ജനസാഗരത്തെ മുന്‍നിര്‍ത്തിയാണ് വിജയ് നായകനാകുന്ന വാരിസിന്റെ ആഡിയോ റിലീസ് ഇക്കഴിഞ്ഞ ഡിസംബര്‍ 24 ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. വിജയ് എത്തുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശോഭയും എസ്.എ. ചന്ദ്രശേഖറും സദസ്സിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. വിജയ് എത്തുമ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. അക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. മുന്‍നിരയില്‍ ഉണ്ടായിരുന്ന ഓരോരുത്തരെയായി ഹസ്തദാനം ചെയ്ത് നീങ്ങുന്നതിനിടയില്‍ വിജയ് അമ്മയുടെ അടുക്കലുമെത്തി. അമ്മയ്ക്കും ഹസ്തദാനം നല്കി. അച്ഛനടുക്കലെത്തുമ്പോഴും വലിയ ഭാവവ്യത്യാസങ്ങളൊന്നും ആ മുഖത്തുണ്ടായില്ല. അച്ഛന് ഷേക്ക് ഹാന്റ് നല്കി മുന്നോട്ട് പോകാനൊരുങ്ങുമ്പോള്‍ ചന്ദ്രശേഖര്‍ വിജയ്യെ ആശ്ലേഷിക്കുകയായിരുന്നു. സ്നേഹ ദൃഢമായിരുന്നില്ല വിജയ്യുടെ ആലിംഗനമെന്ന് ആ ശരീരഭാഷയില്‍നിന്ന് വ്യക്തമായിരുന്നു.
പ്രായഭേദമെന്യേ മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും സവിശേഷശ്രദ്ധ കാട്ടിയിട്ടുള്ള ഒരു നടന് കൂടിയാണ് വിജയ്. ഇക്കാര്യത്തില്‍ അദ്ദേഹം ഒരു മാതൃകാപുരുഷന്‍കൂടിയാണ്. പക്ഷേ പൊതുസദസ്സിന് മുന്നില്‍വച്ച് അച്ഛനെ അവഗണിച്ച് കടന്നുപോയ വിജയ്യുടെ പെരുമാറ്റം ഏറെ വിവാദങ്ങള്‍ വരുത്തിവച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഭിന്നത മാറിയിട്ടില്ലെന്ന് ഈ സംഭവം അടിവരയിട്ട് ഉറപ്പിക്കുന്നു.
വിജയ്യുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അച്ഛനെടുത്ത ഏകപക്ഷീയ തീരുമാനങ്ങളെത്തുടര്ന്നാണ് ഇരുവരും അകലാന്‍ തുടങ്ങിയത്. വിജയ് അച്ഛനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. അതിനുശേഷം ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിനിമയ്ക്കുള്ളിലെ അവരുടെ അടുത്ത സുഹൃത്തുക്കളില്‍നിന്നുപോലും ഉണ്ടായി. പക്ഷേ, അതിന് ഫലപ്രാപ്തിയുണ്ടായില്ലെന്നുകൂടി പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
Recent Comments