ഇന്നസെന്റിന് പിന്നാലെ മറ്റൊരു ചിരികൂടി മാഞ്ഞിരിക്കുന്നു- മാമുക്കോയ. ഇന്ന് രാവിലെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് വിളിച്ചിരുന്നു. മകളാണ് ഫോണെടുത്തത്. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മകള്‍ പറഞ്ഞത്. വെന്റിലേറ്ററിലേയ്ക്ക് മാറ്റുമ്പോഴും അദ്ദേഹം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചു. കാരണം ഇതിനേക്കാളും പ്രതിസന്ധികളെ അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ മരണദൂതന് എത്തിയപ്പോഴും മാമു സധൈര്യം നേരിട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. സിനിമയില്‍ സജീവമാകാനും തുടങ്ങിയിരുന്നു…
ഇന്നസെന്റ് മരിച്ചപ്പോള്‍ മാമുക്കോയ ദൂബായിലായിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി പോയതായിരുന്നു അദ്ദേഹം. മടങ്ങി എത്തിയശേഷം അദ്ദേഹം ഇന്നസെന്റിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മാമുവിന്റെ ഏറ്റവും ഒടുവിലത്തെ സ്വകാര്യ സന്ദര്‍ശനവും അതായിരുന്നു എന്ന് പറയാം.
അതിനുശേഷം തിങ്കളാഴ്ച രാത്രി കാളിക്കാവ് പൂത്തോട് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടകനായിട്ടാണ് എത്തിയത്. അവിടെവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പെട്ടെന്നുതന്നെ വണ്ടൂരിലെ നിംസ് ഹോസ്പിറ്റലില്‍ എത്തിച്ചു. ഹോസ്പിറ്റലില്‍ എത്തുംമുമ്പേ ഹൃദയസ്തംഭനം നടന്നുകഴിഞ്ഞിരുന്നു. ചികിത്സ ആരംഭിച്ചു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ വീണ്ടും ഹൃദയസ്തംഭനം ഉണ്ടായി. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മാമുക്കോയയെ വെന്റിലറിലേയ്ക്ക് മാറ്റി. ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
കല്ലായി കൂപ്പുകളിലെ മരം അളവുകാരനായിരുന്നു മാമുക്കോയ. പിന്നീട് നാടകനടനായി. 150 ല്‍പരം നാടകങ്ങളില്‍ അഭിനയിച്ചു. 1979 ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സത്യന് അന്തിക്കാട് എന്ന സംവിധായകനാണ് മാമുക്കോയയെ മലയാളികളുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കോഴിക്കോടന്‍ സ്ലാംങും ചിരിയും എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സത്യന് കഴിഞ്ഞു. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തു. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാനപുരസ്ക്കാരവും നേടി. ഉരു എന്ന ചിത്രത്തിലാണ് മാമുക്കോയ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. സുഹറയാണ് ഭാര്യ. മുഹമ്മദ് നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.
Recent Comments