താനൂര്‍ ബോട്ടപകടം ഉണ്ടായതിന് പിന്നാലെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് 2018 എന്ന സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയായിരുന്നു. ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന് വിളിച്ച് പറഞ്ഞിട്ടാണ് താനതിന് തയ്യാറായതെന്നും ഇക്കാര്യം ആന്റോ ജോസഫുമായി സംസാരിച്ച് അവര്‍ക്ക് ധനസഹായത്തുക എത്തിക്കുമെന്നുമാണ് വേണു പറഞ്ഞത്.
ഇതിന് പിന്നാലെ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് 11 ലക്ഷം രൂപ ഇന്ന് രാവിലെ മലപ്പുറം കളക്ടറേറ്റില്‍ എത്തി കളക്ടര്‍ക്ക് കൈമാറി. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നല്കി. ഒപ്പം നിര്‍മ്മാതാക്കളായ ഐന്സ്റ്റിന് മീഡിയയും അപ്പുപാത്തുപാപ്പു പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സഹായത്തുക 11 ലക്ഷം രൂപ ആക്കിയത്.
ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആന്റണിയുടെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് നടക്കുന്ന ഒരു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത്രയും തുക കൊടുക്കുന്നതും മലയാള സിനിമാചരിത്രത്തില്‍ ആദ്യമാണ്. ഈ സഹായംകൊണ്ട് കുടുംബങ്ങളുടെ കണ്ണുനീരിന് ചെറിയ ശമനമാകുമെങ്കില് അത് വലുതായി കാണുന്നെന്നും താരങ്ങള്‍ പ്രതികരിച്ചു.
Recent Comments