ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം ഇത്രയേറെ ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും? ഉത്തരം വളരെ ലളിതമാണ്. A Rare Blending of Combination. രണ്ട് അസാധാരണ പ്രതിഭകളുടെ സംഗമം.
അടുത്ത കുറേ നാളുകളായി മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് ആര്‍ക്കും വലിയ അഭിപ്രായങ്ങളില്ല. ലാലിനിതെന്ത് പറ്റി എന്ന് ചോദിക്കുന്നവരാണ് ഏറെയും. അഭിനയ മികവുകളിലേയ്ക്ക് ലാല്‍ ഉയരുന്നില്ല എന്ന് പരാതിപ്പെടുന്നവരുമുണ്ട്. വാസ്തവത്തില്‍ ലാലിന്റെ അഭിനയത്തിനല്ല കുഴപ്പം. ലാലിലെ അഭിനേതാവിനെ വെല്ലുവിളിക്കുന്ന കഥയും കഥാപാത്രങ്ങളും ഉണ്ടാകുന്നില്ല. അതാണ് യഥാര്‍ത്ഥ കാരണം. അതുതന്നെയാണ് ലിജോ-ലാല്‍ ചിത്രത്തിന്റെ പ്രസക്തിയും.
ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ലിജോ ജോസ് പെല്ലിശ്ശേരി ഓരോ ചിത്രങ്ങള്‍ പിന്നിടുമ്പോഴും കൂടുതല്‍ ഉയരങ്ങളെ തൊടുകയാണ്. ദേശീയതലത്തില്‍ മാത്രമല്ല, അന്തര്‍ദ്ദേശീയ തലത്തിലേക്കും അദ്ദേഹത്തിന്റെ പെരുമ വളര്‍ന്നു. ആ നിലയ്ക്ക് അദ്ദേഹം ഒരുക്കുന്ന വര്‍ണ്ണാഞ്ചിതമായ കളങ്ങളിലേയ്ക്ക് ലാലിനെ കൂട്ടിക്കൊണ്ട് വരിക എന്ന ദൗത്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. അവിടെ നിറഞ്ഞാടാന്‍ ലാലിനെപ്പോലൊരു പ്രതിഭാധനന് നിമിഷങ്ങളേ വേണ്ടൂ. ആ മാജിക്കിനെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളതുകൊണ്ടാണ് പ്രേക്ഷകരും മലൈക്കോട്ടൈ വാലിബനില്നിന്ന് വളരെയേറെ പ്രതീക്ഷിക്കുന്നത്.
ഏറെ ബില്‍ഡ് അപ്പുകള്ക്കുശേഷം ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ലിജോ-ലാല്ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത്. മലൈക്കോട്ടൈ വാലിബന്. ഗുസ്തിക്കാരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരിതന്നെ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഗുസ്തി പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ പ്രേക്ഷകരെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്. ആമീര്‍ഖാന്റെ ദംഗല്‍, സല്‍മാന്‍ഖാന്റെ സുല്‍ത്താന്‍, ടൊവിനോ തോമസിന്റെ ഗോദ, ആര്യയുടെ സര്‍പ്പാട്ട പരമ്പര അങ്ങനെ നീളുന്നു ഏറ്റവും ഒടുവിലത്തെ പേരുകള്‍. ആ പട്ടികയിലേയ്ക്ക് മലൈക്കോട്ടൈ വാലിബനും എത്തുന്നുവെന്നതല്ല, ആ ശ്രേണിയില്‍ അതിന്റെ സ്ഥാനം എവിടെയായിരിക്കും എന്നുമാത്രമേ ഇനി നിശ്ചയിക്കപ്പെടാനുള്ളൂ.
ജനുവരി മധ്യത്തോടെ രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി മുന്‍ മന്ത്രികൂടിയായ ഷിബു ബേബിജോണ്‍ ആരംഭിച്ച ജോണ്‍ & മേരി ക്രിയേഷന്റെ ബാനറിലാണ് മലൈക്കോട്ടൈ വാലിബന് നിര്‍മ്മിക്കുന്നത്. കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും കെ.സി. ബാബുവിന്റെ മാക്സ് ലാബും നിര്‍മ്മാണ പങ്കാളികളാണ്. മധു നീലകണ്ഠനാണ് ക്യാമറാമാന്. ഗോകുല്‍ദാസ് കലാസംവിധായകനുമാണ്.
Recent Comments