മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച, ഇന്നും സിനിമയില്‍ സജീവമായി നില്ക്കുന്ന സംവിധായകന് സിബി മലയിലിനെ ശിഷ്യന്മാര് ആദരിച്ചു. സിനിമയില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ സിബി മലയില്നോടൊപ്പം പ്രവര്‍ത്തിച്ച ശിഷ്യന്മാര് ഹൃദയ സിബിരം എന്ന പേരില്‍ ഒരുക്കിയ ആദരം സിനിമ ചരിത്രത്തില്‍ പുതിയൊരു അനുഭവമാണ്, കാഴ്ചയാണ്.
‘മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് സിബിമലയില്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ പേരും. ഞങ്ങള്‍ ഒരേകാലത്ത് സിനിമയില്‍ പ്രവര്‍ത്തിച്ചവരാണ്. എനിക്ക് മുമ്പ് സിബി പടം ചെയ്തു. അടുത്തവര്‍ഷം ഞാനും ഒരു പടം ചെയ്തു. ഓരോ കാര്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരാണ് ഞങ്ങള്‍. വളരെ ശാന്തനും സൗമ്യനുമാണ് സിബി. ഒരിക്കലും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. ഇത്രയും ശാന്തനാകാന്‍ സിബിക്ക് എങ്ങനെ കഴിയുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.ഇതെങ്ങനെ സാധിക്കുന്നുവെന്ന് സിബിയോട് നേരിട്ട് ചോദിക്കുകയും ചെയ്തു. ഓരോ കാര്യങ്ങളോടും എത്രത്തോളം സൗമ്യമായി ഇടപെടാന്‍ കഴിയുമോ അത്രയും സൗമ്യനായ വ്യക്തിയാണ് സിബി മലയില്‍.’ സംവിധായകന് കമല്‍ പറഞ്ഞു.
നടന്മാരായ മുകേഷ് ശങ്കര്‍, ഇന്ദ്രന്‍സ്, നടി സീനത്ത് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി,നിര്‍മ്മാതാവ് കിരീടം ഉണ്ണി എഡിറ്റര്‍ ഭൂമിനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സംവിധായകന് ജോസ് തോമസ് സ്വാഗതവും സംവിധായകന് സുന്ദര്‍ദാസ് നന്ദിയും പറഞ്ഞു.
തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്ത് പ്രഗതി റിട്രീറ്റ്സില്‍ സിബി മലയിലിനോടൊപ്പം പ്രവര്‍ത്തിച്ചവരും സഹയാത്രികരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ശിഷ്യന്മാര് എല്ലാവരും ചേര്‍ന്ന് ഗുരുവിന് ഉപഹാരം നല്കി. വാക്കുകള്‍ക്കപ്പുറത്ത് സ്നേഹവും ആദരവും വ്യക്തമാക്കുന്നതായിരുന്നു ഹൃദയ സിബിരം.
Recent Comments