കാപ്പയുടെ ഒഫീഷ്യല്‍ ലോഞ്ച് പൂര്‍ത്തിയായി. അതിഥികള്‍ ഓരോരുത്തരായി പിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നു. പരിപാടികളുടെ മുഖ്യ സംഘാടകനും ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന് സദസ്സിന് മുന്നിലെ ഒരൊഴിഞ്ഞ കസേരയില്‍ വന്നിരുന്നു. തൊട്ടടുത്ത് സംവിധായകന് ഷാജികൈലാസുമുണ്ടായിരുന്നു. ‘ഇന്നത്തെ ദിവസം എനിക്കേറെ വൈകാരികത നിറഞ്ഞതായിരുന്നു.’ ഉണ്ണികൃഷ്ണന് പറഞ്ഞു. തൊട്ടു പിന്നാലെ അദ്ദേഹം തലയമര്‍ത്തി പൊട്ടിക്കരഞ്ഞു. ഷാജി കൈലാസ് അദ്ദേഹത്തെ മുതുകില്‍ തലോടി ആശ്വസിപ്പിച്ചു. അവിടേയ്ക്ക് വ്യാസനും ബെന്നി പി. നായരമ്പലവും എത്തി. കാര്യം തിരക്കി. ‘പൊട്ടിപ്പോയതാണെ’ന്ന് ഷാജി പറഞ്ഞു.
‘എങ്ങനെയാണ് മറക്കാന്‍ കഴിയുക. ലോഹിതദാസ് മരിച്ചശേഷം അദ്ദേഹത്തിന്റെ വിറങ്ങലിച്ച ശരീരത്തെ അനുഗമിച്ച് ഞാനും ലക്കിടി വരെ പോയിരുന്നു. ജോണ്‍പോളും പോയത് ഇല്ലായ്മകളിലൂടെയാണ്. തൊട്ടുമുമ്പ് ശ്രീനിയേട്ടനെ കാറില്‍നിന്ന് പിടിച്ചിറക്കുമ്പോള്‍ ആ ശരീരത്തിന്റെ ദുര്‍ബലത ഞാന്‍ തിരിച്ചറിഞ്ഞു. വൈകാരികതയോടെയല്ലാതെ എനിക്കെങ്ങനെ ഈ നിമിഷങ്ങളെ ഓര്‍ക്കാനാകും.’ ഉണ്ണികൃഷ്ണന് പറഞ്ഞു.
ശരിയാണ്. ജീവിച്ചിരുന്നപ്പോള്‍ പേന കൊണ്ട് അത്ഭുതം കാട്ടിയവരായിരുന്നു ലോഹിയും ജോണ്‍പോളും. അങ്ങനെ നിരവധി പ്രതിഭകള്‍ വേറെയും. അവസാനകാലത്ത് ചികിത്സയ്ക്കുപോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചരുണ്ടായിരുന്നു. അവരുടെ പ്രയാസങ്ങളും ദുഃഖങ്ങളും ഒന്നൊഴിയാതെ പിന്തുടര്ന്നപ്പോഴാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന് ഒരു കരുതല്‍ വേണമെന്ന് ചിന്തിച്ച് തുടങ്ങിയത്. കോരിച്ചൊരിയുന്ന ഒരു മഴയത്ത് റൈറ്റേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി കൂടിയായ എ.കെ. സാജന് തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായ ജിനു വി. എബ്രഹാമിനോട് തന്റെ മനസ്സ് ആദ്യമായി തുറന്നു. അവിടുന്ന് തുടങ്ങിയ പ്രയത്നങ്ങളുടെ ഫലശ്രുതിയാണ് കാപ്പയെന്ന ചലച്ചിത്രവും.
