ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് പൃഥ്വിരാജും ബേസിലും സ്ക്രീന്‍സ്പെയ്സ് പങ്കിടുന്നത്. നിരവധി കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ടെങ്കിലും താരനിര്‍ണ്ണയം തുടങ്ങിയിട്ടില്ല. സാങ്കേതിക പ്രവര്‍ത്തകരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.
കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയെഴുതുന്ന ചിത്രംകൂടിയാണിത്.
‘കുഞ്ഞിരാമായണം എഴുതുന്ന കാലം മുതല്‍ ദീപുവിന്റെ മനസ്സിലുണ്ടായിരുന്ന ഒരു കഥയാണിത്. അത് പൂര്‍ണ്ണമായത് ഇപ്പോഴാണെന്ന് മാത്രം. ഗുരുവായൂരിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. ‘നന്ദന’ത്തിന്റെ ഒരു ഫ്ളേവറുണ്ട്, ഒപ്പം ചിരിക്കാന്‍ വക നല്കുന്ന ഒരുപാട് വിഭവങ്ങളും. ഗുരുവായൂരില്‍ നടക്കുന്ന ഒരു കല്യാണമാണ് കഥയുടെ ഇതിവൃത്തം.’ സംവിധായകന് വിപിന്‍ദാസ് കാന്‍ ചാനലിനോട് പറഞ്ഞു.
‘E4 എന്റര്ടെയിന്മെന്റ്സ് വഴിയാണ് ഈ കഥ പൃഥ്വിരാജിന്റെ അടുക്കലെത്തിയത്. കഥ പൃഥ്വിരാജിനും ഇഷ്ടമായി. ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് പ്ലാനിംഗായിട്ടില്ല. അഭിനയരംഗത്തും സംവിധാനരംഗത്തും ഒരുപോലെ തിരക്കിലാണ് പൃഥ്വിയും ബേസിലും. ഏതായാലും ഈ വര്‍ഷത്തെ ഒരു പ്രൊജക്ടായിട്ടാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.’ വിപിന്‍ദാസ് പറഞ്ഞു.
ഓര്‍ക്കുമ്പോള്‍തന്നെ ചിരി വരുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജും കുറിച്ചു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി മറച്ചുവച്ചില്ല.
ജയ ജയ ജയ ജയഹേയ്ക്ക് ശേഷം വിപിന്‍ ദാസിനും കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം E4 എന്റര്ടെയിന്മെന്റ്സിനുമൊപ്പം ഒരുമിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബേസില്‍ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്ക്രീനില്‍ ഒരിമിക്കാനാവുന്നതിന്റെ ത്രില്ലിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയാമേനോനും E4 എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര് മേത്തയും ടി.വി. സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments