‘ചരിത്രം എടുത്ത് ദേഹം മുഴുവന്‍ പൊള്ളി. ഇനി ചരിത്രം ചെയ്യാനില്ല. കഴിഞ്ഞ ദിവസം മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് പ്രിയേട്ടന് പറഞ്ഞ വാക്കുകളാണിത്. വൈകിയാണെങ്കിലും പ്രിയേട്ടന് കാണിച്ച വിവേകത്തെ മാനിക്കുന്നു. എന്നിരുന്നാലും ഇങ്ങനെയൊരു നീതികേട് മലയാള സിനിമയിലെന്നല്ല ഒരു ഇന്‍ഡസ്ട്രിയിലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.’ നിര്‍മ്മാതാവ് ഷാജി നടേശന് കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്ത്യയിലെ ആദ്യത്തെ നാവിക തലവനാണ് കുഞ്ഞാലിമരക്കാര്‍. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം അഭ്രപാളിയിലെത്തിക്കാന്‍ ഏഴുവര്‍ഷം മുമ്പേ ഞങ്ങള്‍ ശ്രമം തുടങ്ങിയിരുന്നു. എഴുത്തുകാരന് കൂടിയായ ടി.പി. രാജീവന് ഇതിനുവേണ്ടി ഏറെ ഗവേഷണങ്ങളും നടത്തിയിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സഹായത്തോടെ അതൊരു ഗംഭീര തിരക്കഥയായും രൂപപ്പെടുത്തി. മമ്മൂക്കയെയാണ് കുഞ്ഞാലിമരക്കാറായി കാസ്റ്റ് ചെയ്തിരുന്നത്. ചരിത്രപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ മമ്മൂക്ക തന്നെയാണ്. അമല്‍ നീരദാണ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. അപ്പോഴാണ് സംവിധായകന് ജയരാജ് അദ്ദേഹം ചെയ്യാന്‍ പോകുന്ന കുഞ്ഞാലിമരക്കാറിനുവേണ്ടി ഞങ്ങളോട് പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്. മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. പിന്നീട് ജയരാജ് തന്നെ ആ പ്രൊജക്ടില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും അതിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ഇത്തവണ സന്തോഷ് ശിവനിലേയ്ക്ക് സംവിധാനച്ചുമതല എത്തി. മമ്മൂക്കയുമായി നിരവധി ചര്‍ച്ചകള്‍ നടന്നു. വലിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി ഒരു ഇന്‍വെസ്റ്ററെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രിയേട്ടന്റെ കുഞ്ഞാലിമരക്കാറിനെക്കുറിച്ച് കേള്‍ക്കുന്നത്. പണ്ടെപ്പോഴോ ടി. ദാമോദരന്‍ മാസ്റ്ററുടെ റഫറന്‍സിലുള്ള കുഞ്ഞാലിയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നത് ശരിയാണ്. പക്ഷേ കുഞ്ഞാലി മരക്കാറുമായി ഞങ്ങള്‍ വളരെദൂരം മുന്നോട്ട് പോയി കഴിഞ്ഞപ്പോഴാണ് പ്രിയേട്ടന്റെ എന്‍ട്രി. ആ പ്രൊജക്ടില്‍നിന്ന് പ്രിയേട്ടനെ പിന്തിരിപ്പിക്കാന് പലതവണ ഞങ്ങള്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഒന്നും വിജയിച്ചില്ല. എന്നുമാത്രമല്ല, ഒരു ടൈംസ്പാനിനുള്ളില് ആ പ്രൊജക്ട് ചെയ്തില്ലായെങ്കില്‍ ആ സിനിമയുമായി അവര്‍ മുന്നോട്ട് പോകുമെന്ന് വെല്ലുവിളികളുമുണ്ടായി. ആ വെല്ലുവിളി സ്വീകരിക്കാനോ അതിനോട് പോരിടാനോ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. കാരണം അത്ര തിടുക്കപ്പെട്ട് ചെയ്യാവുന്ന ഒരു പിരീഡ് സിനിമ ആയിരുന്നില്ല അത്.’ ഷാജി നടേശന് തുടര്‍ന്നു.
‘അങ്ങനെയാണ് പ്രിയദര്ശന്-മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. ആ ചിത്രം റിലീസിന് എത്തിക്കുന്നത് മുതല്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതാണ്. പല വിമര്‍ശനങ്ങളും ആ സിനിമയ്ക്ക് കേള്‍ക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തെ തേടിയെത്തിയപ്പോള്പോലും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയി. ഇത്രയും നാളുകള്‍ക്ക് ശേഷമെങ്കിലും പ്രിയേട്ടനില്നിന്ന് ഒരു ഇങ്ങനെയൊരു മനംമാറ്റമുണ്ടായതില് സന്തോഷിക്കുന്നു. കാരണം ഇതുപോലൊരു നീതികേട് ആരില്‍നിന്നും എവിടെനിന്നും ഉണ്ടാകരുത്. ഇതൊരു എളിയ സിനിമാപ്രവര്‍ത്തകന്റെ അഭ്യര്‍ത്ഥനയാണ്.’ ഷാജി നടേശന് പറഞ്ഞുനിര്‍ത്തി.
Recent Comments