സന്ത്യന്‍ അന്തിക്കാടിനെ ഫോണില്‍ വിളിക്കാന്‍ പലതവണ ഒരുങ്ങിയതാണ്. അപ്പോഴെല്ലാം മടിച്ചു പിന്‍വാങ്ങി. ചോദിക്കേണ്ട ചോദ്യങ്ങളേക്കാള്‍ കിട്ടാവുന്ന ഉത്തരങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതുകൊണ്ടായിരുന്നു. പലതവണ അതൊക്കെ കേള്‍ക്കാന്‍ നേരിട്ട് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ചിലതെല്ലാം വായിച്ചറിഞ്ഞതാണ്. സത്യന്റെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും. പിന്നെയും സത്യനെ ബുദ്ധിമുട്ടിക്കുന്നതിന്റെ അനൗചിത്യമോര്ത്തപ്പോള് ഫോണ്വിളിയില്നിന്ന് പിന്‍വാങ്ങിയതാണ്.
പെട്ടെന്ന് സത്യന് അന്തിക്കാടിനെ ഓര്‍ക്കാന്‍ കാരണമുണ്ട്. സത്യന് ആദ്യമായി സംവിധാനം ചെയ്ത കുറുക്കന്റെ കല്യാണം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയതിന്റെ 38-ാം വര്‍ഷമാണിന്ന് (നവംബര്‍ 12).
സത്യന് ആദ്യം സംവിധാനം ചെയ്ത ചിത്രം കുറുക്കന്റെ കല്യാണമാണെന്ന് പറഞ്ഞാല്‍ അദ്ദേഹമെന്നെ ഓടിച്ചിട്ട് തല്ലും. കാരണം അതിനുമുമ്പ് സത്യന് ഒരു സിനിമ ചെയ്തിട്ടുണ്ട്. പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ‘ചമയം.’ (ഇനി അതിനുമുമ്പ് ബീജാവാപമെടുത്ത ഒരു കഥയും നായകനുമുണ്ടായിരുന്നു സത്യന്റെ മനസ്സില്‍. കഥാകാരന് എസ്.എല്‍. പുരവും നായകന് പ്രേംനസീറുമായിരുന്നു. മനസ്സ് പാകപ്പെടാത്തതുകൊണ്ടുമാത്രം അത് ചെയ്യേണ്ടെന്നുറച്ച് പിന്മാറിയതാണ്.)
ഗുരു കൂടിയായ ഡോ. ബാലകൃഷ്ണന്റെ കീഴില്‍ സംവിധാനസഹായിയായി തുടരുന്ന സമയത്താണ് സ്വതന്ത്രസംവിധായകനാകാനുള്ള അവസരം സത്യനെ തേടിയെത്തുന്നത്. ഒപ്പമുണ്ടായിരുന്ന പി. ചന്ദ്രകുമാര്‍ സ്വതന്ത്രനായെന്ന് മാത്രമല്ല, തിരക്കുള്ള സംവിധായകനായും മാറിയ കാലം. ഒരേസമയം രണ്ടും മൂന്നും ചിത്രങ്ങളുടെ തിരക്കില്‍ ചന്ദ്രകുമാര്‍ നില്ക്കുന്ന സമയത്ത് ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സത്യനെയാണ് ഏല്‍പ്പിച്ചിരുന്നത്. അങ്ങനെ നോക്കിയാല്‍ സ്വതന്ത്രനാകുന്നതിനുമുമ്പേ ആക്ഷനും കട്ടും വിളിച്ചിരുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്.
ജോണ്‍പോളാണ് ചമയത്തിന് തിരക്കഥ എഴുതിയത്. കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രികോണ പ്രണയം. കമലഹാസന്, നെടുമുടിവേണു, അംബിക, ശങ്കരാടി, മണിയന്‍പിള്ള രാജു, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരായിരുന്നു താരനിരയില്‍. കമലിനെവച്ച് ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. ഒരു കഥകളി നടന്റെ വേഷമാണ് കമലിന്. മീശ പാടില്ല. കമല്‍ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന തമിഴ് സിനിമയിലാകട്ടെ മീശ നിര്‍ബ്ബന്ധവുമായിരുന്നു. കണ്ട്യുനിറ്റി പ്രശ്നം ഉണ്ടാകുമെന്നതിനാല്‍ തല്ക്കാലം നെടുമുടിവേണുവിനെവച്ചുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്.
അതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ (റഷസ്സ്) കാണാന്‍ ക്യാമറാമാന് ആനന്ദക്കുട്ടനോടൊപ്പം സത്യന് മദ്രാസിലെത്തി. അതിന്റെ തലേന്ന് നിര്‍മ്മാതാവ് മജീന്ദ്രന് വിളിച്ച് റഷസ്സ് കാണാന്‍ താനുമുണ്ടാകുമെന്ന് അവരെ അറിയിച്ചു. മജീന്ദ്രനെ കാത്തിരുന്ന സത്യനെയും ആനന്ദക്കുട്ടനെയും തേടിയെത്തിയത് ഒരു ദുരന്തവാര്‍ത്തയായിരുന്നു. കൊച്ചിയിലെ വീട്ടില്‍വച്ച് മജീന്ദ്രന് വെടിയേറ്റ് മരിച്ചിരിക്കുന്നു. അതോടെ ‘ചമയ’ത്തിനും ചരമഗീതമായി. അന്ധവിശ്വാസം ചൂഴ്ന്ന് നിന്നിരുന്ന സിനിമാക്കാര്‍ക്കിടയില്‍ സത്യന് ഭ്രഷ്ട് കല്പ്പിക്കപ്പെട്ടവനുമായി.
പക്ഷേ ദൈവം എപ്പോഴും കര്‍മ്മം ചെയ്യുന്നവന്റെ കൂടെയായിരിക്കും. അതിനുവേണ്ടി സ്വയമൊരു തേരാളിയുടെ വേഷം കെട്ടേണ്ടിവന്നാല്പോലും. ഇത്തവണ സത്യനു മുന്നില്‍ ദൈവം പ്രത്യക്ഷനായത് പി.എച്ച്. റഷീദ് എന്ന നിര്‍മ്മാതാവിന്റെ വേഷത്തിലായിരുന്നു. ശിഷ്യനുവേണ്ടി കഥയെഴുതാന്‍ ഗുരുവും മുന്നോട്ട് വന്നപ്പോള്‍ കാര്യങ്ങള്‍ വേഗത്തിലായി.
ഭീരുവും നാണംകുണുങ്ങിയുമായ ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രന്‍ എന്ന തന്റെ നായകനെ കണ്ടെത്തി സത്യന് പ്രഖ്യാപിക്കുമ്പോള്‍ പലരും മൂക്കത്ത് വിരല്‍വച്ചു. പൗരുഷ്യത്തിന്റെ പ്രതിരൂപമായിരുന്ന, നിഷേധിയുടെ ചൂടും ചൂരുമറിഞ്ഞ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സുകുമാരനായിരുന്നു നായകന്. അങ്ങനെയൊരാളെ ഈ രൂപത്തില്‍ പ്രേക്ഷകന് സ്വീകരിക്കുമോ എന്ന സംശയമായിരുന്നു എല്ലാവരും മുന്പോട്ട് വച്ചത്. സത്യന് പക്ഷേ സുകുമാരനില്‍ അവിശ്വാസം ഒട്ടുമില്ലായിരുന്നു.
അതുപോലെ ശിവസുബ്രഹ്മണ്യത്തെ പറഞ്ഞ് തിരുത്താന്‍ വരുന്ന ഒരു കഥാപാത്രം കഥയിലുണ്ട്. വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരത്തെ അതിലേയ്ക്ക് കാസ്റ്റ് ചെയ്യണമെന്നായിരുന്നു ഡോ. ബാലകൃഷ്ണന്റെ നിര്‍ദ്ദേശം. പക്ഷേ സത്യന് തെരഞ്ഞെടുത്തത് മോഹന്‍ലാലിനെയായിരുന്നു.
ലാല്‍ അഭിനയിക്കുന്ന രണ്ട് രംഗങ്ങളാണ് അതിലുള്ളത്. ഒന്ന് ബഹുദൂറിന്റെ മകളെ പെണ്ണ് കാണാന്‍ വരുന്ന രംഗം. രണ്ട് സുകുമാരനും ലാലുമായുള്ള നീണ്ട സംഭാഷണ രംഗം.
പക്ഷേ സിനിമയില്‍ ആദ്യരംഗം മാത്രമേയുള്ളൂ. സിനിമയുടെ നീളം കൂടിപ്പോയോ എന്നൊരു സംശയത്തിന്റെ പേരില്‍ രണ്ടാമത്തെ രംഗം കട്ട് ചെയ്തുപോയി. അത് ഇന്നും പലര്‍ക്കും അറിയാത്ത കാര്യങ്ങളിലൊന്നാണ്.
