നാല്‍പ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമായിരുന്നു നീതി കൊടുങ്ങല്ലൂര്‍. ഒരു കാലത്ത് നീതി എന്ന പേര് എഴുതിക്കാണിക്കുമ്പോള്പോലും ആകാംക്ഷാഭരിതരായിരുന്ന കാലഘട്ടമുണ്ടായിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം വാടകവീട്ടില്‍ കഴിഞ്ഞിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വാര്‍ത്ത ആദ്യം കൊണ്ടുവന്നതും കാന്‍ ചാനലായിരുന്നു. നീതിയുമായുള്ള അഭിമുഖം കണ്ടയുടന്‍ സുരേഷ് ഗോപി അദ്ദേഹത്തിന് വീട് നിര്‍മ്മിച്ച് നല്കാന് തയ്യാറാകുകയായിരുന്നു.
മാസങ്ങള്‍ക്കുള്ളില്‍ വീടിന്റെ പണി പൂര്‍ത്തിയായി. ഇന്ന് രാവിലെയായിരുന്നു വീടിന്റെ ഗൃഹപ്രവേശനം. 9.30 മണിക്കാണ് ചടങ്ങ് നടത്താനിരുന്നത്. അര മണിക്കൂര്‍ വൈകി സുരേഷ് ഗോപി എത്തി. നീതിയുടെ വീടിന് തറക്കല്ലിട്ട സത്യന് അന്തിക്കാടും തൊട്ടുപിന്നാലെ എത്തി. പിന്നീട് അതിഥിയുടെ വേഷത്തിലായിരുന്നില്ല, ആതിഥേയനായി സുരേഷ് ഗോപി എല്ലാ കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്കി. നീതിയുടെ ഭാര്യ നിലവിളക്ക് കൊളുത്തി, തൊട്ടുപിന്നാലെ മരുമകള്‍ ഒരു കുടം വെള്ളവുമായി വീടിനകത്തേയ്ക്ക് കയറി. പാല് കാച്ചല് ചടങ്ങുകളെല്ലാം സുരേഷ് ഗോപിയുടെ നിര്‍ദ്ദേശത്തോടെയാണ് പൂര്‍ത്തിയായത്. അതിനുശേഷം കുടുംബാംഗങ്ങള്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടവും നല്കി. സത്യന് അന്തിക്കാടിന് കോടിയും ദക്ഷിണയുമാണ് അദ്ദേഹം നല്‍കിയത്.
‘ഇത് വിഷുക്കണിയല്ല, ദക്ഷിണയാണ്. നീതിയുടെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചതിനുള്ള എന്റെ ദക്ഷിണ. വിഷുക്കണി നേരിട്ട് ഞാന്‍ വീട്ടിലെത്തിക്കുന്നുണ്ട്.’ സുരേഷ് ഗോപി പറഞ്ഞു.
‘സുരേഷ് പറഞ്ഞിട്ടാണ് ഞാന്‍ കല്ലിടീല്‍ കര്മ്മത്തിന് എത്തിയത്. കാന്‍ ചാനലില്‍ വന്ന വാര്‍ത്ത കണ്ടിട്ടാണ് ഇങ്ങനെയൊരു കര്മ്മത്തിന് സുരേഷ് ഗോപി മുന്നോട്ട് വന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് രാഷ്ട്രീയഭേദങ്ങളൊന്നുമില്ല. ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് സുരേഷ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെയും ഭാഗ്യമാണ്.’ സത്യന് അന്തിക്കാട് പറഞ്ഞു.
നീതിക്കും കുടുംബാംഗങ്ങള്‍ക്കും മുണ്ടും നേരിയതും ഒപ്പം വിഷു കൈനീട്ടവും സുരേഷ് ഗോപി നല്കി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്തതിന് പിന്നാലെയാണ് അദ്ദേഹം മടങ്ങിയത്.
പ്രശസ്ത ചിത്രകാരന് ജാവന് ചാക്കോ സുരേഷ് ഗോപിക്ക് താന്‍ വരച്ച ഒരു ഗ്ലാസ് പെയിന്റിംഗ് അദ്ദേഹത്തിന് നല്കി. അകാലത്തില്‍ മരിച്ചുപോയ സുരേഷിന്റെ മകള്‍ ലക്ഷ്മിയുടെ മുഖം ഉള്‍ക്കൊള്ളുന്നതായിരുന്നു ആ പെയിന്റിംഗ്. ഹൃദയപൂര്‍വ്വം സുരേഷ് അത് ഏറ്റുവാങ്ങി. നീതിയുടെ ഗൃഹപ്രവേശത്തിന് സാക്ഷികളാകാന്‍ പോസ്റ്റര്‍ ഡിസൈനേഴ്സ് യൂണിയന്റെ ഭാരവാഹികളായ ഗായത്രി അശോകന്, കോളിന്‍സ്, രമേശ് എന്നിവരും ചടങ്ങില്‍ എത്തിയിരുന്നു.
Recent Comments