സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ എനിക്ക് പകര്‍ന്നുതന്നത് കമലാക്ഷിയമ്മയാണ്. (പ്രശസ്ത ഗായകന് എം.ജി. ശ്രീകുമാറിന്റെ അമ്മ). പിന്നെ എന്റെ സംഗീതഗുരു എന്ന് പറയാവുന്നത് ദക്ഷിണാമൂര്‍ത്തി സ്വാമിയും. 35 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. പ്രായംകൊണ്ട് ഞാനദ്ദേഹത്തിന് മകനെപ്പോലെയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് ഞങ്ങള്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ചത്. അതില്‍ പ്രശസ്തമായ ഒരു ഗാനമാണ് ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…’ ആ പാട്ടിന്റെ പിറവിക്ക് പിന്നില്‍ രസകരമായൊരു സംഭവമുണ്ട്.
കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. ടി.ഇ. വാസുദേവനാണ് നിര്‍മ്മാതാവ്. ആ പാട്ടിന്റെ വരികള്‍ക്കുവേണ്ടി സ്വാമി നിരവധി ട്യൂണുകളിട്ടു. പക്ഷേ നിര്‍മ്മാതാവിന് അതൊന്നും ഇഷ്ടമായില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിഷമമായി. കുറച്ച് ലൈറ്റായി ആ ഗാനം ചെയ്യാമെന്ന് ഞാന്‍ സ്വാമിയോട് പറഞ്ഞു നോക്കി. പെട്ടെന്ന് സ്വാമി എന്നോട് ദേഷ്യപ്പെട്ടു.
‘തന്റെ പാട്ട് കൊള്ളില്ല, മാറ്റിയെഴുതു.’ സ്വാമി പറഞ്ഞു.
‘മാറ്റിയൊന്നും എഴുതണ്ട, ഒന്നാന്തരം പാട്ടാണ്. അത് സൂപ്പര്‍ഹിറ്റാവും.’ ഞാന്‍ ശാന്തനായി പ്രതികരിച്ചു.
പെട്ടെന്ന് സ്വാമി ഞാനെഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. എന്നിട്ട് പുറത്തേയ്ക്ക് പോയി. ഒന്ന് മുറുക്കിയശേഷം തിരിച്ചുവന്നു. എന്നിട്ട് ചുരുട്ടിയെറിഞ്ഞ പേപ്പര്‍ സ്വാമിതന്നെ എടുത്തു. ഹാര്മോണിയത്തില്വച്ച് നിവര്‍ത്തി. എന്നിട്ട് എന്നോട് പറഞ്ഞു.
‘എന്താ തന്റെ മനസ്സിലുള്ളത്. ഒരു ഉദാഹരണം പറയൂ.’
അപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരു പാട്ട് ഞാന്‍ പാടി.
‘പട്ടഴക് തങ്കമുഖം തിരുനാളോ
അവള് കിട്ടവന്ത് കട്ടിമുത്തം തരുവാളോ’
എന്നിട്ട് ആ പാട്ടിന്റെ ഈണത്തില്‍ ഞാന്‍ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ എന്ന് പാടി.
പെട്ടെന്ന് സ്വാമി പറഞ്ഞു. ‘ഇത് രാഗം മോഹനം. നമുക്ക് താളം മാറ്റം.’ അങ്ങനെയാണ് ആ മനോഹര ഗാനം പിറവി കൊള്ളുന്നത്.
‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം.’
Recent Comments