‘സൂപ്പര്‍ സ്റ്റാറോ? ഞാനോ. ഞാന്‍ സൂപ്പര്‍സ്റ്റാറല്ല. ഒരു സാധാരണ നടിയാണ്. എന്നെ അങ്ങനെ വിളിച്ചാല്‍ മതി.’
ആയിഷ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ മഞ്ജു പറഞ്ഞു. നവാഗത സംവിധായകനായ ആമിര്‍ പള്ളിക്കലിന്റെ ഇന്തോ-അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ആയിഷ.
‘സാധാരണ എന്റെ അടുത്ത് വന്ന് കഥ പറയുന്നവരെല്ലാം ഒന്നുകില്‍ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണെന്ന് പറയും. അല്ലെങ്കില്‍ ഫീമെയില്‍ ഓറിയന്റഡ് സബ്ജക്ടാണെന്നും. രണ്ടും എന്നെ പ്രീതിപ്പെടുത്താനാണ്. ആയിഷയുടെ കഥപറച്ചിലിന് അങ്ങനെ വിശേഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ആമിറും സക്കറിയയും കഥ പറഞ്ഞ രീതി കേട്ടപ്പോള്‍തന്നെ എനിക്ക് ഇഷ്ടമായി. അറബി നാടാണ് കഥയുടെ പശ്ചാത്തലം. അതെന്നെ ഒരുപാട് ആകര്‍ഷിച്ചു. അതുകൊണ്ടാണ് സിനിമ ചെയ്യാമെന്നേറ്റത്.’ ആയിഷയിലേയ്ക്കുള്ള വരവിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടിയായി മഞ്ജു പറഞ്ഞു.
‘മെയില്‍ ഓറിയന്റഡ്, ഫീമെയില്‍ ഓറിയന്റഡ്, ഹീറോ ഓറിയന്റഡ്, ഹീറോയിന് ഓറിയന്റഡ് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ തന്നെ ഇപ്പോള്‍ ഔട്ട് ഡേറ്റഡാണ്. അടുത്തിടെ ഇറങ്ങിയ ഒരുപാട് സിനിമകളുടെ വലിയ വിജയം സൂചിപ്പിക്കുന്നത് വലിയ താരങ്ങളല്ല, കഥയാണ് മുഖ്യം എന്നാണ്. സിനിമ നല്ലതാണെങ്കില്‍ ഒരു മടിയും കൂടാതെ പ്രേക്ഷകര്‍ വിജയിപ്പിക്കും’ മഞ്ജു പറഞ്ഞു.
‘ഒന്നൊന്നര വര്‍ഷത്തോളം പണിയെടുത്ത ഒരു സ്ക്രിപ്റ്റിന്‍മേല്‍ ഒരുപാട് ചര്‍ച്ചകള്‍ വീണ്ടും നടന്നിരുന്നു. ഏറെ മാറ്റങ്ങളും വരുത്തി. ആ ബലമുള്ള സ്ക്രിപ്റ്റിന്റെ കരുത്തിലാണ് ഞങ്ങള്‍ പണിയെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റിയെന്നാണ് വിശ്വാസം.’ സംവിധായകന് ആമിര്‍ പള്ളിക്കല്‍ പറഞ്ഞു.
ആയിഷ എന്നാ സിനിമയിലെ ‘കണ്ണിലെ കണ്ണിലെ…’ എന്ന പാട്ടില്‍ പ്രഭു ദേവ വന്നത് മഞ്ജുചേച്ചിയുടെ ചിരകാല സ്വപ്നവും ഞങ്ങളുടെ വിദൂര ആഗ്രഹവുമായിരുന്നു. ആമിര്‍ കൂട്ടിച്ചേര്‍ത്തു.
പ്രഭുദേവ ചെയ്ത ഒരു പാട്ട് പിന്നീട് ട്രോളായല്ലോ എന്നുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മഞ്ജു പറഞ്ഞു. ‘ട്രോള്‍ ഒരു പുത്തരി അല്ലല്ലോ. എന്നെ ആദ്യം ട്രോള്ളിയത് ഞാന്‍ തന്നെയാണ്. അതില്‍ വിഷമമൊന്നും ഇല്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ട്രോളാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. അതിനെ അതിന്റെ രീതിയില്‍മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ.’
പ്രഭു ദേവയ്ക്ക് മഞ്ജുവാര്യര്‍ എഴുതിയ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ‘ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. കത്ത് എഴുതിയെന്നുള്ളത് സത്യമാണ്. പക്ഷേ എഴുതിയത് ചോര കൊണ്ടൊന്നുമല്ല. പേനകൊണ്ട് തന്നെയാണ്. ആ സമയത്ത് എന്റെ കൈയൊന്നു മുറിഞ്ഞു. അപ്പോള്‍ ഞാന്‍ ചോര കൊണ്ട് കൈവിരല്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്തു. അതാണ് സംഭവിച്ചത്. അല്ലാതെ ചോര കൊണ്ട് കത്ത് എഴുതി എന്നുള്ളത് ഊതി പെരുപ്പിച്ച കഥകളാകാം. ചിലപ്പോള്‍ സന്തോഷത്തില്‍ ഞാന്‍ തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ടാവാം.’ മഞ്ജു പറഞ്ഞു.
ജനുവരി 20 ന് ആയിഷ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments