അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് മലയാളത്തിലെ 32 സംവിധായകര്‍ ചേര്‍ന്നാണ്. അതും ഇന്ന് രാവിലെ. അതായത് നവംബര്‍ 2 ന്. ഈ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. ചാക്കോച്ചന്റെ ജന്മദിനമാണ്.
ജന്മാദരവിന്റെ ഭാഗമായി 32 സംവിധായകര്‍ ചേര്‍ന്ന് ചാക്കോച്ചന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയപ്പോള്‍ പലര്‍ക്കും സംശയം. ചാക്കോച്ചന് വയസ്സ് മുപ്പത്തിരണ്ടേ ഉള്ളോ? സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് താഴെ ചിലരത് രേഖപ്പെടുത്തിയും കണ്ടു. അവരെയും കുറ്റം പറയരുതല്ലോ. ആളെ ഇപ്പോള്‍ കണ്ടാലും ചുള്ളനാണ്. 32 തികച്ചും പറയില്ല. പക്ഷേ അതല്ലല്ലോ? സംശയം ദൂരീകരിക്കുകതന്നെ വേണം. ചിലര്‍ വിക്കിപീഡിയ വരെ പരിശോധിച്ചു. മറ്റു ചിലര്‍ അറിയാവുന്നവരോടൊക്കെ വിളിച്ചു ചോദിച്ചു. 76 ലാണ് ചാക്കോച്ചന്റെ ജനനമെന്ന് അന്വേഷണറിപ്പോര്‍ട്ടും വന്നു. കൂട്ടിയും കിഴിച്ചുമൊക്കെ പ്രായവും ഗണിച്ചു, 44.
അപ്പോള്‍ ആളെ പറ്റിക്കാന്‍ വേണ്ടി ചെയ്ത പണിയാവുമോ? അല്ലേയല്ല. പിന്നെയോ? 32 സംവിധായകരെവച്ച് പോസ്റ്റര്‍ റിലീസ് ചെയ്തുവെന്നേയുള്ളൂ. ഈ 32 പേരും ചാക്കോച്ചനെ വച്ച് സിനിമ ചെയ്ത സംവിധായകരുമാണ്. ഇവര്‍ മാത്രമാണോ ചാക്കോച്ചന്റെ സിനിമ ചെയ്തിട്ടുള്ളത്? അതുമല്ല. അറുപതിലേറെ വരും ആ സംഖ്യ. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരെയും സമീപിക്കാന്‍ കഴിയാത്തതുകൊണ്ട് ഉള്ളവരെവച്ച് അഡ്ജസ്റ്റ് ചെയ്തു. അതാണ് വാസ്തവം.
അല്ലെങ്കിലും പ്രായമല്ലല്ലോ പ്രശ്നം. കര്‍മ്മമാണ്. കര്‍മ്മവഴിയില്‍ ചാക്കോച്ചന് ഇപ്പോഴും സജീവമാണ്. നിത്യ കൗമാരതാരമായി തുടരുകയും ചെയ്യുന്നു. അതിനിയും തുടരട്ടെ. ചാക്കോച്ചന് നിറഞ്ഞ പിറന്നാല്‍ ആശംസകള്‍.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments