സീമ ജി. നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ മെസ്സേജുകള്‍ ഇടുമ്പോള്‍ ഇങ്ങനെയൊരു വഴിത്തിരിവുണ്ടാകുമെന്ന് ചോതി പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് ചോതി ശാലു എന്ന ചോതി. ജന്മനാ എല്ല് പൊടിയുന്ന രോഗാവസ്ഥയിലൂടെയാണ് ചോതി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ശാരീരിക വളര്‍ച്ചയില്ല. അടുത്ത കാലംവരെ നടക്കാനും കഴിയുമായിരുന്നില്ല. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്താല്‍ നടക്കാം. ചോതിയുടെ ഒരു വലിയ സ്വപ്നമായിരുന്നു റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പോയി പാടണമെന്നുള്ളത്. പാട്ട് പഠിച്ചിട്ടില്ല. റേഡിയോയിലും ടിവിയിലുമൊക്കെ കേള്‍ക്കുന്ന പാട്ടുകള്‍ കേട്ട് പഠിച്ചിട്ടാണ് അവള് പാടിയിരുന്നത്. അതില്‍ പലതും ചോതിയുടെ യുട്യൂബില്തന്നെ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആ പാട്ടുകളുടെ ലിങ്കിനൊപ്പം സ്റ്റുഡിയോയില്‍ പോയി പാടണമെന്നുള്ള സ്വപ്നം കൂടി പങ്കുവച്ചാണ് എന്നത്തെയുംപോലെ സീമയുടെ ഫെയ്സ്ബുക്കിന് കീഴെ അവള് പോസ്റ്റിട്ടത്. ഇത്തവണ സീമ പോസ്റ്റ് കാണാനിടയായി. ഇനിയുള്ള കാര്യങ്ങള്‍ നമുക്ക് സീമയില്‍നിന്ന് കേള്‍ക്കാം.
‘ഞാന്‍ മെസഞ്ചറില്‍ ചോതിയുടെ നമ്പര്‍ ആവശ്യപ്പെട്ടു. നമ്പര്‍ കിട്ടിയപ്പോള്‍ വിളിച്ചു. അപ്പോഴാണ് ചോതിയുടെ ശാരീരികാവസ്ഥകളെക്കുറിച്ച് അറിയുന്നത്. പിന്നീട് അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടത്തിലായിരുന്നു. സുഹൃത്ത് കൂടിയായ വിവേക് മുഴക്കുന്ന് വരികള്‍ എഴുതിത്തന്നു. എന്റെ സഹോദരന് എം.ജി. അനില്‍ അതിന് ഈണമിട്ടു. ഒരു ഷൂട്ടിംഗിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഞാന്‍ ചോതിയെ അവിടെയുള്ളൊരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. അവിടെവച്ച് അവള് മനോഹരമായി പാടി. ആ സമയത്ത് അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.’ സീമ തുടര്‍ന്നു.
‘ആ പാട്ട് വിഷ്വലൈസ് ചെയ്താല്‍ കൊള്ളാമെന്ന് തോന്നി. കൃഷ്ണനെക്കുറിച്ചുള്ള ഒരു പാട്ടായിരുന്നു അത്. ഞാനും കൃഷ്ണഭക്തയാണ്. ചോതിയും അതെ. ഗുരുവായൂര്‍ അമ്പലനടയില്‍ പോയി ചിത്രീകരിക്കാന്‍ തീരുമാനിച്ചു. ചോതിയെ അവിടേയ്ക്ക് വിളിച്ചു വരുത്തി. ഷൂട്ടിംഗ് പെര്മിഷനുള്ള കാശൊക്കെ ഞാന്‍ തന്നെയാണ് ദേവസ്വത്തില്‍ അടച്ചത്. ഗുരുവായൂരപ്പന്റെ മുന്നില്‍വച്ച് ആ പാട്ട് ഷൂട്ട് ചെയ്തു. അതും ഗംഭീരമായി. അതിനുശേഷം മനോരമ മ്യൂസിക് ആ പാട്ട് ഏറ്റെടുക്കുകയും ചെയ്തു.’ സീമ പറഞ്ഞു.
ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ചോതിയുടെ പാട്ട്. നിരവധിപ്പേരാണ് ആ പാട്ട് കേട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്നവരും ഏറെയാണ്. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്ന സീമ ജി. നായര്‍ക്കാണ് ചോതി എല്ലാം സമര്‍പ്പിക്കുന്നത്, പിന്നെ കൃഷ്ണനും.
‘പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം ഞാനും ഗുരുവായൂരില്‍ പോയിരുന്നു. അന്നെനിക്ക് നടക്കാന്‍ കഴിയുമായിരുന്നില്ല. അമ്മ എടുത്തുകൊണ്ടാണ് പോയത്. അന്ന് അമ്പലത്തിന് പുറത്തുനിന്നാണ് തൊഴുതത്. കണ്ണനെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇത്തവണ അതിനും ഭാഗ്യമുണ്ടായി. എല്ലാം കണ്ണന്റെ ലീലാവിലാസങ്ങള്‍. പ്രേക്ഷകര്‍ പാട്ട് ഏറ്റെടുത്തുവെന്നുകൂടി അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായി. നന്ദി, വെറും വാക്കുകളില്മാത്രമായി ഒതുക്കാനാവില്ല. എല്ലാവരും എന്റെ ഹൃദയത്തിലുണ്ടാകും. ഇനിയും പാടാന്‍ അവസരം കിട്ടിയാല്‍ പാടണം. അതാണ് ഇനിയുള്ള ആഗ്രഹം.’ ചോതി പറഞ്ഞു.
Recent Comments