റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് സംഭവം നടന്ന രാത്രിയില്‍. അര്ജുന് അശോകനും മുബിന് എന്‍. റാഫിയുമാണ് നായകന്മാര്. ദേവികാ സഞ്ജയ് ആണ് നായിക.
തിരക്കഥാകൃത്തും സംവിധായകനും നടനുമായ റാഫിയുടെ മകനാണ് മുബിന്. അനുപംഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ആക്ടിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ മുബിന്, റാഫിക്കും ഷാഫിക്കുമൊപ്പം സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളത് നാദിര്‍ഷയുടെയും സ്വപ്നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ റാഫിയുടെ മകന് മുബിന് ചിത്രത്തിലെ നായകനാകുന്നു എന്ന അസാധാരണത്വവും കടന്നുവരികയാണ്. കട്ടപ്പനയിലെ ഋത്വിക്ക് റോഷനിലൂടെ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനായി അവതരിപ്പിച്ച നാദിര്‍ഷ മുബിനെയും തന്റെ പുതിയ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും. തൊട്ടുപിന്നാലെ ഷൂട്ടിംഗും ആരംഭിച്ചു. എറണാക്കുളത്തിന് പുറമെ ഹൈദരാബാദാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ഒരു കോമഡി ത്രില്ലറാണ് ചിത്രം.
കലന്തൂര്‍ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കലന്തൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ഡി. മേനോനാണ് ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു. മേക്കപ്പ് റോണക്സ് സേവ്യര്‍. കോസ്റ്റിയൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, പ്രൊജക്ട് ഡിസൈനര്‍ സൈലെക്സ് എബ്രഹാം. പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല, പി.ആര്.ഒ. വാഴൂര്‍ജോസ്, ഫോട്ടോ യൂനസ് കുണ്ടായ്.
Recent Comments