ഉര്‍വ്വശിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഒരു ദിവസം കൂടി കഴിഞ്ഞാണ് സുഭാഷിനെ ഫോണില്‍ കിട്ടിയത്. തന്റെ പുതിയ സിനിമയെക്കുറിച്ച് സുഭാഷ് കാന്‍ ചാനലുമായി സംസാരിക്കുന്നു.
‘ഉര്‍വ്വശി ചേച്ചിയും ജയറാം ചേട്ടനും ഒരുമിച്ചഭിനയിച്ച ഒരു ആന്തോളജി ഫിലിമായിരുന്നു ‘പുതം പുതു കാലൈ.’ ആമസോണിലായിരുന്നു അതിന്റെ റിലീസ്. അതിലെ ചേച്ചിയുടെ പ്രകടനം കണ്ടിട്ടാണ് ഒരു സുഹൃത്ത് വഴി അവരുടെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നത്. ചേച്ചിയെ നേരിട്ട് കിട്ടി. അവരുടെ പ്രകടനത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചു. ഇതിനിടെ ഞാന്‍ എന്ത് ചെയ്യുന്നുവെന്നും അവര്‍ അന്വേഷിച്ചിരുന്നു. ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ഒരു കഥയെക്കുറിച്ച് അപ്പോള്‍ പറഞ്ഞു. അത് അയച്ചുതരാന്‍ പറഞ്ഞിട്ടാണ് അവര്‍ ഫോണ്‍ കട്ട് ചെയ്തത്. അന്ന് രാത്രിതന്നെ കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പി.ഡി.എഫ് ഫയലായി അയച്ചുകൊടുത്തു. ചേച്ചിയുടെ ഭര്‍ത്താവ് അതിന്റെ പ്രിന്റെടുത്ത് അവര്‍ക്ക് നല്കി. അത് വായിച്ച് കഴിഞ്ഞയുടന്‍ ചേച്ചി എന്നെ വിളിച്ചു. നമുക്ക് അത് ചെയ്യാം. നീ വേണ്ടതൊക്കെ ചെയ്യൂ എന്നാണ് ചേച്ചി പറഞ്ഞത്. അവിടുന്നാണ് ഈ സിനിമയുടെ പിറവി. ഇതൊക്കെ നടക്കുന്നത് ഇക്കഴിഞ്ഞ കൊറോണ കാലത്തും.’ സുഭാഷ് തുടര്‍ന്നു.
‘കൊച്ചിയില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. പക്ഷേ നാം ഇതുവരെ കണ്ട് പരിചയിച്ച പശ്ചാത്തലമല്ല സിനിമയിലുള്ളത്. കൊച്ചി നഗരത്തിലുള്ള രണ്ട് കോളനികളുടെയും അവിടെ താമസിക്കുന്നവരുടെയും കഥയാണിത്. ആക്ഷേപഹാസ്യത്തോടുകൂടിയ ഒരു ഫാമിലി ഡ്രാമ. എന്നാല്‍ ചില ദുരൂഹതകളും ചിത്രത്തെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്.’
‘മലയാളവും തമിഴിലും സംസാരക്കുന്നവരാണ് ഈ കോളനിയിലുള്ളവര്‍. അതുകൊണ്ടുതന്നെ മലയാളത്തെപ്പോലെ തമിഴ് സംഭാഷണങ്ങളുമുണ്ട്. കാക്ക മുട്ടൈ എന്ന ചലച്ചിത്രത്തിനുവേണ്ടി സംഭാഷണങ്ങള്‍ എഴുതിയ ആനന്ദ് കുമരേശനാണ് ഇതിലെ തമിഴ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്. അദ്ദേഹം വഴിയാണ് കലൈയരശനെ ഇതിലേയ്ക്ക് കാസ്റ്റ് ചെയ്യുന്നത്. കലൈയരശന്‍ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രവും ഇതാണ്. പക്ഷേ അതിനുമുമ്പേ തങ്കം റിലീസായി. തങ്കത്തില്‍ കലൈയരശന്‍ ശ്രദ്ധേയമായൊരു വേഷം ചെയ്തിട്ടുണ്ട്. ബാലു വര്‍ഗ്ഗീസ്, ഗുരു സോമസുന്ദരം, മണികണ്ഠന് ആചാരി, അഭിജ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ഭാനുവും മൃദുലയും.’
‘ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയിയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിചിത്രത്തിനും മുകുന്ദനുണ്ണി അസോസിയേറ്റ്സിനുശേഷം ജോയ് മൂവി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. അനൂപ് രാജും പ്രദീപ് മേനോനുമാണ് സഹനിര്‍മ്മാതാക്കള്‍. ഏപ്രില്‍ 8 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും അച്ചു വിജയന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരനാണ്.’ സുഭാഷ് ലളിത സുബ്രഹ്മണണ്യന്‍ പറഞ്ഞു.
സുഭാഷ് സുബ്രഹ്മണ്യന് എന്നാണ് യഥാര്‍ത്ഥ പേര്. ലളിത അദ്ദേഹത്തിന്റെ അമ്മയുടെ പേരാണ്. സുഭാഷിന്റെ സിനിമാമോഹങ്ങള്‍ക്ക് എന്നും പ്രാര്‍ത്ഥനയോടെ ഒപ്പം നിന്നിട്ടുള്ളത് അമ്മയാണ്. അതുകൊണ്ടാണ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വന്തം പേരിനൊപ്പം ലളിത എന്നുകൂടി ചേര്‍ത്തത്.
Recent Comments