‘നന് പകല്‍ നേരത്തു മയക്കം’ എന്ന സിനിമ പറയുന്നത്, ജെയിംസ് എന്ന ഒരു നാടക കലാകാരനെയും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയെക്കുറിച്ചുമാണ്. ഉറക്കം സ്വാഭാവികമായും സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. പ്രത്യേകിച്ചും പട്ടാപകലുള്ള ഉറക്കം.
‘ഗാഢനിദ്രയെന്നാല് മരണത്തിനു സമാനമാണ്. ഉറക്കമുണരല്‍ പുതിയൊരു ജനനവും’ തിരുക്കുറള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ ജീവിത തത്ത്വശാസ്ത്രത്തെ ആസ്വാദ്യകരമായ രീതിയില്‍, അതിമനോഹരമായ കഥയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
ഒരു പക്ഷെ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് മറ്റെല്ലാ ലിജോ സിനിമകളും പോലെ വ്യത്യസ്തവും അതിമനോഹരവുമായ സൗണ്ട് ഡിസൈനിങ് തന്നെയാണ്.
അന്ധയായ ഒരു കഥാപാത്രം സിനിമയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നതും കേള്‍ക്കുന്നതും പഴയ കാല തമിഴ് സിനിമാ ഗാനങ്ങളും രംഗങ്ങളുമാണ്. ഇടയ്ക്കിടെ കഥയുടെ ഗതിക്കനുസൃതമായി ചില ഡയലോഗുകള്‍ വ്യക്തമായും മറ്റുള്ളവ പശ്ചാത്തലത്തിലും കേള്‍പ്പിക്കുന്നതിലൂടെ സിനിമയ്ക്ക് എന്തെന്നില്ലാത്ത ഒരു ഭംഗി കൈവരുന്നു. പ്രേക്ഷകനെ തികച്ചും തമിഴ്നാട്ടിലേക്കാവാഹിക്കുന്ന ഒരുതരം ഫീല്‍. ഒരു പക്ഷെ ആ ബാക്ക്ഗ്രൗണ്ട് സൗണ്ടുകള്‍ ഇല്ലെങ്കില്‍ സിനിമയുടെ ആത്മാവ് തന്നെ നഷ്ട്ടപ്പെട്ടു പോയേനെ.
സിനിമയുടെ കഥ എവിടെയോ തുടങ്ങി മറ്റെവിടെയോ ചെന്നവസാനിക്കുന്ന നിഗൂഢമായ ഒന്നല്ല. കൃത്യമായ ത്രീ ആക്ട് സ്ട്രക്ചര്‍ പാലിക്കുന്ന തിരക്കഥയെ, ശക്തമാക്കുന്ന എക്സ്പൊസിഷന്‍ എന്ന സ്റ്റോറി ടെല്ലിങ് ടൂളും വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എക്സ് പൊസിഷനുകളില്‍ പ്രധാനമായി എടുത്തു പറയേണ്ടത് ലോഡ്ജിലെ റിസപ്ഷനില്‍ പതിച്ചിരിക്കുന്ന തിരുക്കുറളിന്റെ ഒരു ബോര്‍ഡാണ്.
പച്ചയും നീലയും കലര്‍ന്ന കളര്‍ സ്കീം ഉപയോഗിച്ചാണ് ബാക്ഗ്രൗണ്ടുകളും കോസ്റ്റ്യൂമുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം മനോഹരമായ തമിഴ് റിട്രോ മ്യൂസിക് കലര്‍ന്ന ബാക്ക്ഗ്രൗണ്ട് സോങുകള്‍ കൂടി ചേരുമ്പോള്‍ ഫിലിം മേക്കിങ്ങിന്റെ പ്രൊഫഷണലിസം ലിജോ ഒന്ന് കൂടി പുഷ്ടിപ്പെടുത്തി. അത് സിനിമയുടെ ഓരോ ഷോട്ടും ദൃശ്യ- ശ്രവ്യ ഭംഗികൊണ്ട് മനോഹരമാക്കാന്‍ സഹായിക്കുന്നു.
സിമ്പോളിസം വളരെ വിദഗ്ദ്ധമായി ഈ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. ഒരു തമിഴ് സ്ത്രീയും മകളും ജനാലയുടെ അഴികള്‍ക്കുള്ളില്‍ നില്ക്കുന്ന അതേ ഷോട്ടില്‍ പുറത്തിരിക്കുന്ന ഒരു മലയാളി അമ്മയും മകനും കൂടി വന്നപ്പോള്‍ സിനിമയിലെ ഏറ്റവും മനോഹരമായ ഷോട്ടായി അത് മാറി. കാരണം, ആ ഒരൊറ്റ ഷോട്ടില്‍ കഥാപാത്രങ്ങളുടെ അവസ്ഥ വളരെ വ്യക്തമായി വരച്ചിടാന്‍ കഴിഞ്ഞു എന്നത് കൊണ്ടാണ്.
ജെയിംസ് എന്ന കഥാപാത്രത്തില്‍ നിന്ന് സുന്ദരം എന്ന കഥാപാത്രത്തിലേക്കുള്ള വേഷപ്പകര്‍ച്ച വസ്ത്രാലങ്കാരത്തിലൂടെ (വെള്ള മുണ്ടില്‍നിന്ന് കള്ളി ലുങ്കിയിലേക്ക്) പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന് അനായാസം കഴിഞ്ഞിട്ടുണ്ട്. അവസാന രംഗങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള കാക്കയും പട്ടിയും കണ്ണാടിയും കൂട്ട ഉറക്കവും അമ്മയുടെ അന്ധതയും അച്ഛന്റെ വാത്സല്യവുമൊക്കെ വളരെ മനോഹരമായി കഥയുടെ ആത്മാവ് എന്താണെന്നു മനസ്സിലാക്കിത്തരാന്‍ ആസ്വാദകനെ സഹായിക്കുന്നുണ്ട്.
തന്റെ നിഴലിനെ അവിടെ നിര്‍ത്തി, വസ്ത്രം മാറി പുറത്തേക്കിറങ്ങുന്ന സുന്ദരം പറയുന്ന ഒരു വരി ഡയലോഗിലൂടെ സിനിമ പറയാന്‍ വച്ച ആശയങ്ങള്‍ എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞുതരുകയാണ് സംവിധായകന്.
ഒരു പ്രധാന കാര്യം കൂടി പറയട്ടെ ഈ സിനിമയില്‍ മമ്മൂട്ടി എന്ന നടന് കുറച്ചു സെക്കന്റുകള്‍ മാത്രമേ ഉള്ളൂ. നാടക സമിതിയുടെ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സിനിമയില്‍ (സാമ്രാജ്യം സിനിമയിലെ ഒരു രംഗം) മാത്രമാണ് മമ്മൂട്ടി എന്ന നടന് പ്രത്യക്ഷപ്പെടുന്നത്. ഇത്രയും മനോഹരമായ ഒരു സിനിമ നിര്‍മ്മിച്ചതിനും സുന്ദരത്തെയും ജെയിംസിനെയും അവിസ്മരണീയമാക്കിയതിനും മമ്മൂട്ടി അഭിനന്ദനം അറിയിക്കുന്നു. ലോക സിനിമയ്ക്ക് മുന്നില്‍ അഭിമാനപൂര്‍വ്വം മലയാളിക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന സിനിമ തന്നെയാണ് ലിജോ പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം.
-അനില്‍ മതിര
Recent Comments