അടിസ്ഥാനപരമായി എഡിറ്ററാണ് സുധി മാഡിസണ്‍. തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. മോഹന്‍ലാലും വിജയ്യും ഒന്നിച്ചഭിനയിച്ച ജില്ലയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ഹാപ്പി വെഡ്ഡിംഗും ഗപ്പിയുമാണ് അസിസ്റ്റന്റ് എഡിറ്റര്‍ എന്ന നിലയില്‍ സുധി പ്രവര്‍ത്തിച്ച ആദ്യ മലയാളചിത്രങ്ങള്‍. സൗബിന് ഷാഹിര്‍ നായകനായ അമ്പിളിയുടെ സ്പോട്ട് എഡിറ്ററുമായിരുന്നു. ഓപ്പറേഷന് ജാവയിലൂടെ കോ-ഡയറക്ടറുമായി. 2020 മുതല്‍ ഒരു കഥയുടെ പിറകിലായിരുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും സുധിക്കൊപ്പം ചേര്‍ന്നപ്പോള്‍ അതൊരു ഗംഭീര തിരക്കഥയായി മാറി. അതാണ് നെയ്മര്‍ എന്ന ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ നെയ്മറിന്റെ മോഷന്‍ ടീസര്‍ ഇന്നലെയാണ് റിലീസായത്. മാത്യുതോമസും നസ്ലനും വിജയരാഘവനും ഷമ്മി തിലകനും ജോണി ആന്റണിയും നിറഞ്ഞാടുന്നതിന്റെ സൂചനകള്‍ മോഷന്‍ ടീസര്‍ നല്കുന്നു.
‘പൂര്‍ണ്ണമായും ഒരു എന്റര്‍ടെയ്നറാണ് ചിത്രം’ സംവിധായകന് സുധി മാഡിസണ്‍ പറയുന്നു. ‘ടൈറ്റില്‍ നെയ്മര്‍ എന്നാണെങ്കിലും ഇതൊരു ഫുട്ബോള്‍ ചിത്രമല്ല. എന്നാല്‍ ഫുട്ബോള്‍ ഉണ്ടുതാനും. കേരളത്തിലും തമിഴ്നാട്ടിലുമായിട്ടാണ് കഥ നടക്കുന്നത്. കഥയുടെ ഉള്ളടക്കം പരിശോധിച്ചാല്‍ ഏത് ഭാഷയിലുള്ളവര്‍ക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രവുമാണ്. മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡത്തിലുമായി ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.’ സുധി തുടര്‍ന്നു.
‘മാത്യുവും നസ്ലനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. മാത്യുവിന്റെ അച്ഛനായി ഷമ്മി തിലകനും നസ്ലനിന്റെ അച്ഛനായി വിജയരാഘവന് ചേട്ടനും അഭിനയിക്കുന്നു. ഷമ്മിചേട്ടന്റെയും വിജയരാഘവന് ചേട്ടന്റെയും സുഹൃത്താണ് ജോണി ആന്റണി ചേട്ടന്. സത്യത്തില്‍ ഈ അഞ്ചുപേരുടെ കഥയാണ് നെയ്മര്‍. അവരുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും അത് അവര്‍ എങ്ങനെ നേരിടുന്നുമെന്നൊക്കെ ചിത്രം പറയുന്നു.’
‘കേരളത്തിന് അകത്തും പുറത്തുമായിട്ട് നടന്ന ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ എണ്‍പത് ദിവസത്തോളമെടുത്തു. മലയാളത്തിലും തമിഴിലുമായി ഒന്‍പത് പാട്ടുകള്‍ നെയ്മറിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്. മലയാളം പാട്ടുകളെഴുതുന്നത് വിനായക് ശശികുമാറാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന നെയ്മര്‍ മാര്‍ച്ചില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.’ സുധി പറഞ്ഞുനിര്‍ത്തി.
വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍ഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ നിമേഷ് എം. താനൂരും വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണനുമാണ്. പി.കെ. ജിനുവാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments