ഈ നവംബര്‍ 11, സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതിന് മറ്റൊരു സവിശേഷകാരണം കൂടിയുണ്ട്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇതുപോലൊരു നവംബര്‍ 11 നാണ് ദ് കിംഗ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. രഞ്ജിപണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് IAS ആയി മമ്മൂട്ടി അരങ്ങു തകര്‍ത്താടിയ ചിത്രം.
ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും കൊണ്ട് പാകപ്പെടുത്തിയ ദ് കിംഗിലെ സംഭാഷണശകലങ്ങള്‍ ഇന്നത്തെ തലമുറയ്ക്കും മനഃപാഠമാണ്. അതവര് ആവര്‍ത്തിച്ച് കേള്‍ക്കാന്‍ കൊതിക്കുന്നു. കാണാന്‍ കൊതിക്കുന്നു. നല്ല ട്രോളുകള്‍ക്ക് വിഷയമാക്കുന്നു…
‘അതൊരു സുവര്‍ണ്ണകാലഘട്ടമായിരുന്നു. ഇന്നത്തെ തലമുറയും ആ സിനിമ നെഞ്ചിലേറ്റുന്നുണ്ടല്ലോ എന്നറിയുമ്പോഴാണ് കൂടുതല്‍ സന്തോഷം’ രാജാവിന്റെ കിരീടധാരണം കഴിഞ്ഞിട്ട് 25 വര്‍ഷങ്ങളാകുന്നു എന്ന് ഓര്‍മ്മപ്പെടുത്താന്‍ സംവിധായകന് ഷാജി കൈലാസിനെ വിളിക്കുമ്പോള്‍ അദ്ദേഹം ആമുഖമായി പറഞ്ഞുകൊണ്ട് തുടങ്ങി.
‘കമ്മീഷണര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം മറ്റൊരു സിനിമയുടെ ആലോചനകളിലായിരുന്നു ഞാനും രഞ്ജിയും. അതിനിടയിലാണ് ഞങ്ങള്‍ക്ക് രുദ്രാക്ഷം പോലൊരു സിനിമ ചെയ്യേണ്ടിവന്നത്. ഇന്‍ഡസ്ട്രിയിലുള്ള ഒരാളെ സഹായിക്കാന്‍വേണ്ടി ചെയ്ത ചിത്രമായിരുന്നു. ഞങ്ങള്‍ അതുവരെ ചെയ്തുകൊണ്ടിരുന്ന ഒരു ഗണത്തില്‍ പെടുത്താവുന്ന ചിത്രമായിരുന്നില്ല രുദ്രാക്ഷം. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ അതിനെ നിരാകരിച്ചു.’
‘രുദ്രാക്ഷത്തിനുശേഷം ഇനി എന്ത് എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയം. സിനിമയ്ക്ക് നല്ലൊരു കഥ കിട്ടാതെ വരുമ്പോള്‍ യാത്ര ചെയ്യുന്ന ശീലമുണ്ട് ഞങ്ങള്‍ക്ക്. അങ്ങനെയൊരു യാത്രയ്ക്കിടെ ഞങ്ങള്‍ വന്നുചേര്‍ന്നത് എറണാകുളത്തുള്ള ദിനേശിന്റെ വീട്ടിലാണ്. ഞങ്ങളുടെ ആത്മമിത്രമാണ് ദിനേശ്. ദിനേശിന്റെ ഭാര്യ ഉണ്ടാക്കിത്തരുന്ന പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ കഴിച്ച് ഞങ്ങള്‍ അവിടെ കൂടുകയാണ്. അപ്പോഴാണ് ദിനേശിന്റെ ഭാര്യ ഞങ്ങളുടെ അടുത്ത സിനിമ എന്താണെന്ന് ചോദിക്കുന്നത്. ഒരു കളക്ടറുടെ കഥയാണെന്ന് ഞാന്‍ പറഞ്ഞു. രഞ്ജിയോടു ആലോചിക്കാതെ പറഞ്ഞതാണെങ്കിലും അക്കാലത്ത് ആലപ്പുഴയില്‍ ജനസമ്മതനായ ഒരു കളക്ടര്‍ അരങ്ങുവാഴുന്ന സമയമാണ്. മുണ്ടു മടക്കികുത്തി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥന്.’
‘കമ്മീഷണര്ക്കുശേഷം കളക്ടറോ? രഞ്ജി അത്ഭുതം പ്രകടിപ്പിക്കാതിരുന്നില്ല. ബ്യൂറോക്രാറ്റുകളെക്കുറിച്ച് പറയാനുള്ളതെല്ലാം കമ്മീഷണറില്‍ പറഞ്ഞതല്ലേ, കൂടുതല്‍ എന്തു പറയാനിരിക്കുന്നു എന്നാണ് രഞ്ജിയുടെ സംശയം. ഒരു കളക്ടര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കാട്ടിക്കൊടുക്കാവുന്നൊരു ചിത്രമായാലോ? ഞാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയില്‍ ടി.എന്‍. ശേഷനൊക്കെ മിന്നിത്തിളങ്ങി നില്ക്കുന്ന സമയവുമാണ്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ രഞ്ജിയും ഓക്കെ പറഞ്ഞു. അങ്ങനെ ദിനേശിന്റെ വീട്ടില്‍വച്ച് കിംഗിന് ബീജാവാപം ഉണ്ടാകുന്നു.’
കഥയ്ക്ക് ഒരു വണ്‍ലൈന്‍ ആയി കഴിഞ്ഞപ്പോള്‍ മദ്രാസിലെ മമ്മൂക്കയുടെ വീട്ടില്‍ പോയി ഞങ്ങള്‍ കഥ പറഞ്ഞു. മമമ്മൂട്ടിക്ക് കഥ ഇഷ്ടമായി.
പിന്നെയും കുറേ ദിവസങ്ങള്‍ കഴിഞ്ഞാണ് ടൈറ്റില്‍ പിറക്കുന്നത്. ഞാന്‍തന്നെയാണ് രഞ്ജിയോടു ടൈറ്റില്‍ പറഞ്ഞത്, THE KING. മമ്മൂട്ടിയെ വിളിച്ചു പറയാന്‍ രഞ്ജി പറഞ്ഞു. ഞാന്‍ മമ്മൂക്കയെ വിളിച്ചു. ടൈറ്റില്‍ പറഞ്ഞപ്പോള്‍ അതല്പ്പം കടന്നുപോയില്ലേ എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. മഹാരാജാവിന്റെ കഥയ്ക്ക് ഇതിനേക്കാള്‍ മികച്ചൊരു പേര് നല്‍കാനില്ലെന്ന് ഞാനും പറഞ്ഞു.
ഉത്തരം അക്ബര്‍ ആയിരുന്ന ദ് കിംഗ് ആദ്യം നിര്‍മ്മിക്കാനിരുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലായി. പിന്നീട് അദ്ദേഹത്തിന്റെ തന്നെ അറിവോടെയാണ് മാക് അലി നിര്‍മ്മാതാവാകുന്നത്.
രണ്ട് ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ്. കോഴിക്കോടും തിരുവനന്തപുരവുമായിരുന്നു ലൊക്കേഷനുകള്‍. രണ്ടു ദിവസത്തെ വര്‍ക്കുകള്‍ ചെന്നൈയിലും ഉണ്ടായിരുന്നു.
ഷൂട്ടിംഗ് തുടങ്ങുന്നതിനുമുമ്പ് കുറച്ചു സീനുകളെ രഞ്ജി എഴുതിയിരുന്നുള്ളൂ. അതാണയാളുടെ രീതിയും. എഴുതിയ സീനുകള്‍ ഷൂട്ട് ചെയ്യുന്നത് വന്നിരുന്നു കാണും. പിന്നീട് അതിന്റെ ഗതിക്കനുസരിച്ച് അതിനേക്കാള്‍ ശക്തിയുക്തമായ ഭാഗങ്ങള്‍ എഴുതും. നേരത്തെ എഴുതി വയ്ക്കുന്ന തിരക്കഥകളില്‍ അത്ര ലൈവായി ഇടപ്പെടാന്‍ കഴിയില്ലെന്നാണ് രഞ്ജിയുടെ പക്ഷം.
