ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഫണ്ട് ശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായിരുന്നു കാപ്പ. അതിന്റെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചത് തീയേറ്റര്‍ ഓഫ് ഡ്രീംസിനെയും സരിഗമയെയും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പായി 50 ലക്ഷം രൂപയും ഇക്കഴിഞ്ഞ ദിവസം നടന്ന കാപ്പയുടെ ലോഞ്ചിംഗ് ചടങ്ങില്‍വച്ച് ഒരു കോടി രൂപയും നിര്‍മ്മാതാക്കള്‍ റൈറ്റേഴ്സ് യൂണിയന് കൈമാറിയിരുന്നു. റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റ് കൂടിയായ എസ്.എന്‍. സ്വാമിയാണ് നിര്‍മ്മാതാവ് ഡോള്വിനില്നിന്ന് ഈ തുക ഏറ്റുവാങ്ങിയത്.
ഇതിനൊപ്പം പൃഥ്വിരാജും തന്റെ പ്രതിഫലത്തില്‍നിന്ന് 25 ലക്ഷം രൂപ റൈറ്റേഴ്സ് യൂണിയന് നല്കി. ഈ വിവരം ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണനാണ് വേദിയില്‍ വെളിപ്പെടുത്തിയത്. ഒരു വലിയ തുക പൃഥ്വിരാജ് നല്‍കിയെന്ന് മാത്രമേ അന്നദ്ദേഹം പറഞ്ഞിരുന്നുള്ളൂ.
റൈറ്റേഴ്സ് യൂണിയന്റെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ചിരുന്ന ചിത്രമായിട്ടുകൂടിയും അതിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം പ്രതിഫലം പറ്റിയിരുന്നു. അതിന്റെ ഒരു വീതമാണ് പൃഥ്വിരാജ് റൈറ്റേഴ്സ് യൂണിയന് നല്‍കിയത്. തനിക്കതിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ നല്കാന് കഴിയില്ലെന്ന് തുറന്നു പറയാന്‍ ആസിഫ് അലിയും മടി കാണിച്ചില്ല.
Recent Comments