രാവിലെ നാലു മണിക്ക് എഴുന്നേറ്റു. പതിവില്ലാത്തവിധം പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തോരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. പക്ഷേ മഴയ്ക്ക് ഒരു ശമനവും ഉണ്ടായില്ല. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ഷൂട്ടിംഗ് മുടങ്ങും.
തലേന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടാണ് എല്ലാവരും മടങ്ങിയത്. അടുത്ത ദിവസം ക്ലൈമാക്സ് രംഗമാണ് ചിത്രീകരിക്കേണ്ടത്. ആര്ട്ടിസ്റ്റുകളെല്ലാവരുമുണ്ട്. ഫൈറ്റ് മാസ്റ്റര്‍ വിജയനടക്കം 25 പേരാണുള്ളത്. ഹെലികോപ്ടറിന്റെ പൈലറ്റ് ഉള്‍പ്പെടെ പത്തോളംപേര്‍. പതിവ് ഷൂട്ടിംഗ് സംഘങ്ങള്‍ വേറെയും. എല്ലാവരോടും ആറ് മണിക്ക് ലൊക്കേഷനിലേയ്ക്ക് പുറപ്പെടാനാണ് പറഞ്ഞിരുന്നത്. 8 മണിക്ക് ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു പ്ലാന്‍.
മഴ എല്ലാം തകിടം മറിക്കുമെന്ന് തോന്നിച്ചു. ഇതിനിടെ നിര്‍മ്മാതാവ് ഹരിഹരന്‍സാറിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹമൊരു സഹൃദയനും ദയാലുവുമായിരുന്നു. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു.
എനിക്കൊരു അസിസ്റ്റന്റുണ്ട്. സുധാകരന്. അവനോട് മഹാലിംഗപുരത്തുള്ള ശാസ്താവിന്റെ ക്ഷേത്രത്തില്പോയി ഒരു തേങ്ങ ഉടയ്ക്കാന്‍ പറഞ്ഞു.
ഏതായാലും ഏഴ് മണിയോടെ മഴയ്ക്കൊരു തോര്‍ച്ച കണ്ടു. അല്‍പ്പം കഴിഞ്ഞ് ആകാശവും തെളിഞ്ഞു. എല്ലാവരോടും തയ്യാറായിക്കൊള്ളാന്‍ നിര്‍ദ്ദേശം നല്കി.
എന്നിട്ടും ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഹെലികോപ്ടറിലുള്ള രംഗങ്ങളാണ് ആദ്യം പകര്‍ത്തുന്നത്. അന്ന് രാവിലെയും റിഹേഴ്സല്‍ നടന്നിരുന്നു. മൂന്ന് ക്യാമറകളിലാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിംഗ് നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ബ്രേക്കിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ഇടയ്ക്ക് തിരക്കിയിരുന്നു. വൈകി ഭക്ഷണം കഴിഞ്ഞതുകൊണ്ട് ഷൂട്ടിംഗ് തുടരട്ടെ എന്നായിരുന്നു എല്ലാവരുടെയും തീരുമാനം.
ഉച്ചയ്ക്ക് രണ്ടരയോടെ സംവിധായകന് ബ്രേക്ക് പറഞ്ഞു. അതിനോടകം ആവശ്യത്തിലേറെ ഷോട്ടുകളും അദ്ദേഹം പകര്‍ത്തിയിരുന്നു.
‘സര്, അവസാനത്തെ ഷോട്ട് എങ്ങനെയുണ്ട്?’ ജയന്റെ ചോദ്യം.
‘നന്നായിട്ടുണ്ട്. ആവശ്യത്തിലേറെ ഷോട്ടുകളും നമ്മുടെ കൈവശമുണ്ട്.’ സംവിധായകന് പി.എന്‍. സുന്ദരം പറഞ്ഞു.
‘സര്, എനിക്കൊരു തൃപ്തി പോര. നമുക്ക് ഒന്നുംകൂടി എടുത്താലോ?’ ജയന് ആവര്‍ത്തിച്ചു.
പി.എന്‍. സുന്ദരം വീണ്ടും നിരുത്സാഹപ്പെടുത്തി. പക്ഷേ ജയന് തയ്യാറായില്ല. സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തിന് വര്‍ദ്ധിച്ച ആവശമാണ്. അതുതന്നെ ഇവിടെയും സംഭവിച്ചു.
മനസ്സില്ലാമനസ്സോടെ സംവിധായകന് റീടേക്ക് പറഞ്ഞു. ഷോട്ടിനുമുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജയനോടും ബാലന് കെ. നായരോടും പ്രത്യേകം നിര്‍ദ്ദേശം നല്കി.
