പൃഥ്വിരാജ് ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്ന കാളിയന്റെ ചിത്രീകരണം ജൂണ്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്
കാന്‍ ചാനലിനോട് പറഞ്ഞു.
‘നിലവില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വി. ഇന്ന് രാവിലെയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ജൂണില്‍ ഷൂട്ടിംഗ് ആരംഭിക്കാമെന്ന് പൃഥ്വി തന്നെയാണ് ഉറപ്പ് തന്നത്. ഇപ്പോള്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹിന്ദിചിത്രം പൂര്‍ത്തിയാക്കി വിലായത്ത് ബുദ്ധയില്‍ ജോയിന്‍ ചെയ്യും. അതിനുശേഷം പൃഥ്വി അഭിനയിക്കുന്ന ചിത്രമായിരിക്കും കാളിയന്.’ രാജീവ് തുടര്‍ന്നു
‘മെയ് മാസത്തില്‍ സെറ്റ് വര്‍ക്കുകള്‍ ആരംഭിക്കും. ചെന്നൈയിലും പാലക്കാടും തിരുവനന്തപുരത്തും ഇതിനുവേണ്ടി കൂറ്റന്‍ സെറ്റുകള്‍ പണികഴിപ്പിക്കുന്നുണ്ട്. ബംഗ്ലനാണ് കലാസംവിധാനച്ചുമതല. ജൂണില്‍ മഴക്കാലമായതിനാല്‍ ആദ്യം ഇന്‍ഡോര്‍ ഷൂട്ടിംഗ് തന്നെ ആരംഭിക്കും. നിലവില്‍ ഒരു പാട്ടിന്റെ കംപോസിംഗ് പൂര്‍ത്തിയായി. ഇനി നാല് പാട്ടുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. രവി ബസ്രൂരാണ് സംഗീതസംവിധായകന്. സലാറടക്കം മൂന്ന് പടങ്ങളുടെ മ്യൂസിക് കംപോസിംഗിന്റെ തിരക്കിലാണ് അദ്ദേഹം. അതിനുശേഷം അദ്ദേഹം വീണ്ടും കാളിയനിലേയ്ക്ക് മടങ്ങിയെത്തും.’
‘ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 250 ഓളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അവര്‍ക്കുവേണ്ടിയുള്ള ട്രെയിനിംഗും നടന്നുവരികയാണ്. മറ്റ് സ്റ്റാര്‍ കാസ്റ്റിംഗും വൈകാതെ ഉണ്ടാകും.’ രാജീവ് ഗോവിന്ദന് പറഞ്ഞു.
ബി.ടി. അനില്‍കുമാറിന്റെ തിരക്കഥയില്‍ എസ്. മഹേഷാണ് കാളിയന് സംവിധാനം ചെയ്യുന്നത്.
Recent Comments