കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായത്. തൊട്ടുപിന്നാലെ പൃഥ്വിരാജിനെതിരെ നിശിത വിമര്‍ശനവുമായി ചിലരെത്തി. ‘ഗുരുവായൂരപ്പന്റെ പേര് വികലമാക്കി എന്തെങ്കിലും കാണിച്ചുകൂട്ടാനാണെങ്കില്, രാജുമോന് അനൗണ്‍സ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഓര്‍ത്താല്‍ മതിയെന്നായിരുന്നു’ ഒരാളുടെ ഭീഷണി. സമാന സ്വഭാവമുള്ള അനവധി പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വേറെയും ലഭ്യമാണ്. എല്ലാം പൃഥ്വിരാജിനുള്ള ഭീഷണികളാണ്.
പുതുവര്‍ഷത്തലേന്ന് റിലീസായ മാളികപ്പുറം എന്ന ചിത്രത്തെ ചൊല്ലിയും വിവാദങ്ങള്‍ പുകയുകയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി ആ ചിത്രം ബഹിഷ്ക്കരിക്കാനാണ് മറ്റൊരു കൂട്ടരുടെ ആഹ്വാനം.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന് ഈശോ എന്ന് പേരിട്ടപ്പോള്‍ ആദ്യ ഭീഷണിയുമായി എത്തിയത് മുന്‍ നിയമസമാജികന്‍ കൂടിയായ പി.സി. ജോര്‍ജായിരുന്നു. ഈശോയെ തൊട്ടുകളിച്ചാല്‍ വിവരമറിയുമെന്നുവരെ അദ്ദേഹം പരസ്യമായി പറഞ്ഞു.
ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. ഭീഷണിയുടെ സ്വരം ഉയര്‍ത്തിയിരിക്കുന്ന എല്ലാവരെയും അലട്ടുന്നത് ചില ദൈവനാമങ്ങളാണ്. ഗുരുവായൂരപ്പന്, അയ്യപ്പന്, ഈശോ…
ഒരു ദൈവവും ഒരാളെയും വെറുക്കാന്‍ പഠിപ്പിച്ചിട്ടില്ല. എല്ലാവരും പറഞ്ഞത് പരസ്പരം സ്നേഹിക്കാനാണ്. പക്ഷേ, ദൈവത്തിന്റെ പേരില്‍ കൊടിയടയാളങ്ങള്‍ ഉയര്‍ത്തി വിദ്വേഷം പടര്‍ത്തുന്ന ചിലര്‍ക്കെങ്കിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ആ കള്ളക്കളികളൊക്കെ രാഷ്ട്രീയത്തിനകത്ത് മതി. അതിനകത്ത് നടക്കുന്ന ഏത് ഉപചാപകങ്ങളെയും തിരിച്ചറിയാന്‍ സാമാന്യ ബുദ്ധിയുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍.
എന്നാല്‍ മതത്തെയും ചില ഈശ്വരനാമങ്ങളെയും കലയുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ജൂതനും ജൈനനുമൊക്കെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഇടമാണ് സിനിമയും. അവരിലേയ്ക്ക് എന്തിനാണ് ഈ മതവിദ്വേഷം കുത്തിവയ്ക്കുന്നത്.
ഈശോയുടെ പേരില്‍ കലാപക്കൊടി ഉയര്‍ത്തിയ പി.സി. ജോര്‍ജിനുപോലും സിനിമ ഇറങ്ങിയപ്പോള്‍ അത് തിരുത്തി പറയേണ്ടിവന്നു. താനത് പറഞ്ഞത് തെറ്റായിപ്പോയെന്ന് സമ്മതിക്കേണ്ടിവന്നു. ഇന്ന് ഗുരുവായൂരപ്പനുവേണ്ടി വാദിക്കുന്നവരും അതുതന്നെയല്ലേ ചെയ്യുന്നത്.
ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ ഭാഗം ഏറ്റവും ഭംഗിയാക്കുക എന്നതാണ് ഒരോ അഭിനേതാവിന്റെയും ധര്‍മ്മം. അത് ജാതി മതത്തിന്റെ അളവുകോലുകള്‍ വച്ച് തൂക്കിനോക്കാന്‍ അയാള്‍ ശ്രമിച്ചെന്ന് വരില്ല. അത്തരം കാര്യങ്ങള്‍ അയാളെ സ്പര്ശിക്കുന്നുണ്ടാവില്ല. അതുകൊണ്ടാണല്ലോ ഗുരുവായൂരപ്പനെ പ്രകീര്ത്തിച്ചിറങ്ങിയ നന്ദനത്തില്‍ അഭിനയിക്കാനും പൃഥ്വിരാജിന് മടി തോന്നാതിരുന്നത്.
ഒരു അഭിനേതാവായതുകൊണ്ട് ഒരാള്‍ക്ക് രാഷ്ട്രീയവിശ്വാസം പാടില്ലെന്ന് ആരും നിര്‍ബ്ബന്ധം പിടിക്കരുത്. അതിന്റെ പേരില്‍ അയാളുടെ ചിത്രങ്ങളെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും കാടത്തമാണ്.
അതുകൊണ്ട് പൃഥ്വിരാജിനെയും ഉണ്ണിമുകുന്ദനെയും വെറുതെ വിട്ടേക്കൂ… അവരെ മാത്രമല്ല, കലാകാരന്മാരെ അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടേക്കൂ… എന്നിട്ട് നിങ്ങള്‍ അവരുടെ പ്രകടനങ്ങളെ വിലയിരുത്തൂ… മോശമാണെങ്കില്‍ വിമര്‍ശിക്കാം. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. മറ്റുള്ളതെല്ലാം വേറൊരാളുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം കൂടിയാണ്.
കെ. സുരേഷ്
Recent Comments