കാപ്പ തുടങ്ങുന്നതിന് മുമ്പ് റൈറ്റേഴ്സ് യൂണിയന് ശക്തമായൊരു തീരുമാനമെടുത്തിരുന്നു. തങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരാളും പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കരുതെന്ന്. സൗജന്യമാകുമ്പോള്‍ ഏത് കലാഹൃദയവും പിന്നോട്ട് വലിയുന്ന അനുഭവങ്ങള്‍ അനവധി അവര്‍ക്ക് മുന്നില്‍ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അതുകൊണ്ടുകൂടിയാണ് കാപ്പ എന്ന ചലച്ചിത്രം ഏറ്റവും മനോഹരമായി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതും. ഒന്നരക്കോടി രൂപയാണ് കാപ്പയുടെ നിര്‍മ്മാതാക്കളായ ഡോള്‍വിനും ദിലീഷും ജിനുവും കൂടി ചേര്‍ന്ന് റൈറ്റേഴ്സ് യൂണിയന് നല്‍കിയത്. പ്രതിമാസം 15000 രൂപ റൈറ്റേഴ്സ് യൂണിയനിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് നല്‍കുമെന്ന് ഉണ്ണികൃഷ്ണന്റെ പ്രഖ്യാപനവുമുണ്ടായി. ഒരു തൊഴിലാളി സംഘടനയും ഇത്രയും ഉയര്‍ന്ന തുക തങ്ങളുടെ അംഗങ്ങള്‍ക്ക് നല്കിയ ചരിത്രവുമില്ല. ആ നിലയ്ക്കും റൈറ്റേഴ്സ് യൂണിയന് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ വിപ്ലവങ്ങളും മഷി ഉണങ്ങാത്ത പേനകളിലൂടെയാണ് സംഭവിച്ചിട്ടുള്ളത്. ഇവിടെയും അതിന് തുടര്‍ച്ചയുണ്ടായിരിക്കുന്നു…
എടുത്ത് പറയേണ്ട രണ്ട് പേരുകാരുണ്ട്. ഒരാള്‍ ഷാജി കൈലാസാണ്. കാപ്പ ആദ്യം സംവിധാനം ചെയ്യാനിരുന്നത് അദ്ദേഹമല്ല. മറ്റൊരാള്‍ ഒഴിഞ്ഞുവച്ചുപോയ ആ ദൗത്യം സന്തോഷത്തോടെ ഏറ്റടുത്ത് അതിനെ വിജയപ്രാപ്തിയിലെത്തിച്ചതും ഷാജി കൈലാസാണ്. അതിനദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു. മറ്റൊരാള്‍ പൃഥ്വിരാജാണ്. റൈറ്റേഴ്സ് യൂണിയന് നിര്‍മ്മിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് തുറന്നുപറഞ്ഞ നടനാണ് പൃഥ്വി. ഇനിയും അവരുടെ സിനിമകളില്‍ അദ്ദേഹം അഭിനയിക്കുമെന്ന് ഉറപ്പും നല്കി. ആ ചങ്കുറപ്പിനും ഹാറ്റ്സ് ഓഫ്.
ഇന്ത്യയില്‍ ഒരു തൊഴിലാഴിസംഘടനയ്ക്കും ഇത്തരത്തിലൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ഉണ്ണികൃഷ്ണന്റെ വരികളെ തിരുത്തിയത് സംഘടനയ്ക്ക് ഒരു ഫണ്ട് ആവശ്യമാണെന്ന ലക്ഷ്യവുമായി ആദ്യം ഇറങ്ങിത്തിരിച്ച സംവിധായകന് ഫാസിലായിരുന്നു. ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നായിരുന്നു ഫാസിലിന്റെ സാക്ഷ്യം. ഇത് ഒരുമയുടെയും നന്മയുടെയും കാരുണ്യത്തിന്റെയും ഒത്തുചേരലാണ്. ഫെഫ്കയിലെയും ഏക മനസ്സോടെ പ്രവര്‍ത്തിച്ച റൈറ്റേഴ്സ് യൂണിയനിലെ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഞങ്ങള്‍ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു.
കെ. സുരേഷ്
Recent Comments