‘ഇന്നലെയും ഞങ്ങളുടെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. രണ്ടുമൂന്ന് സബ്ജക്ടുകള്‍ കേട്ടു. ഒരെണ്ണം എല്ലാവര്ക്കും ഇഷ്ടമായി. അത് ലോക്കാക്കിയിട്ടുണ്ട്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രംതന്നെയാണ് ഇതും. അമര്‍ അക്ബര്‍ അന്തോണിയെപ്പോലെ പൂര്‍ണ്ണമായും ഹ്യൂമര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം. പ്രേക്ഷകരും ഞങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നത് അതുപോലൊരു സിനിമയാണ്. താരനിര്ണ്ണയമടക്കം ഇനി സംഭവിക്കേണ്ട കാര്യങ്ങളാണ്. ഏതായാലും ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ഉണ്ടാകും.’ നാദിര്‍ഷ കാന്‍ ചാനലിനോട് പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ശേഷം ബിബിന്‍ ജോര്‍ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ തിരക്കി നാദിര്‍ഷയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘റാഫിയുടെ തിരക്കഥയില്‍ ഞാന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും അണിയറയില്‍ പുരോഗമിക്കുകയാണ്. ആദ്യം അത് പൂര്‍ത്തിയാക്കും. അതിനുശേഷമേ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് പൂര്‍ണ്ണമായും കടക്കൂ.’ നാദിര്‍ഷ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് അമര്‍ അക്ബര്‍ അന്തോണിയുടെ കഥയുമായി ബിബിനും വിഷ്ണുവും നാദിര്‍ഷയെ സമീപിക്കുമ്പോള്‍ അവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യണമെന്നൊരു ആവശ്യമാണ് മുന്നോട്ട് വച്ചത്. അവരെ തിരുത്തിയത് നാദിര്‍ഷയാണ്. പകരം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും അടങ്ങുന്ന വലിയ സ്റ്റാര്‍ കാസ്റ്റിംഗിലേയ്ക്ക് ആ സിനിമ പോയി. ഗംഭീര വിജയവും ചിത്രം നേടി. രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലേയ്ക്ക് വരുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കാന്‍ നാദിര്‍ഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം അതുകൊണ്ടുതന്നെ അതിന്റെ പ്രഖ്യാപനംമുതല്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.
ബാദുഷ സിനിമാസും പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments