സൗബിന് ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ചിത്രം നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കുപ്പി തുറന്ന് ചിരിയുടെ ജിന്ന് എത്തുന്നുവെന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. പൂര്‍ണ്ണമായും നര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത ചിത്രമാണിതെന്ന് വ്യക്തം. സിദ്ധാര്‍ത്ഥ് ഭരതന് ചിത്രത്തില്‍ സൗബിന് ഇതാദ്യമാണ്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലായിട്ടാണ് സൗബിന് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൗബിന്റെ മിന്നുന്ന പ്രകടനത്തിന് ജിന്ന് സാക്ഷ്യം വഹിക്കും. സൗബിനെ കൂടാതെ ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, സാബുമോന്, നിഷാന്ത് സാഗര്‍, ബാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെയും മനു വലിയവീട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു എസ്. ജോസഫാണ്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. നേരത്തെ ഡിസംബര്‍ 30 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ഈ വര്‍ഷം റിലീസിനെത്തുന്ന ആദ്യ ചിത്രങ്ങളിലൊന്നുകൂടിയാണ് ജിന്ന്.
Recent Comments