വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു ഭാര്‍ഗ്ഗവിനിലയം. ആ ചിത്രം നീലവെളിച്ചം എന്ന പേരില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന് ആഷിക്ക് അബു. കഥയ്ക്കൊപ്പം ഭാര്ഗ്ഗവിനിലയത്തിലെ പാട്ടുകളും റീമിക്സ് ചെയ്ത് ആഷിക്ക് അബു തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ബാബുരാജിന്റെ മകന് ജബ്ബാര്‍, ആഷിക്ക് അബുവിന്റെ നിര്‍മ്മാണക്കമ്പനിയായ ഒപിഎംന്റെ പേരില്‍ വക്കീല്‍നോട്ടീസ് അയച്ചു. പാട്ടുകള്‍ റീമിക്സ് ചെയ്തത് തങ്ങളുടെ അനുമതിയോടെയല്ലെന്നാണ് അവര്‍ വക്കീല്‍നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകന് ആഷിക്ക് അബു കഴിഞ്ഞ ദിവസം ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ‘ഭാര്ഗ്ഗവിനിലയത്തിലെ പാട്ടുകള്‍ നിയമപരമായി സ്വന്തമാക്കിയതാണ്. ഗാനങ്ങളുടെ പകര്‍പ്പവകാശം ഉണ്ടായിരുന്നവരില്‍നിന്ന് പ്രതിഫലം നല്‍കിയാണ് കരാര്‍ സ്വന്തമാക്കിയത്. നിയമത്തിനപ്പുറം ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ എം.എസ്. ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് നീലവെളിച്ചം സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്നേഹാശംസകള്‍ ലഭിച്ചശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും’ ആഷിക്ക് അബു പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരനായ ബാബുരാജിന്റെ മൂത്ത മകന് ജബ്ബാറിനെ ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെടുന്നത്.
‘വാപ്പയുടെ പാട്ടുകളുടെ എല്ലാ ബൗദ്ധികാവകാശങ്ങളും ഞങ്ങള്‍ ഒന്‍പത് മക്കള്‍ക്കുമുള്ളതാണ്. 1963 ലാണ് ഭാര്ഗ്ഗവിനിലയത്തിലെ ഗാനങ്ങള്‍ വാപ്പ ചിട്ടപ്പെടുത്തിയത്. ആ പാട്ടുകളുടെ റൈറ്റ്സ് നിര്‍മ്മാണക്കമ്പനിക്ക് രേഖാമൂലം വാപ്പ കൊടുത്തിട്ടുണ്ടാവാം. എന്നുകരുതി അതിന്റെ മൗലികസ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. റീമിക്സ് ചെയ്തിരിക്കുന്ന പാട്ടുകളാണ് നീലവെളിച്ചത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനുള്ള അനുമതി ഞങ്ങളോട് തേടിയിട്ടുമില്ല. ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വക്കീല്‍നോട്ടീസ് അയച്ചിട്ടുള്ളത്.
വെള്ളിയാഴ്ച വക്കീല്‍നോട്ടീസ് കൈപറ്റിയിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗികമായ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളെ ആരും വിളിച്ചിട്ടുമില്ല. നീതി തേടി ഞങ്ങള്‍ കോടതിയില്‍ പോവുകയാണ്. പകര്‍പ്പവകാശം സംബന്ധിച്ച രേഖകളുണ്ടെങ്കില്‍ അവര്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെ.’ ജബ്ബാര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments