ശങ്കര്‍ രാമകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റാണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉര്‍വ്വശി, ഭാവന, ഹണിറോസ്, അനുമോള്‍, മാലാ പാര്‍വ്വതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, അശ്വിന് ഗോപിനാഥ്, കൃഷ്ണന് ബാലകൃഷ്ണന്, അംബി നീനാസാം, അശ്വന്ത് ലാല്‍ എന്നിവര്‍ക്കൊപ്പം നിയതി എന്ന പുതുമുഖവും ചിത്രത്തില്‍ അഭിനയിക്കുന്നു. റാണിയെക്കുറിച്ച് ശങ്കര്‍ രാമകൃഷ്ണന് കാന്‍ ചാനലുമായി സംസാരിക്കുന്നു.
‘കഴിഞ്ഞ നവംബറില്‍ റാണിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണ്. ഫൈനല്‍ എഡിറ്റും ലോക്ക് ചെയ്തു. ഇനി ഒരു പ്രൊമോ സോംഗ് മാത്രമാണ് ഷൂട്ട് ചെയ്യാനുള്ളത്. ആകെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. നവാഗതയായ മേന മേലത്ത് എന്ന പെണ്‍കുട്ടിയാണ് ഇതിലെ പാട്ടുകളെഴുതി സംഗീതം ചെയ്തിരിക്കുന്നത്. ഒരു ട്രൈബല്‍ സോംഗ് പാടിയിരിക്കുന്നത് ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥനയാണ്.’
‘എല്ലാ സ്ത്രീകളും റാണിമാരാണ്. ഈ ആശയമാണ് സിനിമ പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ വീടുകളില്‍ ജോലിക്ക് വരുന്ന സ്ത്രീകളുണ്ടാകും. അവര്‍ എവിടെനിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ അറിയില്ല. ആകെ അറിയാവുന്നത് അവര്‍ നമ്മളോട് പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. അത്തരത്തിലുള്ള ഒരു സ്ത്രീ ഒരു പൊളിറ്റിക്കല്‍ മര്‍ഡറില്‍ അകപ്പെട്ടു പോവുകയാണ്. എന്നിട്ടും അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ മൂന്ന് കുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ മുന്നോട്ട് വരുന്നു. അതോടെ അത്യന്തം ദുരൂഹത നിറഞ്ഞ കഥാപരിസരങ്ങളിലേയ്ക്ക് വഴിമാറുകയാണ്. ഉര്‍വ്വശി ചേച്ചിയും ഭാവനയും ഹണിറോസും അനുമോളും മാലാ പാര്‍വ്വതിയുമാണ് ചിത്രത്തിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവരോടൊപ്പം എടുത്തു പറയേണ്ട രണ്ടുപേരുകാര്‍ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സ് ചേട്ടനുമാണ്. വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നത്. നിരവധി വേറിട്ട വേഷങ്ങളില്‍ നാം ഇന്ദ്രന്‍സ് ചേട്ടനെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും റാണിയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സമാനതകളില്ല.’ ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞുനിര്‍ത്തി.
ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് റാണി. മാജിക്ടെയില്‍ വര്‍ക്ക് പ്രൊഡക്ഷന്‍ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. വിനോദ് മേനോന് നിര്‍മ്മാണ പങ്കാളിയാണ്. ജിമ്മി ജേക്കബ്ബ് സഹനിര്‍മ്മാതാവും. വിനായക് ഗോപാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്. അരുണ്‍ വെഞ്ഞാറമ്മൂട് പ്രൊഡക്ഷന്‍ ഡിസൈനറും രഞ്ജിത്ത് അമ്പാടി മേക്കപ്പും ഇന്ദ്രന്‍സ് ജയന് കോസ്റ്റിയൂംസും സുപ്രീം സുന്ദര്‍ ആക്ഷന്‍ കോറിയോഗ്രാഫിയും നിര്‍വ്വഹിക്കുന്നു.
Recent Comments