ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്ത വാര്‍ട്ടയര്‍ വീരയ്യ പ്രദര്‍ശനത്തിനെത്തിയത് ഇക്കഴിഞ്ഞ ജനുവരി 13 നായിരുന്നു. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ഈ ചിരഞ്ജീവി ചിത്രം നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷം വാറങ്കലിലെ ഹന്‍മകൊണ്ടയില്‍ നടന്നു. ‘വീരയ്യ വിജയ വിഹാരം’ എന്നായിരുന്നു പരിപാടിക്ക് നല്‍കിയിരുന്ന പേര്. രാം ചരണ്‍ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു.
‘നിര്‍മ്മാതാക്കളായ നവീനിനും രവിക്കും എന്റെ അഭിനന്ദനങ്ങള്‍. രംഗസ്ഥലം പോലൊരു ചിത്രം എനിക്ക് സമ്മാനിച്ചത് അവരാണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ നായകന്മാര്ക്കും കരിയറിലെ മികച്ച സിനിമകളാണ് ലഭിച്ചത്. അര്‍പ്പണബോധമുള്ള, ധൈര്യശാലികളായ നിര്‍മ്മാതാക്കള്‍. സംവിധായകന് ബോബിക്കും എന്റെ അഭിനന്ദനങ്ങള്‍. ഞാന്‍ യുഎസില്‍ ആയിരുന്നപ്പോളാണ് ചിത്രം റിലീസിനെത്തിയത്. നാട്ടില്‍വെച്ച് സിനിമ കാണാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശ തോന്നി. ആ അക്ഷമയോടെയാണ് ഞാന്‍ നാട്ടിലെത്തിയത്. സിനിമയില്‍ നന്ന(ചിരജീവി)യെ എന്റെ സഹോദരനെപ്പോലെയാണ് കാണുവാന്‍ കഴിഞ്ഞത്. ഞാനവിടെ അദ്ദേഹത്തിന്റെ ആരാധകരില്‍ ഒരാളായിട്ടാണ് വന്നത്. രവി തേജ ഒരു സീരിയസ് കഥാപാത്രം ചെയ്തത് കണ്ടപ്പോള്‍ ഞാന്‍ അത് ആസ്വദിച്ചു. അത് പോരാ എന്ന് എനിക്ക് തോന്നി. അങ്ങനെ നെറ്റ്ഫ്ളിക്സില്‍ അവന്റെ ധമാക്ക കണ്ടു. അതിമനോഹരമായ മൂന്ന് ഗാനങ്ങളാണ് സിനിമയുടെ വിജയത്തിന് പ്രധാന കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിനും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകര്‍ക്കും നന്ദി.’ രാംചരണ്‍ പറഞ്ഞു.
Recent Comments