ഒരു ഫോട്ടോയില്‍ സിദ്ധാര്‍ത്ഥ് ഭരതനും സ്വാസികയ്ക്കുമൊപ്പം നില്ക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് അകാലത്തില്‍ പൊലിഞ്ഞ നടന് ജിഷ്ണുവിനെയാണ്. ജിഷ്ണുവിന്റെ ഛായ അവിടവിടെ ആ ചെറുപ്പക്കാരനില്‍ കാണാമായിരുന്നു. പിന്നീട് ആ ചെറുപ്പക്കാരനെ തിരഞ്ഞുപിടിച്ചു വിളിച്ചു. വിളിക്കാന്‍ പ്രത്യേകിച്ചൊരു കാരണവുമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ ആദ്യം തിരഞ്ഞ പേരുകാരിലൊരാള്‍ ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയ പ്രതീഷ് വര്മ്മെയയാണ്. അതിനുശേഷമാണ് സിദ്ധാര്‍ത്ഥിനും സ്വാസികയ്ക്കുമൊപ്പമുള്ള പ്രതീഷിന്റെ ഫോട്ടോ ശ്രദ്ധയില്‍ പെടുന്നതും. പ്രതീഷിനെ വിളിക്കുമ്പോള്‍ അയാള്‍ മുംബയിലായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം മുംബയിലാണ് സ്ഥിരതാമസം.
ജിഷ്ണുവിന്റെ ഛായയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതീഷും പറഞ്ഞു. ‘അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്.’
പലരും കരുതുന്നതുപോലെ പ്രതീഷിന്റെ ആദ്യചിത്രമല്ല ചതുരം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളിപോയ് ആണ് പ്രതീഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് ആദ്യം പുറത്തിറങ്ങിയ ചിത്രം. അതിനുമുമ്പ് ഒരു ഹിന്ദിചിത്രത്തിനും ഒരു മലയാള ചിത്രത്തിനും ഛായാഗ്രഹണം ഒരുക്കിയിരുന്നു. പക്ഷേ രണ്ടും പുറത്തിറങ്ങിയില്ല. കിളിപോയ്-ക്കുശേഷം എബ്രിഡ് ഷൈന്റെ 1983, ലാല്‍ജോസിന്റെ ഏഴ് സുന്ദര രാത്രികള്‍, ജനുസ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ, വിനയ് ഗോവിന്ദിന്റെ തന്നെ കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും പ്രതീഷ് ക്യാമറ ചലിപ്പിച്ചു. അതിന്റെ തുടര്‍ച്ച മാത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം. പതിവുപോലെ ചതുരത്തിനുവേണ്ടിയും അദ്ദേഹം മനോഹരമായ ദൃശ്യങ്ങളൊരുക്കി. നിവിന്‍പോളി നായകനാകുന്ന താരമാണ് പ്രതീഷ് കമ്മിറ്റ് ചെയ്തിരിക്കുന്ന പുതിയ മലയാളചിത്രം. ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുന്ന ഒരു ഹിന്ദി ചിത്രത്തിന്റെ ക്യാമറാമാനും പ്രതീഷാണ്.
തൃശൂര്‍ സ്വദേശിയാണ് പ്രതീഷ് വര്‍മ്മ, തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയശേഷമാണ് പ്രതീഷിന്റെ ശ്രദ്ധ സിനിമയിലേയ്ക്ക് തിരിയുന്നത്. അതിനുംമുമ്പേ ഫോട്ടോഗ്രാഫിയില്‍ പ്രതീഷിന് കമ്പമുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ലെങ്കിലും അധികം വൈകാതെ പ്രതീഷ് വര്‍മ്മ പ്രശസ്ത ഛായാഗ്രാഹകന്‍ ലോക്നാഥിന്റെ സഹായിയായി. മൂന്നരവര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് മുംബയിലേയ്ക്ക് ചേക്കേറുന്നത്. തുടര്‍ന്ന് വിനോദ്, കാര്‍ത്തിക് വിജയ് തുടങ്ങിയവരുടെ കീഴിലും പ്രവര്‍ത്തിച്ചു. ആഡ് ഫിലിം ചെയ്യാനെത്തിയ ഒട്ടനവധി വിദേശ ഛായാഗ്രാഹകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യവും പ്രതീക്ഷിനുണ്ടായി. പരസ്യചിത്രങ്ങളിലൂടെയാണ് പ്രതീഷിന്റെയും തുടക്കം. ഇന്നും പരസ്യരംഗത്ത് ഏറെ തിരക്കുള്ള ക്യാമറാമാന്മാരിലൊരാളാണ് പ്രതീഷ്. ഇതിനോടകം 250 ലേറെ പരസ്യചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിനും ഹിന്ദിക്കും പുറമേ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര് എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ക്യാമറ ചെയ്തതും പ്രതീഷാണ്. പ്രശസ്ത സംവിധായകന് പവിത്രന്റെയും കലാമണ്ഡലം ക്ഷേമാവതിയുടെയും മകള്‍ ഈവയാണ് പ്രതീഷിന്റെ ഭാര്യ.
Recent Comments