സജന പകര്‍ത്തുന്ന ആദ്യചിത്രമല്ല ദുല്‍ഖര്‍ സല്മാന്- അമാല്‍ സൂഫിയ ദമ്പതികളുടേത്. അതിനുമുമ്പും നിരവധി സെലിബ്രിറ്റികള്‍ സജനയുടെ ക്യാമറയ്ക്ക് മുന്നില്‍ മോഡലുകളായിട്ടുണ്ട്. അക്കൂട്ടത്തില്‍ കത്രീന കൈഫും തപ്സി പന്നുവും റിച്ചാ ഛദ്ദയും അന്നാബെന്നും ശ്രിന്ദയും അരുണ്‍ കുര്യനുമടക്കം നിരവധി പേരുകാരുണ്ട്. തന്റെ പോര്‍ട്ട് ഫോളിയോയില്‍ എല്ലാ സെലിബ്രിറ്റികളുടെയും ചിത്രം ഉണ്ടാകണമെന്ന് സജന ആഗ്രഹിക്കുന്നു.
സജനയെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രാഫി അവര്‍ക്കൊരു വിനോദമല്ല, പാഷനാണ്. അത് അങ്ങനെയേ വരൂ. മുത്തച്ഛനും അച്ഛനും അച്ചന്റെ സഹോദരങ്ങളും ഫോട്ടോഗ്രാഫിയിലെ അതികായകരാണ്. മുത്തച്ഛന് ശിവന്, അച്ഛന് സംഗീത് ശിവന്. സന്തോഷ് ശിവനും സഞ്ജീവ് ശിവനും അച്ഛന്റെ സഹോദരങ്ങള്‍. അച്ഛന്റെ അടുക്കല്‍നിന്നാണ് ഇവരെല്ലാം ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിച്ചതും വളര്‍ന്നതും. സജനയുടെയും ആദ്യഗുരു മുത്തച്ഛനാണ്. പിന്നീട് അച്ഛനില്‍നിന്നും നിശ്ചല ഛായാഗ്രഹണ കലയുടെ മര്‍മ്മങ്ങള്‍ ഗ്രഹിച്ചു. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റില്‍നിന്ന് ഒന്‍പതാംക്ലാസ് പഠനം പൂര്‍ത്തിയാക്കി മുംബയില്‍ ചേക്കേറിയ സജന ഡിഗ്രി പൂര്‍ത്തിയാക്കിയശേഷമാണ് പൂര്‍ണ്ണമായും ഫോട്ടോഗ്രാഫിയിലേയ്ക്ക് കാല് വയ്ക്കുന്നത്. അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. പിന്നീട് സ്വതന്ത്രയായി. നിരവധി പരസ്യകമ്പനികള്‍ക്ക് വേണ്ടിയും എണ്ണമറ്റ ഫോട്ടോകള്‍ പകര്‍ത്തി.
അടുത്തിടെ മുംബയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ദുല്‍ഖറും അമാലും എത്തിയപ്പോഴാണ് സന ഇരുവരുടെയും ഫോട്ടോകള്‍ പകര്‍ത്തിയത്. ഒരു ഡിസൈനേഴ്സ് ഗ്രൂപ്പിനുവേണ്ടിയാണ് സജന ഈ ചിത്രങ്ങള്‍ എടുത്തത്. ചിത്രങ്ങള്‍ വൈറലായതോടെയാണ് സജന എന്ന ഫോട്ടോഗ്രാഫറെ ആളുകള്‍ കൂടുതല്‍ തിരയാന്‍ തുടങ്ങിത്.
‘ദുല്‍ഖറും അമാലും വളരെ ഡൗണ്ട് ടു എര്‍ത്താണ്. വളരെ ശാന്തമാണ് ദുല്‍ഖറിന്റെ കണ്ണുകള്‍. ഫോട്ടോ എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ കണ്ണുകളിലേയ്ക്ക് ആരും ഒന്ന് നോക്കിപ്പോകും. അത്രയും വശ്യത കണ്ണുകള്‍ക്കുണ്ട്.’ ദുല്‍ഖറിന്റെ ഫോട്ടോ പകര്‍ത്തിയ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സജന പറഞ്ഞു.
‘ഏതെങ്കിലും ഫംഗ്ഷനില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴാണ് താരങ്ങളുടെ ഫോട്ടോ എടുക്കാന്‍ ഏറെയും അവസരങ്ങള്‍ ഒരുങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സമയക്കുറവുണ്ടാകും. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ചിത്രങ്ങള്‍ എടുക്കുക എന്നത് വെല്ലുവിളിയാണ്. ദുല്‍ഖറിന്റെയും അമാലിന്റെയും ഫോട്ടോ പകര്‍ത്തുമ്പോള്‍ ഈ സമയക്കുറവ് ഉണ്ടായിരുന്നു. എന്നിട്ടും ഇരുവരും നന്നായി സഹകരിച്ചു. ആഡ് എജന്‍സികള്‍ക്ക് വേണ്ടിയാകുമ്പോള്‍ സമയത്തിന്റെ ടെന്ഷന്സുകളൊന്നും ഉണ്ടാകാറില്ല.’ സജന പറഞ്ഞു.
ആദ്യചിത്രം എടുത്തത് എന്നാണെന്ന് സജന കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാല്‍ സ്വന്തമായി ലൈറ്റ് അപ്പ് ചെയ്ത് ആദ്യ ഫോട്ടോ പകര്‍ത്തിയത് വീട്ടിലെ ഡ്രൈവറുടെ മകളുടേതാണെന്ന് സജന പറയുന്നു. ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് സജന ഇപ്പോള്‍.
‘നിര്‍മ്മിക്കുകയാണെങ്കില്‍ അത് മലയാളചിത്രങ്ങളായിരിക്കും. അതിനുമുമ്പ് അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ട്. അതിനുശേഷമേ നിര്‍മ്മാണരംഗത്ത് സജീവമാകൂ. അപ്പോഴും ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെയാണ് ഉദ്ദേശ്യം.’ സജന പറഞ്ഞുനിര്‍ത്തി.
വിവാഹിതയാണ് സജന സംഗീത് ശിവന്. ദീപക് തോമസാണ് ഭര്‍ത്താവ്. പതിനേഴ് മാസം പ്രായമുള്ള ഒരു മകനുണ്ട്. സാഹസ് എന്നാണ് പേര്. ഇപ്പോള്‍ സാഹസിനെയും കൂട്ടിയാണ് സജന ഫോട്ടോ ഷൂട്ടുകളില്‍ പങ്കെടുക്കുന്നത്.
Recent Comments