ഇന്ന് രാവിലെയാണ് സുഹൃത്തും സിനിമാട്ടോഗ്രാഫറുമായ മനോജ് പിള്ള എന്റെ വാട്ട്സ് ആപ്പിലേയ്ക്ക് ഈ ചിത്രം അയച്ചുതന്നത്. ചിത്രത്തിന് ഒത്ത നടുവില്‍ നില്ക്കുന്ന ഉയരമുള്ള മനുഷ്യനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. സംഗീത സംവിധായകന് രാജാമണി. മലയാളത്തിലും തെലുങ്കിലും തമിഴിലുമൊക്കെയായി എണ്ണമറ്റ ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിക്കുകയും അതിലേറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കുകയും ചെയ്ത പ്രതിഭാധനന്. പ്രശസ്ത സംഗീതജ്ഞന് ബി.എ. ചിദംബരനാഥിന്റെ മകന്.
രാജാമണിയെ കൂടാതെ ആ ഫോട്ടോയിലുള്ള മറ്റാരേയും തിരിച്ചറിഞ്ഞില്ല; മനോജ് ആ ചിത്രത്തോടൊപ്പം അയച്ചുതന്ന കുറിപ്പ് വായിക്കുന്നത് വരെയും. വായിച്ച് കഴിഞ്ഞപ്പോള്‍ ഫോട്ടോയിലേയ്ക്ക് വീണ്ടും സൂക്ഷിച്ചു നോക്കി. അപ്പോള്‍ ഓരോരുത്തരായി തെളിഞ്ഞ് വരുന്നുണ്ടായിരുന്നു.
ഫോട്ടോയുടെ ഇടതുവശത്ത് കീബോര്‍ഡ് പ്ലേ ചെയ്യുന്നത് പഴയ ദിലീപാണ്, ഇന്നത്തെ എ.ആര്. റഹ്മാന്. രാജാമണിക്ക് പിന്നിലായി കാവി കൈലി ഉടുത്തുകൊണ്ട് നില്‍ക്കുന്നത് എം.എം. കീരവാണിയും. സംഗീതത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേയ്ക്ക് ആദ്യമായി എത്തിച്ച മറ്റൊരു സംഗീതജ്ഞന്.
പ്രിയദര്ശന് സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തിന്റെ റിക്കോര്‍ഡിംഗ് സമയത്ത് എടുത്ത ചിത്രമെന്നാണ് ആ കുറിപ്പിലുണ്ടായിരുന്നത്. അതിന്റെ വിശദാംശങ്ങള്‍ അറിയാന്‍കൂടിയാണ് മനോജിനെ വിളിച്ചത്. അപ്പോഴാണ് ആ പടം തനിക്ക് അയച്ചുതന്നത് സംവിധായകന് ടി.കെ. രാജീവ് കുമാറാണെന്ന് അദ്ദേഹം പറഞ്ഞത്. അങ്ങനെ രാജീവിനെ വിളിച്ചു. എം.ജി. ശ്രീകുമാറാണ് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തതെന്ന് രാജീവ് വഴിയാണ് അറിയുന്നത്. പക്ഷേ അദ്ദേഹം ഒരു തിരുത്തുകൂടി പറഞ്ഞു. താളവട്ടത്തിന്റെ റിക്കോര്‍ഡിംഗ് സയമത്ത് എടുത്ത ചിത്രമല്ല അത്. അറേയ്ഞ്ചര് വിന്‍സന്റാണ് ഈ വിവരം തന്നെ വിളിച്ച് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് വിന്‍സന്റിനെ വിളിച്ചു. ഇന്ട്രമെന്റല് പ്ലേയറായി സംഗീതജീവിതം ആരംഭിച്ച വിന്‍സന്റ് പിന്നീട് മദ്രാസിലെ അറിയപ്പെടുന്ന അറേയ്ഞ്ചറായി. ചെന്നൈയില്‍നിന്ന് താമസം മാറി ഇപ്പോള്‍ കുടുംബസമേതം എറണാകുളത്താണുള്ളത്. വിന്‍സന്റാണ് ആ ചിത്രത്തിന്റെ യഥാര്‍ത്ഥ ചരിത്രം ഞങ്ങളോട് പറഞ്ഞത്.
‘കൊല്ലത്ത് ഒരു കശുവണ്ടി വ്യവസായി ഉണ്ടായിരുന്നു. കെ. സനന് നായര്‍ എന്നായിരുന്നു പേര്. നന്നായി പാടാനും എഴുതാനും സംഗീതം ചെയ്യാനുമൊക്കെ കഴിവുള്ള ഒരാളായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ പാട്ടുകള്‍ക്ക് ഓര്ക്കസ്ട്രേഷന് ചെയ്യാന്‍ രാജാമണിതന്നെ വേണമെന്ന ആവശ്യമായി എന്നെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ആ പാട്ട് രാജാമണിയിലേയ്ക്ക് എത്തുന്നത്. ഓര്ക്കസ്ട്രേഷന് മികച്ച പ്ലേയേഴ്സിനെ വേണമെന്ന് രാജാമണി വാശി പിടിച്ചു. അങ്ങനെ അന്നത്തെ എല്ലാ മിടുക്കന്മാരായ ഇന്‍സ്ട്രമെന്റല്‍ പ്ലേയേഴ്സിനെയും അരവിന്ദ് ഓഡിയോയിലെത്തിച്ചു. ജോണ്സണ് മാസ്റ്റേഴ്സിന്റെ കീഴിലുള്ള പ്ലേയേഴ്സായിരുന്നു അവരിലേറെയും, ദിലീപ് ഒഴികെ. അന്ന് നന്നായി കീബോര്‍ഡ് വായിച്ചിരുന്ന ഒരാള്‍ എന്ന നിലയിലാണ് ദിലീപിനെയും വിളിച്ചത്. അന്ന് രാജാമണിയുടെ അഞ്ചാമത്തെ അസിസ്റ്റന്റായിരുന്നു കീരവാണി. 35 വയസ്സ് വരെയും സന്യാസജീവിതം നയിച്ച ആളായിരുന്നു കീരവാണി. അതുകൊണ്ടാണ് അദ്ദേഹം കാവി വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നത്. അന്ന് സനന് കൊണ്ടുവന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങളെല്ലാം എടുത്തത്.’ വിന്‍സന്റ് കാന്‍ ചാനലിനോട് പറഞ്ഞു.
അന്ന് ആ ചിത്രം ക്യാമറയിലേയ്ക്ക് പകര്‍ത്തുമ്പോള്‍ അതൊരു ചരിത്രമായി മാറുമെന്ന് ആ ഫോട്ടോഗ്രാഫര്പോലും കരുതിയിട്ടുണ്ടാവില്ല. അല്ലെങ്കിലും ഓരോ നിശ്ചല ദൃശ്യങ്ങളും ഓരോ ചരിത്ര മുഹൂര്ത്തങ്ങളാണല്ലോ. അതുകൊണ്ടാണല്ലോ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ഈ ചിത്രം നിത്യയൗവനയുക്തമായി നിലകൊള്ളുന്നത്. ഇന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
കെ. സുരേഷ്
Recent Comments