നെടുങ്കന്‍ ഡയലോഗുകളാണ് രഞ്ജിയുടെ വജ്രായുധങ്ങള്‍. ഓരോ രംഗവും പത്തും പതിനാറും പേപ്പറുകളിലാണ് എഴുതിക്കൊണ്ട് വന്നിരുന്നത്. അതു കാണുമ്പോള്‍ ഞാന്‍ കിടുങ്ങും. എഴുതിക്കൊണ്ടു വരുന്ന ഭാഗങ്ങള്‍ ഞാന്‍ വായിക്കാറില്ല. രഞ്ജിയെ കൊണ്ടാണ് വായിപ്പിക്കുന്നത്. അപ്പോള്‍ അതിന്റെ ഫയര്കിട്ടും. പിന്നെ അതിന്റേയും മുകളിലേയ്ക്ക് പോയി മേയ്ക്ക് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ഇംഗ്ലീഷില്‍തന്നെ അധികമാരും ഉപയോഗിക്കാത്ത പദങ്ങളാണ് രഞ്ജിയുടെ സംഭാഷണങ്ങളില്‍ ഉണ്ടാവുക. ഒമ്നിപൊട്ടന്സ്, മെഗലോമെയ്നിയ തുടങ്ങിയ വാക്കുകളൊക്കെ ഞാനാദ്യം കേള്‍ക്കുകയാണ്. രഞ്ജി എഴുതിവച്ചിരിക്കുന്ന ഇംഗ്ലീഷ് ഡയലോഗുകള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ഒരു ഡിക്ഷനറിയും ഒപ്പം കരുതണം. അല്ലാതെ രക്ഷയില്ല.
ഇനി എത്ര കടിച്ചാല്‍ പൊട്ടാത്ത വാക്കുകളാണെങ്കിലും അതെല്ലാം വളരെ അനായസേന പറയാന്‍ കഴിവുള്ള ഒരാളുണ്ടായിരുന്നു മമ്മൂട്ടി. കടുകട്ടിയുള്ള വാക്കുകളായാലും ആ സ്ട്രെസ് മമ്മൂക്കയുടെ മുഖത്ത് പ്രകടമാകാത്ത വിധമാണ് പറഞ്ഞിരുന്നത്. മലയാളവും ഇംഗ്ലീഷും ഇടകലര്‍ന്ന സംഭാഷണങ്ങളായിരുന്നു കിംഗിലേറെയും. ഇംഗ്ലീഷില്‍ പറയുന്ന അതേ ഗാംഭീര്യത്തോടെ മലയാളത്തിലും പറയണം. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് വളരെ നിഷ്പ്രയാസം മമ്മൂക്ക സാധിച്ചെടുത്തു. മമ്മൂക്കയുടെ ഉച്ഛാരണശൈലിയും ഗംഭീരമാണ്.
ചിലപ്പോള്‍ ചില നെടുങ്കന്‍ ഡയലോഗുകള്‍ കാണുമ്പോള്‍, മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്, ഇത് കട്ട് ചെയ്ത് എടുക്കാമെന്ന്. പക്ഷേ അതിന്റെ ഫ്ളോ തടസ്സപ്പെടുത്താതിരിക്കാന്‍ ഞാനത് നിരുത്സാഹപ്പെടുത്തും. ആ സ്പിരിറ്റ് ഉള്‍കൊണ്ട് മമ്മൂക്ക അതിനേക്കാള്‍ ഗംഭീരമാക്കും.
