നടന് മനോജ് കെ. ജയന് ബിജെപിയിലേയ്ക്ക് എന്ന തലക്കെട്ടോടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ നിജസ്ഥിതി അറിയാനാണ് മനോജ് കെ. ജയനെ വിളിച്ചത്. അദ്ദേഹം ആമുഖങ്ങളൊന്നുമില്ലാതെ പറഞ്ഞുതുടങ്ങി.
‘നിര്‍മ്മാതാവ് കിരീടം ഉണ്ണി ചേട്ടന്റെ മകന്റെ വിവാഹ റിസപ്ഷന് എത്തിയതായിരുന്നു ഞാന്‍. അവിടെവച്ചാണ് നടന് കൃഷ്ണകുമാറിനെയും ഭാര്യ സിന്ധുവിനെയും കണ്ടത്. കൃഷ്ണകുമാര്‍ എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ സിനിമയില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയ സൗഹൃദവും. ഞങ്ങള്‍ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഞാന്‍ തമാശയായിട്ടാണ് പറഞ്ഞത് ‘നിന്നോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുമ്പോള്‍ ഞാനും ബിജെപിയിലേയ്ക്കെന്ന് പറയുമോ?’. എന്നുമാത്രമല്ല മനോജ് കെ. ജയനെ കാവി പുതപ്പിച്ചു എന്നുകൂടി പറയുമെന്ന് അതിന് മറുപടിയായി കൃഷ്ണകുമാറും തമാശരൂപേണ പറഞ്ഞു. ഇതാണ് ആ വേദിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. പക്ഷേ, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആ ദൃശ്യം പകര്‍ത്തി ഞാന്‍ ബിജെപിയിലേയ്ക്ക് പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. എന്തൊരു കഷ്ടമാണ്. ഒരു സ്വകാര്യസദസ്സില്‍ പോലും ഞങ്ങള്‍ക്ക് തമാശ പറയാന്‍ കഴിയില്ലെന്നായിരിക്കുന്നു. പൊതുവേദികളില്‍ ഇനി സംസാരമേ വേണ്ടെന്ന് വയ്ക്കേണ്ടിവരും. ആ രീതിയിലാണ് കാര്യങ്ങള്‍ വളരുന്നത്. ഓണ്‍ലൈന്‍ മാധ്യമസുഹൃത്തുക്കളോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ഞങ്ങളുടെ സ്വകാര്യകതകളിലേയ്ക്ക് ദയവായി കടന്നുവരരുത്. ആ സ്പെയ്സ് എങ്കിലും ഞങ്ങള്‍ക്ക് അനുവദിച്ചുതരൂ.’ മനോജ് കെ. ജയന് തുടര്‍ന്നു.
‘ബിജെപിയിലേയ്ക്കോ കോണ്ഗ്രസിലേയ്ക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്കോ പോകുന്നതൊന്നും തെറ്റാണെന്ന വാദം എനിക്കില്ല. ഈ പാര്‍ട്ടികളിലുള്ള പലരുമായും എനിക്ക് നല്ല സൗഹൃദമുണ്ട്. തല്ക്കാലം രാഷ്ട്രീയ കൂടാരങ്ങളിലേയ്ക്ക് ചേക്കേറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ വഴിയും അതല്ല. അങ്ങനെ ആഗ്രഹിക്കുന്ന നിമിഷം അത് നേരിട്ട് വന്ന് ഞാന്‍ നിങ്ങളോട് പറയും. അല്ലാതെ ഒരു സ്വകാര്യസദസ്സില്‍ തുണിയിട്ടുവന്ന് പറയേണ്ട ഭീരുത്വമൊന്നും എനിക്കില്ല.’ മനോജ് പറഞ്ഞുനിര്‍ത്തി.
Recent Comments