ഒരു ദിവസം സിബി മലയിലിന്റെ ഫോണ്‍കോള്‍ എന്നെത്തേടി എത്തി. സിബിയും ശ്രീനിയും അമൃത ഹോട്ടലില്‍ ഉണ്ടെന്നും ഞാന്‍ ഉടനെ അവിടെ എത്തണമെന്നുമായിരുന്നു സിബി പറഞ്ഞത്. ഞാന്‍ പെട്ടെന്നുതന്നെ റെഡിയായി ഇറങ്ങി. അമൃത ഹോട്ടലില്‍ എത്തുമ്പോള്‍ സിബിക്കും ശ്രീനിക്കും പുറമെ ജഗദീഷും അവിടെയുണ്ടായിരുന്നു.
സിബിക്ക് ഒരു സിനിമ കിട്ടി. ഞാനെത്തുമ്പോള്‍ കേള്‍ക്കുന്ന സന്തോഷവാര്‍ത്ത അതായിരുന്നു. തമ്പിസാറിന്റെ സഹോദരന് സുബ്രഹ്മണ്യം മുതലാളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു റേഡിയോ നാടകത്തിലെ കഥതന്തുവിനെക്കുറിച്ച് പറഞ്ഞത് ജഗദീഷായിരുന്നു. അതിനെ ഒരു കഥയായി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ് സിബിയും ശ്രീനിയും ചേര്‍ന്ന്. കഥ എന്നോട് പറഞ്ഞു. അതിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോഴും അത് ഞാനായിരിക്കുമെന്ന് ഭാവനയില്‍ കണ്ടു. അതിലെ കേന്ദ്ര കഥാപാത്രമൊഴികെ. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ഗംഭീരമായിരിക്കുന്നു. ആരാ ഇതിലെ നായകന്? മോഹന്‍ലാലോ അതോ ശങ്കറോ? ‘
‘അല്ല നീയാണ്.’ മറുപടി പറഞ്ഞത് ശ്രീനിയായിരുന്നു.
കിലുക്കം എന്ന സിനിമയില്‍ ഇന്നസെന്റ് പറഞ്ഞത് മാതിരി, ‘ഞാനത് കുറേ കേട്ടിട്ടുണ്ട്’ എന്ന പ്രതികരണമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
‘നിനക്കെന്താ കുഴപ്പം. നീ തന്നെ ഈ വേഷം ചെയ്യും.’ ശ്രീനി തറപ്പിച്ച് പറഞ്ഞു.
അതുവരെ ശാന്തനായിരുന്നു സിബി പറഞ്ഞു. ‘എന്റെ സിനിമയിലെ നായകന് മുകേഷാണ്.’
എനിക്ക് അത്ഭുതമാണ് തോന്നിയത്. സിബിയും ശ്രീനിയും ചേര്‍ന്ന് ഒരുക്കുന്ന ഒരു തിരക്കഥയില്‍ ഞാന്‍ നായകനാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് അവിശ്വസനീയമായിരുന്നു. അങ്ങനെ സിബിമലയില്‍ ആദ്യമായി സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ. എന്ന ചിത്രത്തിലെ നായകന് ഞാനായി. സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും അന്ന് അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പില്ക്കാലത്ത് ഞാന്‍ തമിഴില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ ആവേശപൂര്‍വ്വം പറഞ്ഞതും മുത്താരംകുന്ന് പി.ഒയെക്കുറിച്ചായിരുന്നു.
സംവിധായകന് സിബി മലയിലിന്റെ ശിഷ്യന്മാര് ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ച ‘ഹൃദയസിബിരം’ എന്ന ചലങ്ങില് പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിബിയുടെ ആദ്യ നായകനായിരുന്ന മുകേഷ് തന്റെ അനുഭവം പങ്കുവച്ചത്.
Recent Comments