പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് അഖില്‍ സത്യനെ ഫോണില്‍ വിളിച്ചിരുന്നു. ആദ്യം ഫോണ്‍ എടുത്തില്ല. പിന്നീട് തിരിച്ചുവിളിച്ചു.
‘റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലായിരുന്നു. അതാണ് ഫോണ്‍ എടുക്കാന്‍ കഴിയാതിരുന്നത്.’ ആമുഖമായി അഖില്‍ പറഞ്ഞു.
‘ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്തത്. എഡിറ്റിംഗ് കഴിഞ്ഞു. ഞാന്‍ തന്നെയാണ് എഡിറ്റ് ചെയ്തത്. ഇപ്പോള്‍ റീറിക്കോര്ഡിംഗ് നടന്നുവരികയാണ്. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും മൂന്നു വര്‍ഷമായി ഈ സിനിമയ്ക്ക് പിറകിലാണ്. ഇത്രയും വൈകിയത് ഇപ്പോള്‍ നല്ലതിനാണെന്ന് തോന്നുന്നു. കാരണം ഒരുപാട് നല്ല നല്ല കാര്യങ്ങളാണ് ഇതിനിടെ സംഭവിച്ചത്. വ്യക്തിപരമായി ഞാന്‍ വളരെ സന്തോഷത്തിലാണ്.’ അഖില്‍ തുടര്‍ന്നു.
‘ഏപ്രില്‍ 28 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റംസാന് ഒക്കെ കഴിഞ്ഞ് പൂര്‍ണ്ണമായും വെക്കേഷന് അവധി തുടങ്ങുന്നത് അതിനു ശേഷമാണ്. അതുകൊണ്ടാണ് ഏപ്രില്‍ അവസാനത്തിലേയ്ക്ക് റിലീസ് വച്ചത്.’ അഖില്‍ പറഞ്ഞു.
ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. മുംബയില്‍ താമസിക്കുന്ന മിഡില്‍ക്ലാസ് മലയാളിയുടെ വേഷമാണ് ഫഹദ് ചെയ്യുന്നത്. അയാളുടെ കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഫഹദിനെ കൂടാതെ വിനീത്, മുകേഷ്, ഇന്നസെന്റ്, ശാന്തി കൃഷ്ണ, വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ് തുടങ്ങിയവര്‍ക്കൊപ്പം ഹിന്ദിയില്‍നിന്നുള്ള നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശരണ്‍ വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന് പ്രഭാകരനാണ്. രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഫുള്‍മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍കാട് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.
Recent Comments