ഇന്നലെ ലേ മെറിഡിയന് ഹോട്ടല്‍ തിങ്ങി നിറഞ്ഞത് മുഴുവനും താരങ്ങളെക്കൊണ്ടായിരുന്നു. മൂന്ന് ചിത്രങ്ങളുടെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടിയാണ് സിനിമാലോകം ഒന്നടങ്കം അവിടെ ഒത്തുകൂടിയത്. ഈ മൂന്ന് ചിത്രങ്ങളുടെയും നിര്‍മ്മാതാവ് ഒരാളായിരുന്നു- വേണു കുന്നപ്പിള്ളി. നിര്‍മ്മാണ പങ്കാളിയായി ആന്റോ ജോസഫുമുണ്ട്. വേണുവിന്റെ കാവ്യാഫിലിംസും ആന്റോ ജോസഫിന്റെ ആന്‍ മെഗാമീഡിയയും ചേര്‍ന്നാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന ചലച്ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നിര്‍വ്വഹിക്കാനാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രംകൂടിയാണ് 2018. കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ലാല്‍, നരേന് തുടങ്ങിയവരാണ് താരനിരയിലുള്ള പ്രമുഖര്‍. ഇവരില്‍ ആസിഫ് അലിയും ലാലും ഒഴിച്ച് മറ്റുള്ളവരെല്ലാം ചടങ്ങില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു.
2018 എന്ന ചിത്രത്തില്‍ മാത്രമല്ല, ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചാവേറിലെ കേന്ദ്രകഥാപാത്രവും കുഞ്ചാക്കോ ബോബനാണ്. ആ നിലയ്ക്ക് രണ്ട് ചാക്കോച്ചന് ചിത്രങ്ങളുടെ ട്രെയിലര്‍ ലോഞ്ചായിരുന്നു അവിടെ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചാവേറിന്റെ ട്രെയിലര്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് ടൈറ്റില്‍ പോസ്റ്ററാണ് റിലീസ് ചെയ്തത്. സംവിധായകന് ജോഷിയാണ് ടൈറ്റില്‍ പോസ്റ്ററിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഉണ്ണി മുകുന്ദന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാളികപുറത്തിന്റെയും ട്രെയിലര്‍ ലോഞ്ചും സോങ് റിലീസും അവിടെ നടന്നു. ട്രെയിലര്‍ ലോഞ്ച് ചെയ്തത് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയായിരുന്നു. സോങ് റിലീസ് ജോഷി നിര്‍വ്വഹിച്ചു. ചിത്രത്തിനുവേണ്ടി വോയിസ് ഓവര്‍ നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ്. ചടങ്ങില്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യം ആ നിലയ്ക്കും ശ്രദ്ധേയമായി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാളികപുറത്തിന്റെ ട്രെയിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി റിലീസ് ചെയ്യും.
ഇതാദ്യമായിട്ടാണ് മൂന്ന് മലയാള ചിത്രങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ഒരുമിച്ച് നടക്കുന്നത്. അതില്‍ പങ്കുകൊള്ളാന്‍ താരങ്ങളും ഏറെ ആവേശത്തോടെയാണ് എത്തിയത്. വളരെ നാളുകള്‍ക്കുശേഷം ഒരുമിച്ച് കണ്ടതിന്റെ സന്തോഷവും അവര്‍ പങ്കുവച്ചു.
Recent Comments