കിംഗിലെ ഓരോ രംഗങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും അതില്‍ മറക്കാന്‍ കഴിയാത്ത ചില രംഗങ്ങളും ഉണ്ട്. അതിലൊന്നാണ് സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലെത്തുന്ന പപ്പുവേട്ടന് ആള്‍ക്കൂട്ടത്തിലേക്ക് തള്ളി എറിയപ്പെടുന്ന രംഗം. അല്‍പ്പം വൈകാരികത നിറഞ്ഞ രംഗമായതുകൊണ്ടുതന്നെ അത് ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു. അതുപോലെ ജോസഫ് അലക്സും അനുര മുഖര്‍ജിയും (വാണിവിശ്വനാഥ്) തമ്മിലുള്ള ഒരു രംഗത്തിലാണ് ഇന്ത്യയുടെ ആത്മാവ്… എന്നു തുടങ്ങുന്ന പ്രശസ്തമായ ഡയലോഗ് ഉള്ളത്. അതും എനിക്ക് പ്രിയപ്പെട്ടതാണ്.
ജോസഫ് അലക്സും ജയകൃഷ്ണന് എം.പിയും (മുരളി) കൊമ്പുകോര്‍ക്കുന്ന ഒരു രംഗമുണ്ട്. മുഖ്യമന്ത്രിയുടെ (അപ്പച്ചന്) സാന്നിദ്ധ്യത്തില്‍. ജോസഫ് അലക്സിനെ വാക്കുകള്‍കൊണ്ട് കടന്നാക്രമിക്കാനുള്ള ശ്രമമാണ് ജയകൃഷ്ണന്റേത്.
പതിനൊന്ന് ടേക്ക് എടുത്തിട്ടും ആ ഷോട്ട് ഓക്കെ ആയതേയില്ല. ശ്രദ്ധിച്ചപ്പോഴാണ് അറിയുന്നത് മമ്മൂട്ടിയുടെ കണ്ണുകളിലേക്ക് നോക്കിയാണ് മുരളിയേട്ടന് ഡയലോഗുകള്‍ പറഞ്ഞ് തെറ്റിച്ചുകൊണ്ടിരുന്നത്. വളരെ പവര്‍ഫുള്‍ ആണ് മമ്മൂക്കയുടെ കണ്ണുകള്‍. എതിരെ നില്ക്കുന്ന ഒരു നടന് ആ കണ്ണുകളിലേക്ക് ദൃഷ്ടി പായിച്ച് സംഭാഷണങ്ങള്‍ ഏറെ നേരം നിന്ന് പറാനാവില്ല. ഇത് മനസ്സിലാക്കിയിട്ട് ഞാന്‍ മുരളിയേട്ടനോട് അല്‍പ്പനേരം വിശ്രമിക്കാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹത്തോട് മമ്മൂക്കയുടെ കണ്ണില്‍ നോക്കുന്നതിനു പകരം പുരികത്തിലേക്ക് നോക്കി സംസാരിക്കാന്‍ പറഞ്ഞു. അടുത്ത ടേക്കില്‍ അത് ഓക്കെ ആയി. ഇങ്ങനെ നിറയെ ഓര്‍മ്മകളുണ്ട് കിംഗിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്.
ദ് കിംഗില്‍ ഞങ്ങള്‍ ചെയ്തുവച്ചത് അതിന്റെ മാക്സിമമായിരുന്നു. അതിന് മുകളിലായി ഒന്നും കൊടുക്കാനില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഞങ്ങള്‍ താല്‍ക്കാലികമായി വേര്‍പിരിയാന്‍ തിരുമാനിച്ചത്. അതിനുശേഷമാണ് ഞാന്‍ മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ തുടങ്ങിയത്. രഞ്ജി മറ്റൊരു സംവിധായകനുവേണ്ടി എഴുതാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ക്കുശേഷം ദ് കിംഗ് ആന്റ് കമ്മീഷണറിലൂടെ ഒരുമിച്ചെങ്കിലും ദേശീയരാഷ്ട്രീയം ചര്‍ച്ച ചെയ്ത ആ ചിത്രം ഇവിടെ വേണ്ടത്ര ഏശിയില്ല. ഇനിയും ഞങ്ങള്‍ ഒരുമിക്കുന്ന കാലം അതിവിദൂരമല്ല.
Recent Comments