1982 ഏപ്രില്‍ 1-ാം തീയതിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങ്. ആ ദിവസം പി. ചന്ദ്രകുമാറിന്റെ രണ്ട് പടങ്ങളുടെ ഷൂട്ടിംഗ് ഒരേസമയം നടക്കുന്നുണ്ടായിരുന്നു. ഒരു പടത്തിലെ നായകന് നസീറാണ്. ഷൂട്ടിംഗ് മുടങ്ങരുതെന്ന് കരുതി നസീര്ചിത്രത്തിന്റെ ചുമതല ചന്ദ്രകുമാര്‍ സത്യനെയാണ് ഏല്‍പ്പിച്ചത്.
സത്യന് രാവിലെ 6 മണിക്ക് വിജയാഗാര്ഡനിലെത്തി. നസീറിന്റെ രംഗങ്ങള്‍ പകര്‍ത്തി. ഒന്‍പത് മണിക്ക് ഷൂട്ടിംഗ് ബ്രേക്ക് ചെയ്തു. ‘വേണമെങ്കില്‍ കുറച്ചുകൂടി ഷൂട്ട് ചെയ്യാമെന്ന്’ നസീര്‍ പറഞ്ഞതാണ്. കുറച്ച് മടിയോടെയാണെങ്കിലും സത്യന് അത് വേണ്ടെന്ന് പറഞ്ഞു. നസീര്‍ കാരണം തിരക്കി. തന്റെ ആദ്യസിനിമയുടെ പൂജ ഒന്പതരയ്ക്കാണെന്നുള്ള വിവരം സത്യന് പറയുന്നു. നസീറിനെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളില്‍ ഒന്നുകൂടിയായിരുന്നു അത്.
പൂജ വച്ചിരുന്നത് ഏപ്രില്‍ ഒന്നിനായിരുന്നുവല്ലോ. വിഡ്ഢികളുടെ ദിനമാണ്. അന്നുതന്നെ ഷൂട്ടിംഗ് തെരഞ്ഞെടുത്തത് ഏതായാലും നന്നായെന്ന് പറഞ്ഞ് സുകുമാരന്‍ സത്യനെ കളിയാക്കുകയും ചെയ്തിരുന്നു.
ഷൂട്ടിംഗ് തുടങ്ങിയതോടെ റഷീദിന്റെ പോക്കറ്റ് കാലിയാകാന്‍ തുടങ്ങി. അത് ഷൂട്ടിംഗിനെ ബാധിച്ചില്ലെങ്കിലും യൂണിറ്റംഗങ്ങള്‍ക്ക് ഭക്ഷണംപോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സത്യന്റെ ഈ അവസ്ഥ കണ്ട് സഹായിച്ചത് നടി മീനയാണ്. അവര്‍ സ്വന്തം കൈയില്‍നിന്ന് എടുത്തുകൊടുത്ത പണം കൊണ്ടാണ് അവിടുത്തെ നിത്യചെലവുകള്പോലും കഴിഞ്ഞുപോയത്.
സാമ്പത്തിക പരാധീനതയ്ക്ക് നടുവിലും ചിത്രം പൂര്‍ത്തിയായി. ചിത്രത്തിന് പേരുമിട്ടു. കുറുക്കന്റെ കല്യാണം. ഇനി പടം തീയേറ്ററുകളില്‍ എത്തിക്കണം. പക്ഷേ പടം വിതരണത്തിനെടുക്കാന്‍ ഒരൊളും തയ്യാറായില്ല. സത്യന്റെ അടുത്ത സുഹൃത്തുക്കള്‍പോലും. ഇതിനിടെ സത്യന് ടൈഫോയിഡ് പിടിപെട്ടു. നാട്ടിലെത്തി ഹോസ്പിറ്റലില്‍ അഡ്മിറ്റായി.
പക്ഷേ, എത്ര അവഗണച്ചാലും, കണ്ടില്ലെന്ന് നടിച്ചാലും ഒരാളുടെയും കഠിനാദ്ധ്വാനം വെറുതെയാകില്ല. വൈകിയാണെങ്കിലും സൂരി ഫിലിംസ് കുറുക്കന്റെ കല്യാണം വിതരണത്തിനെടുക്കാന്‍ സമ്മതിച്ചു. നവംബര്‍ 12 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. തൃശൂരിലെ രാംദാസ് തീയേറ്ററുകളിലാണ് കുറക്കന്റെ കല്യാണം റിലീസ് ചെയ്തത്. സ്ക്രീനില്‍ അന്നാദ്യമായി പേര് തെളിഞ്ഞു, സംവിധാനം സത്യന് അന്തിക്കാട്.
Recent Comments