ഹെലികോപ്ടര്‍ ഉയര്‍ന്നുകഴിഞ്ഞ് ഒരു നിശ്ചിത ദൂരം പിന്നിട്ടാല്‍ സീറ്റ് ബെല്‍റ്റ് അഴിക്കാനോ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാനോ പാടില്ലെന്നായിരുന്നു ബാലന് കെ. നായര്‍ക്ക് നല്കിയ നിര്‍ദ്ദേശം. ലാന്റിംഗ് ബാറില്‍ തൂങ്ങിപ്പിടിച്ചു നില്ക്കുന്ന ജയനോടും അനങ്ങാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.
സംവിധായകന് ആക്ഷന്‍ പറഞ്ഞു. ഹെലികോപ്ടര്‍ സാവധാനം ഉയര്‍ന്നുപൊങ്ങി. 100 അടി ഉയരത്തില്‍ എത്തിയപ്പോഴേക്കും താരങ്ങള്‍ അഭിനയം മറന്ന് ജീവിക്കാന്‍ തുടങ്ങി.
ജയന് ലാന്റിംഗ്ബാറില് പിടിച്ച് നില്ക്കെത്തന്നെ അങ്ങോട്ടും ഇങ്ങോട്ടും ആയാന് തുടങ്ങി. ഹെലികോപ്ടറിനുള്ളിലേയ്ക്ക് വലിഞ്ഞുകയറാനുള്ള ശ്രമമാണ്. ഇതുകണ്ട് ബാലന് കെ. നായരും സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുന്നേറ്റുവന്ന് പ്രത്യാക്രമണം തുടങ്ങി. രണ്ടുപേരും ഒരേവശത്തേയ്ക്ക് വന്നതോടെ ഭാരം കാരണം നിയന്ത്രണം വിട്ട് ഹെലികോപ്ടര്‍ താഴേയ്ക്ക് വന്നു. ജയന്റെ കാല്‍മുട്ട് തറയില്‍ ഇടിച്ച നിമിഷം ലാന്റിംഗ് ബാറില്‍നിന്ന് അദ്ദേഹം കൈവിട്ടു. അതോടെ തലയിടിച്ചായിരുന്നു വീഴ്ച. ഉടനെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആ അപകടം കവര്‍ന്നുകൊണ്ടുപോയത് മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍താരത്തിന്റെ ജീവിതമായിരുന്നു.
മരണം അങ്ങനെയാണ്. അത് അതിന്റെ വഴി തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അണുവിട അതില്‍നിന്ന് വ്യതിചലിക്കില്ല.
അല്ലായിരുന്നുവെങ്കില്‍ അന്ന് നിര്‍ത്താതെ മഴ പെയ്യാമായിരുന്നു. നിര്‍മ്മാതാവിന് നഷ്ടങ്ങളുണ്ടാകുമെങ്കിലും ഷൂട്ടിംഗ് മുടങ്ങും. അപകടം ഉണ്ടാക്കിയ ആ രംഗം ഷൂട്ട് ചെയ്യുമായിരുന്നില്ല. മരണം വഴിമാറിയേനെ.
അതല്ലെങ്കില്‍ ആരായിരിക്കും ജയനെക്കൊണ്ട് റീടേക്ക് എടുക്കാന്‍ പറയിപ്പിച്ചത്. മരണത്തിലേയ്ക്കുള്ള തിരക്കഥ അല്ലെങ്കില്‍ അദ്ദേഹം സ്വയം തിരുത്തി എഴുതുമായിരുന്നില്ലല്ലോ.
ഏതായാലും മരണദേവന് വഴിപെടാതെ തരമില്ല. അത് ഇച്ഛിക്കുന്ന സമയത്തുതന്നെ സംഭവിക്കും.
ജയന്റെ മരണത്തോടെ നഷ്ടപ്പെട്ടത് ഒരു നടനെ മാത്രമല്ല. നല്ലൊരു മനുഷ്യസ്നേഹിയെ കൂടിയായിരുന്നു. സ്നേഹിക്കാന്‍ മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ. അക്കാര്യത്തില്‍ വലിപ്പചെറുപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.
(കോളിളക്കം എന്ന സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിരുന്നു കല്ലിയൂര്‍ ശശി. അതിന് മുന്‍പും പിന്‍പും ധാരാളം സിനിമകളുടെ നിര്‍മ്മാണ കാര്യദര്‍ശിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പില്ക്കാലത്ത് നിര്‍മ്മാതാവുമായി.)
Recent Comments