണുകയും ആ ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റം ചെയ്യാനുള്ള ആഗ്രഹം കമല്‍ നേരിട്ട് അറിയിക്കുകയും ചെയ്തു. ബാലചന്ദ്ര മേനോന്‍തന്നെ ആ ചിത്രം സംവിധാനം ചെയ്യണമെന്നുള്ളതും കമലിന്റെ ആഗ്രഹമായിരുന്നു. അതിന് മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. അക്കാലത്ത് തമിഴ് പ്രേക്ഷകര്‍ക്കും മേനോന് പരിചിതനായിരുന്നു. 1986 ല്‍ ശിവാജിഗണേശനെയും സുജാതയെയും പത്മിനിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മേനോന് ചെയ്ത സിനിമയായിരുന്നു തായ്ക്ക് ഒരു താലാട്ട്. മേനോന്റെതന്നെ ഒരു പൈങ്കിളിക്കഥയുടെ റീമേക്ക്. സാമാന്യവിജയവും അത് നേടി.
അമ്മയാണെ സത്യം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ അതിന്റെ പേര് കണ്ടേന് സീതയെ എന്നാക്കി. തുടക്കത്തില്‍ ആനിയായിരുന്നു നായികാസ്ഥാനത്ത്. പിന്നീട് നടന്ന ചര്‍ച്ചകളിലാണ് പകരക്കാരിയായി രുചിക പ്രസാദ് എത്തുന്നത്. കമലിനെ കൂടാതെ നാസര്‍, എസ്.പി. ബാലസുബ്രഹ്മണ്യം, നാഗേഷ്, രമേഷ് അരവിന്ദ് എന്നിവരും താരനിരയിലുണ്ടായിരുന്നു. സാധാരണ ഒരു കമല്ചിത്രത്തിന് ലഭിക്കുന്ന എല്ലാ വാര്‍ത്താപ്രാധാന്യവും ആ ചിത്രത്തിനും തുടക്കംമുതല്‍ ലഭിച്ചു.
വളരെ വേഗത്തിലായിരുന്നു ചിത്രീകരണം. ഏകദേശം 80 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയായി. പെട്ടെന്ന് ഒരു ദിവസം ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. മേനോനും കമലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അതിന് കാരണമായി എന്നാണ് ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. പക്ഷേ പിന്നീട് കേട്ടത് മറ്റൊന്നായിരുന്നു. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ കമല്ഹാസന് ഒന്നും ചെയ്യാനില്ലെന്നുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെ ഉപദേശമാണ് ചിത്രത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് കമലിനെ പ്രേരിപ്പിച്ചതത്രെ. കമലിന്റെ ആരാധകര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടില്ലെന്നും അവര്‍ വാദിച്ചു.
ഈ വിഷയം കമല്‍ സംവിധായകനായ ബാലചന്ദ്രമേനോനുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് അഭിനയിക്കണമെങ്കില്‍ കഥ മുഴുവന്‍ മാറ്റണമെന്നും താന്‍ പെണ്‍വേഷം കെട്ടുന്ന കഥാസന്ദര്‍ഭം എഴുതി ഉണ്ടാക്കണമെന്നും കമല്‍ മേനോനോട് ആവശ്യപ്പെട്ടു. മേനോന് അതിന് വഴങ്ങിയില്ല. അതോടെ കമല്‍ ചിത്രത്തില്‍നിന്ന് പിന്മാറി. ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു.
ആയിടയ്ക്കാണ് തന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ ക്രേസി മോഹനെ സന്ദര്‍ശിച്ച് കമല്‍ തന്റെ ആഗ്രഹം അറിയിച്ചത്. ജീവിത പ്രശ്നങ്ങള്‍ കൊണ്ട് സ്ത്രീവേഷം കെട്ടേണ്ടിവന്ന ഒരു യുവാവിന്റെ കഥ. ക്രേസി മോഹന്‍ സമ്മതം മൂളി. 1993 ല്‍ റിലീസായ അമേരിക്കന്‍ കോമഡി ഡ്രാമ മിസസ്സ് ഡൗട്ട്ഫയറിന്റെ കഥയില്‍നിന്നും മോഹന്‍ ഒരു കഥ രൂപപ്പെടുത്തി. അതാണ് അവ്വൈ ഷണ്മുഖി. കണ്ടേന് സീതയുടെ പ്രൊഡ്യൂസറായ രവീന്ദ്രന്തന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചത്.
1996 നവംബര്‍ 10നായിരുന്നു ക്രേസിമോഹന്റെ രചനയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത അവ്വൈ ഷണ്മുഖിയുടെ റിലീസ്. കമലിന് ഇരട്ടവേഷമായിരുന്നു ചിത്രത്തില്‍. യുവാവായ പാണ്ഡ്യനും മധ്യവയസ്ക്കയായ മാമ്മിയും. രണ്ട് വേഷത്തിലും കമല്‍ ഒരേപോലെ മിന്നിത്തിളങ്ങി. മീന, ജമിനിഗണേശന്, നാസര്‍, മണിവണ്ണന് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
നാളെ നവംബര്‍ 10 ന് അവ്വൈ ഷണ്മുഖി റിലീസ് ചെയ്തിട്ട് 26 വര്‍ഷങ്ങളാകുന്നു. ഓരോ സിനിമയുടെ പിറവിക്ക് പിന്നിലും ഇത്തരം രസകരമായ നിരവധി കഥകള്‍ ഉണ്ടാകാറുണ്ട്. സിനിമയെ വെല്ലുന്ന അത്തരത്തിലൊരു കഥയാണ് കണ്ടേന് സീതയേ എന്ന ചിത്രത്തിനും സംഭവിച്ചത്.
Recent Comments