എലോണിന്റെ മിക്സിംഗ് പൂര്‍ത്തിയാക്കി സംവിധായകന് ഷാജി കൈലാസ് സപ്ത തീയേറ്ററില്‍നിന്ന് ഇറങ്ങിയട്ടേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് മമ്മൂട്ടിയുടെ ഫോണ്‍ വന്നു.
‘ഷാജി എവിടെയാ…’ മമ്മൂട്ടി ചോദിച്ചു.
‘വീട്ടിലേയ്ക്കുള്ള യാത്രയിലാണ്…’ ഷാജി പറഞ്ഞു.
‘എന്നാല്‍ എത്രയുംവേഗം സ്റ്റുഡിയോയിലേയ്ക്ക് വരൂ…’ മമ്മൂട്ടി പറഞ്ഞു.
ഷാജി തിരികെ സ്റ്റുഡിയോയിലെത്തി മമ്മൂട്ടിയെ കണ്ടു.
‘ഇന്നത്തെ വിശേഷമെന്തെന്നറിയുമോ?’
‘ഇല്ല.’
‘ഇന്ന് നവംബര്‍ 11. ദി കിംഗ് പ്രദര്‍ശനത്തിനെത്തിയിട്ട് 27 വര്‍ഷം. അത് നമുക്ക് ആഘോഷിക്കണ്ടേ?’ മമ്മൂട്ടി ചോദിച്ചു.
ആ ദിവസത്തിന്റെ പ്രാധാന്യം മറന്നുപോയതിന്റെ ജാള്യതയിലായിരുന്നു ഷാജി.
നേരത്തെ ഓര്‍ഡര്‍ ചെയ്തുവച്ചിരുന്ന കേക്ക് അവിടേയ്ക്ക് കൊണ്ടുവന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് കിംഗിന്റെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജി പണിക്കരെ വീഡിയോകോളില്‍ വിളിച്ചു. രഞ്ജിയുടെ കൂടി സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി കേക്ക് മുറിച്ചു. എല്ലാവര്ക്കും മധുരം വിതരണം ചെയ്തു. സ്റ്റുഡിയോയിലുണ്ടായിരുന്ന സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും നിര്‍മ്മാതാവ് ആല്വിന് ആന്റണിയും അതിന് സാക്ഷികളായി.
-ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ഡബ്ബിംഗിനായി സപ്ത സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു മമ്മൂട്ടി. അപ്പോഴാണ് അതിന് തൊട്ടുമുമ്പ് ഷാജി കൈലാസ് അവിടെനിന്ന് ഇറങ്ങിയ കാര്യം മമ്മൂട്ടി അറിയുന്നത്. അതിന് പിന്നാലെ അദ്ദേഹം ഷാജി കൈലാസിനെ വിളിച്ച് വരുത്തുകയായിരുന്നു.
മലയാളസിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഷാജി കൈലാസ്-രഞ്ജിപണിക്കര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ ദി കിംഗ്.
Recent Comments