കൈവിട്ടുപോയ വാക്കുകളെയോര്‍ത്ത് ലജ്ജിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത വാരത്തില്തന്നെയാണ് പുറംലോകം മറ്റൊരു നാണംകെട്ട വാര്‍ത്ത കേട്ടത്. അതും കേരളത്തില്‍നിന്നുതന്നെയാണ്. കോട്ടയം ജില്ലയില്‍ ചെങ്ങളത്ത് പ്രവര്‍ത്തിക്കുന്ന കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട് എന്ന സ്ഥാപനത്തില്‍നിന്ന് ഉയര്‍ന്ന് കേട്ടത് ലജ്ജിപ്പിക്കുന്ന ജാതിവെറിയുടെ അനുഭവസാക്ഷ്യങ്ങളാണ്. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരടക്കം പിറന്നുപോയ ജാതിയുടെ പേരില്‍ മേലാളന്മാരില്നിന്ന് അനുഭവിക്കുന്ന തിരസ്ക്കാരങ്ങളും അവഹേളനങ്ങളും കേട്ട് തൊലിയുരിഞ്ഞ് പോവുകയാണ്.
പൂര്‍ണ്ണമായും കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനം കൂടിയാണ് കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട്. ദളിതനായി പിറന്ന്, ഇന്ത്യയുടെ പ്രഥമപൗരനായി വളര്‍ന്ന സര്‍വ്വാദരണീയനായ കെ.ആര്. നാരായണന്റെ പേരിലാണ് ആ സ്ഥാപനം എന്നുള്ളത് മലയാളി എന്ന നിലയില്‍ അഭിമാനത്തോടെമാത്രം ഹൃദയത്തിലേറ്റേണ്ടതാണ്. അവിടെനിന്നാണ് ജാതിയുടെ പേരിലുള്ള പ്രീണനങ്ങളും അവമതിപ്പുകളും ഉണ്ടാകുന്നത്.
ആ സ്ഥാപനത്തിന്റെ ചെയര്മാന് വിഖ്യാത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണ്. ഡയറക്ടര്‍ ശങ്കര്‍ മോഹനും. എഴുത്തുകാരനും നടനും സംവിധായകനുമൊക്കെയായി മലയാളസിനിമയില്‍ ഒരു ദശകത്തോളം പ്രവര്‍ത്തിച്ച ആളുതന്നെയാണ് ശങ്കര്‍ മോഹനും. എന്നു കരുതി അദ്ദേഹത്തിന്റെ കക്കൂസ് കഴുകാനല്ല അവിടുത്തെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അവഹേളനം കേള്‍ക്കാനല്ല സിനിമയെ വികാരമായി കൊണ്ടുനടക്കുന്ന ഒരു പറ്റം യുവത്വം അവിടെ അഡ്മിഷന് നേടിയത്. അങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടും അതിനെ തീരെ അവഗണിച്ച അടൂര്‍ ഗോപാലകൃഷ്ണന് നിങ്ങളെയോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നു. നിങ്ങളുടെ ഉള്ളിലെ സവര്ണ്ണഭേദം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്ക് കരുതേണ്ടിവരും.
ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന ഡയറക്ടറോട്, നിങ്ങളുടെ ആട്ടും തുപ്പും ഏല്‍ക്കാനുള്ള ബാധ്യത അവിടെ പഠിക്കുന്ന ഒരു ജാതിയിലും മതത്തിലും പെട്ട കുട്ടികള്‍ക്കില്ല. അതിനാണ് നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ പടിയടച്ച് പിണ്ഡം വയ്ക്കേണ്ടിവരും. അല്ലെങ്കില്‍ ഒരിക്കല്‍കൂടി ആര്‍ജ്ജവത്തോടെ ആ ശബ്ദമുയരണം. കടക്കൂ പുറത്ത്.
ഇക്കാര്യത്തില്‍ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പമാണ് ഞങ്ങളും. ഈ വാര്‍ത്ത പുറംലോകത്ത് എത്തിച്ച ദിക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.
ജാതിവെറിയന്മാരെ ഒരിക്കല്‍കൂടി ഒരു ഗുരുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.
കെ. സുരേഷ്
Recent Comments