ഹേമന്ത് ജി. നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് ഡോ. ശശി തരൂര്‍ എം.പി.യാണ്. അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം.
‘ഇത് വളരെ വേഗത്തില്‍ സംഭവിച്ച ഒരു കാര്യമാണ്. ശശി തരൂര്‍ എറണാകുളത്ത് എത്തുന്നുണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തെ പെട്ടെന്ന് ബന്ധപ്പെടുകയായിരുന്നു. അദ്ദേഹവുമായി നിര്‍മ്മാതാക്കള്‍ക്കുള്ള സൗഹൃദം കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി. അദ്ദേഹം അത് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇടതുപക്ഷ ചായ്വുള്ള ഒരു ചലച്ചിത്രമെന്ന നിലയില്‍ ശശി തരൂരിനെ പോലൊരാള്‍ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാല്‍ നന്നാകുമെന്ന് തോന്നി. അതിന് ഒരുപാട് രാഷ്ട്രീയമാനങ്ങളുണ്ട്. ഒപ്പം പുതുമയും.’ സംവിധായകന് ഹേമന്ത് ജി. നായര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
ഫുട്ബോള്‍ പ്രേമിയും ഇടതുപക്ഷകാരനുമായ ആലപ്പുഴയിലെ ഒരു യുവാവിന് ആശ്രിതനിയമനം വഴി കണ്ണൂരിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെ സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തില്‍ തികച്ചും രസാവഹമായി അവതരിപ്പിക്കുകയാണ് ചിത്രം. ഇടതുപക്ഷ നേതാവിനെ സുരാജ് വെഞ്ഞാറമൂടും ഗണ്‍മാനെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിക്കുന്നു. പുതുമുഖം സങ്കീര്‍ത്തനയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്, ഇന്ദ്രന്‍സ്, വിനീത് കുമാര്‍, ജയപ്രകാശ് കുളൂര്‍, സഞ്ജു ശിവറാം, അഭിഷേക്, അബു സലിം, ഗിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹിഗ്വിറ്റയുടെ ഗ്രാഫിക്സ് വര്‍ക്കുകളും റീറിക്കോര്ഡിംഗുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ അവസാനം ചിത്രം തീയേറ്ററില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു.
സെക്കന്റ് ഹാഫ് പ്രൊഡക്ഷന്സിന്റെയും മാംഗോസ് എന്‍ കോക്കനട്ട്സിസിന്റെയും ബാനറില്‍ ബോബി തര്യന് – സജിത് അമ്മ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വിനായക് ശശികുമാര്‍, ധന്യാ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഡോണ്‍ വിന്‍സന്റാണ് റീറിക്കോര്ഡിംഗ് ചെയ്യുന്നത്. ഫാസില്‍ നാസര്‍ ഛായാഗ്രാഹകനും പ്രസീദ് നാരായണന് എഡിറ്ററുമാണ്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments