പ്രശസ്ത നടന് കൊച്ചുപ്രേമന് അന്തരിച്ചു. 67 വയസ്സായിരുന്നു. ഷുഗര്‍നില ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്ന് വീട്ടിനടുത്തുള്ള എസ്.കെ. ഹോസ്പിറ്റലില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരുമണിക്കൂര്‍ മുമ്പാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൃതദേഹം ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്.
നാടകനടനായിട്ടാണ് കെ.എസ്. പ്രേംകുമാര്‍ എന്ന കൊച്ചുപ്രേമന്റെ തുടക്കം. കാളിദാസ കലാകേന്ദ്രം, സംഘചേതന, കേരള തീയേറ്റേഴ്സ് തുടങ്ങിയ നാടക സമിതികളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. രാജസേനന് സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. നീട്ടികുറുക്കിയ കൊച്ചുപ്രേമന്റെ സംഭാഷണശൈലി പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. പൃഥ്വിരാജ് നായകനായി അഭിനയിച്ച കടുവയാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.
തെങ്കാശിപ്പട്ടണം, നരിമാന്, സത്യം, ഉടയോന്, ഇന്‍സ്പെക്ടര്‍ ഗരുഡ്, ഛോട്ടാമുംബൈ, ക്രേസി ഗോപാലന്, മൈ ബിഗ് ഫാദര്‍, ശിക്കാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഓര്‍ഡിനറി, മായാമോഹിനി, ട്രിവാന്‍ഡ്രം ലോഡ്ജ്, ലീല, ആക്ഷന്‍ ഹീറോ ബിജു, തട്ടുംപുറത്ത് അച്ചുതന്, ദി പ്രീസ്റ്റ് തുടങ്ങിയവ കൊച്ചുപ്രേമന് വേഷമിട്ട പ്രധാന സിനിമകളാണ്.
അഭിനേത്രി കൂടിയായ ഗിരിജയാണ് ഭാര്യ. ടി.ജി. ഹരികൃഷ്ണന് ഏക മകനാണ്.
മാസങ്ങള്‍ക്ക് മുമ്പ് ശാസ്വകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം കിംസ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി തിരിച്ചെത്തിയതിനുശേഷം സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങി. ഇതിനിടയിലാണ് മരണം ആ അതുല്യകലാകാരനെ കവര്‍ന്നുകൊണ്ട് പോയത്.
Recent Comments