തെളിവിന് ശേഷം എം.എ. നിഷാദ് വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളും താങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമാകും. ദുബായും ചെന്നൈയും തിരുവനന്തപുരവുമാണ് ലൊക്കേഷന്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 16 ന് നടക്കും. സംവിധായകന് എം.എ. നിഷാദ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
പുതിയ സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.എ. നിഷാദാണ്. തിരക്കഥ പൂര്‍ത്തിയായി. പൂര്‍ണ്ണമായും ഒരു എന്റര്‍ടെയിനറായിരിക്കും ചിത്രമെന്ന് നിഷാദ് പറയുന്നു.
മുമ്പ് നിഷാദ് തന്നെ സംവിധാനം ചെയ്ത പകല്‍, നഗരം, ആയുധം, കിണര്‍ എന്നീ ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റേതായിരുന്നു. ആയുധം എന്ന ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും എഴുതി. ഇതാദ്യമായിട്ടാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധാനം പഠിക്കാനായി 25-ാം വയസ്സില്‍ സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് എം.എ. നിഷാദ് മലയാളസിനിമയില്‍ കാലു കുത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരാള്‍ മാത്രം’ ആദ്യ നിര്‍മ്മാണ ചിത്രമായിരുന്നു. തുടര്‍ന്ന് ഡ്രീംസ്, തില്ലാനാ തില്ലാന എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണരംഗത്ത് പക്ഷേ വേണ്ടതുപോലെ ശോഭിക്കാന്‍ നിഷാദിന് കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം എന്തിനുവേണ്ടിയാണോ സിനിമ നിര്‍മ്മിച്ചത് അതാകാന്‍ അദ്ദേഹത്തിന് വളരെ വേഗം സാധിച്ചു. 2006 ല്‍ പൃഥ്വിരാജിനെ നായകനാക്കി പകല്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പിന്നീട് തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍. ഇതിനിടെ നടനുമായി. ടു മെന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും എം.എ. നിഷാദായിരുന്നു. ഭാരത് സര്‍ക്കസ്സാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ‘ഒരാള്‍ മാത്രം’ നിര്‍മ്മിച്ച് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ജനുവരി 16 ന് തന്നെ തന്റെ പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചതും എം.എ. നിഷാദദിനെ സംബന്ധിച്ച് സംബന്ധിച്ച് ഒട്ടും ആകസ്മികതയല്ല.
Recent Comments